യുഎഇ ആസ്ഥാനമായ ഇകൊമേഴ്‌സ് പോര്‍ട്ടല്‍ ആനകാര്‍ട്ട്.കോമിന് തുടക്കം

38
ആനകാര്‍ട്ട്.കോമിനെ കുറിച്ച് സിദ്ദിഖ് ഉസ്മാന്‍ വിശദീകരിക്കുന്നു. രാജന്‍ മാരാത്ത്, സലീം കമ്മല, ജിബിന്‍ ജയന്‍, ഷിബു കുറുപ്പ് സമീപം

ദുബൈ: ഇത്തിസാലാത്ത് അക്കാദമിയില്‍ കഴിഞ്ഞ ദിവസം നടന്ന ‘മ്മ്‌ടെ തൃശ്ശൂര്‍’ പൂരം ഫെസ്റ്റിവലില്‍ യുഎഇ ആസ്ഥാനമായ ഇകൊമേഴ്‌സ് പോര്‍ട്ടല്‍ ‘ആനകാര്‍ട്ട്.കോം’ സമാരംഭിച്ചു. യുഎഇ മുന്‍ പരിസ്ഥിതി-ജല മന്ത്രി ഡോ. മുഹമ്മദ് സഈദ് അല്‍ കിന്ദിയാണ് സമാരംഭം കുറിച്ചത്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി, ആനകാര്‍ട്ട്.കോം സിഇഒ സിദ്ദിഖ് ഉസ്മാന്‍, എംഡി രാജന്‍ മാരാത്ത്, ഡയറക്ടര്‍മാരായ സലീം കമ്മല, ജിബിന്‍ ജയന്‍, ഷിബു കുറുപ്പ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വെബ്‌സൈറ്റ് പോര്‍ട്ടലും മൊബൈല്‍ ആപ്‌ളികേഷനുമടങ്ങിയ ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്‌ളേസായ ആനകാര്‍ട്ട്.കോമിലൂടെ ഫ്രഷ് പഴം-പച്ചക്കറികള്‍, ഇറച്ചി തുടങ്ങിയവയുടെ ഡെലിവറി സുഗമമായി നടത്തുന്നു. രാസവസ്തുക്കളും പ്രിസര്‍വേറ്റീവുകളുമില്ലാത്ത തികച്ചും പ്രകൃതിദത്തമായ പഴങ്ങള്‍, പച്ചക്കറികള്‍, മല്‍സ്യം, കടല്‍ വിഭവങ്ങള്‍, ഇറച്ചി, പാലുല്‍പന്നങ്ങള്‍, സ്റ്റീക്‌സ്, ഫില്ലെറ്റ്‌സ്, റെഡി റ്റു കുക്ക് ഉല്‍പന്നങ്ങള്‍, പ്രോസസ്സ് ചെയ്ത ഉല്‍പന്നങ്ങള്‍, ഗ്രോസറി, ഫ്രഷ് പൂക്കള്‍ എന്നിവ സൗജന്യമായി തങ്ങള്‍ ഡെലിവറി നടത്തുന്നുവെന്ന് ലീ മെറിഡിയന്‍ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആന കാര്‍ട്ട്.കോം അധികൃതര്‍ പറഞ്ഞു.
ദുബൈ, ഷാര്‍ജ, അജ്മാന്‍ എമിറേറ്റുകളിലുള്ളവര്‍ക്കാണ് നിലവില്‍ ഡെലിവറിയുള്ളത്. ഉടന്‍ തന്നെ യുഎഇ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ മേഖലകളില്‍ കൂടി മികച്ച നിരക്കില്‍ സ്‌പെഷ്യല്‍ ഓഫറുകളോടെ നിലവാരമുള്ള ഉല്‍പന്നങ്ങളെത്തിക്കും. ജെവിസി, അല്‍വര്‍സാന്‍, മുവെയ്‌ല (ഷാര്‍ജ), ഖിസൈസ് എന്നിവിടങ്ങളില്‍ വിതരണ ഹബ്ബുകളുണ്ട്. 15 വര്‍ഷത്തെ ലോജിസ്റ്റിക്‌സ് പരിചയവും 30 വര്‍ഷത്തെ ഫ്രഷ് ഉല്‍പന്ന ബിസിനസ് അനുഭവങ്ങളും തങ്ങളെ വ്യത്യസ്തമാക്കുന്നുവെന്ന് സാരഥികള്‍ അവകാശപ്പെട്ടു.
സിദ്ദിഖ് ഉസ്മാന്‍, രാജന്‍ മാരാത്ത്, സലീം കമ്മല, ജിബിന്‍ ജയന്‍, ഷിബു കുറുപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.