അമ്പതിന്റെ വമ്പില്‍ ഇമാറാത്ത്

11

ഐക്യ അറബ് ഇമാറാത്തുകള്‍ (യുഎഇ) എന്ന മഹത്തായ രാജ്യം അമ്പതാം ദേശീയ ദിനാഘോഷ പ്രൗഢിയില്‍ ജ്വലിച്ചു നില്‍ക്കുകയാണ്. താണ്ടിയ കനല്‍ പഥങ്ങളെക്കാള്‍ ഏറെ കുതിക്കാനുണ്ടെന്ന ബോധ്യത്തില്‍ ഐക്യ ബോധത്തോടെ അടുത്ത അമ്പത് വര്‍ഷങ്ങളിലേക്കുള്ള സ്വപ്ന പദ്ധതികളുടെ തയാറെടുപ്പിലാണ് ഈ നാട്. വളര്‍ന്നു വരുന്ന തലമുറകള്‍ക്കും ഭാവി സമൂഹങ്ങള്‍ക്കുമുള്ള വിഭവങ്ങള്‍ക്കായുള്ള ചിന്തകള്‍ സത്യസന്ദേശകരായ പ്രവാചകന്മാരും നടത്തിയിരുന്നു. ആ പാതയിലാണ് യുഎഇയും.
ഇബ്രാഹിം നബി (അ) സന്തതികള്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും ആത്മീയവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിയോടെ ഭാസുരമായ ഭാവി ഉണ്ടാവാനായി പ്രാര്‍ത്ഥിക്കുന്നത് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: ഞങ്ങളുടെ നാഥാ, ആ ജനതതിക്കും നിന്റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും വേദഗ്രന്ഥവും തത്ത്വജ്ഞാവും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നിയോഗിക്കേണമ, നീ തന്നെയാണ് പ്രതാപശാലിയും യുക്തിമാനും (സൂറത്തു ബഖറ 129).
ഭാര്യയെയും പിഞ്ചോമന മകന്‍ ഇസ്മാഈലിനെ(അ)യും മക്കാ ഭുവിന്റെ തനി മണലാരണ്യത്തില്‍ വിട്ടേച്ചു പോകുമ്പോഴും ഇബ്രാഹിം നബി (അ) പ്രാര്‍ത്ഥിച്ചത് തരിശു നിലങ്ങളില്‍ സുന്ദരമായ ഭാവി ജീവിതങ്ങള്‍ കെട്ടിപ്പടുക്കാനുതകുന്ന രീതിയില്‍ സൗകര്യപ്രദമാക്കണമെന്നാണ്. അക്കാര്യം സൂറത്ത് ഇബ്രാഹിം 37-ാം സൂക്തം വ്യക്തമാക്കുന്നുണ്ട്: ജനഹൃദങ്ങള്‍ അവരോട് ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് ആഹരിക്കാനായി ഫലങ്ങള്‍ നല്‍കുകയും ചെയ്യേണമേ.
നാടിന്റെയും ഭാവി വാഗ്ദാനങ്ങളായ മക്കളുടെയും ഭാവി പദ്ധതികള്‍ രൂപകല്‍പന ചെയ്യല്‍ നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണ്. മഹാനായ യൂസുഫ് നബി(അ)യുടെ ഭരണ സംവിധാനം വളരെ ആസൂത്രണ മികവാര്‍ന്നതായിരുന്നു. ഭാവിയിലേക്കുള്ള വ്യക്തമായ രൂപകല്‍പന ഒരുക്കിയിരുന്നു. കുറെ തലമുറകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന, പ്രതിസന്ധികള്‍ തരണം ചെയ്യാനാകുന്ന വിധത്തില്‍ സാമ്പത്തിക പദ്ധതികളും വ്യവസ്ഥ ചെയ്തിരുന്നു. ക്ഷാമ കാലങ്ങളെ ക്ഷേമ ഐശ്വര്യങ്ങളോടെ നേരിടാനാകുന്ന മട്ടില്‍ വര്‍ഷങ്ങളോളം സാധുതയുള്ള ഉപഭോക്തൃ-ഉല്‍പാദന സംവിധാനങ്ങളും യൂസുഫ് നബി (അ) ക്രമീകരിച്ചിരുന്നു. ഈ പദ്ധതികളെല്ലാം രാജാവ് കണ്ട സ്വപ്നങ്ങള്‍ക്ക് വ്യാഖ്യാനമായി യൂസുഫ് നബി (അ) തന്നെ പ്രവചിച്ചതുമാണ്. ഖുര്‍ആന്‍ വിവരിക്കുന്നു: യൂസുഫ് നബി വ്യാഖ്യാനിച്ച ഏഴു വര്‍ഷം തുടര്‍ച്ചയായി നിങ്ങള്‍ കൃഷിയിറക്കണം. എന്നിട്ട്, കൊയ്‌തെടുക്കുന്നവ ഭക്ഷിക്കാന്‍ വേണ്ട അല്‍പമൊഴികെ കതിരോടെ സൂക്ഷിച്ചു വെക്കുക. ശേഷം, കഠിന ക്ഷാമത്തിന്റെ ഏഴാണ്ടുകള്‍ വന്നെത്തും. മുന്‍കരുതലായി നിങ്ങള്‍ സൂക്ഷിച്ചതെല്ലാം അക്കാലം തിന്നു തീര്‍ക്കുന്നതാണ്, കരുതലായി വെക്കുന്ന സ്വല്‍പമൊഴികെ. പിന്നീട് ഒരു കൊല്ലം വരും. അന്ന് ജനങ്ങള്‍ക്ക് സമൃദ്ധി കൈവരുന്നതും പഴസത്തുകളും മറ്റും പിഴിഞ്ഞുണ്ടാക്കുന്നതുമാകുന്നു (സൂറത്തു യൂസുഫ് 47, 48, 49).
അങ്ങനെ ആ നാട് വറുതികാലത്തെ അതിജീവിച്ച ചരിത്രമാണ് ഖുര്‍ആന്‍ പങ്കു വെക്കുന്നത്. ഭാവിയിലേക്ക് പദ്ധതി രൂപീകരണമാണ് ആ ജനതക്ക് വെല്ലുവിളികളെ നേരിടാനാകും വിധം സ്വപ്നങ്ങളുടെ സാക്ഷാത്കാരം സാധ്യമാക്കിയത്.
ശൈഖ് സായിദും ശൈഖ് റാഷിദും പണിത ഐക്യ പാലത്തില്‍ മറ്റു സ്ഥാപക നേതാക്കളും അണിനിരന്നപ്പോഴാണ് ഈ ഐക്യ നാട് സ്ഥാപിതമായത്. മാനവിക മൂല്യങ്ങളും സാംസ്‌കാരിക ദൗത്യങ്ങളുമായി ഈ ഭരണകൂടം തലയെടുപ്പോടെ അമ്പതാണ്ട് പിന്നിടുന്നു. താണ്ടിയ കാലമത്രയും കുതിപ്പിന്റേതായിരുന്നു. ആഗോള മാത്സര്യത്തില്‍ ഉയര്‍ന്ന സൂചികയിലാണ് യുഎഇയുടെ നില. ഈ കാലയളവില്‍ കൈവരിച്ച സാംസ്‌കാരിക നേട്ടങ്ങള്‍ ഏറെയാണ്. ബഹിരാകാശ പഠനങ്ങളിലും ദൗത്യങ്ങളിലും മുന്‍നിര രാഷ്ട്രങ്ങളോടൊപ്പമാണ് ഇമാറാത്തിന്റെ സ്ഥാനം. മഹാമാരിയടക്കം പല പ്രതിസന്ധികളും മറികടക്കാനായതും വലിയ നേട്ടം തന്നെ. ഖുര്‍ആനില്‍ സൂറത്തു സബഅ് 15-ാം സൂക്തത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രകാരമുള്ള ‘ഉദാത്തമായ നാട്’ ആയി മാറാന്‍ ഓരോ നിവാസിയും ഈ മണ്ണില്‍ അഖണ്ഡതയും സഹുഷ്ണുതയും വികസനാസൂത്രണവും നടത്തേണ്ടിയിരിക്കുന്നു. വരുംതലമുറകള്‍ക്കും ഈ ബഹുസ്വരതാ സന്ദേശം കൈമാറണം. ഈ അനുഗ്രഹങ്ങള്‍ അഭിമാനപൂര്‍വം സ്മരിക്കാനും ദാതാവായ പ്രപഞ്ച നിയന്താവിനെ സ്തുതിക്കാനും ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു.