ദുബൈ എക്‌സ്‌പോയില്‍ കലയുടെ കേളികൊട്ടായി കെഎംസിസിയുടെ ‘കേരളീയം’

8
എക്‌സ്‌പോ 2020 ദുബൈയില്‍ കെഎംസിസിയുടെ 'കേരളീയം' പ്രദര്‍ശനം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: ദുബൈ എക്‌സ്‌പോ വേദിയില്‍ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി ഒരുക്കിയ ‘കേരളീയം’ കേരളീയ കലകളുടെ കേളികൊട്ടായി. എക്‌സ്‌പോ സന്ദര്‍ശകരായ നാനാദേശക്കാര്‍ക്ക് മുന്‍പാകെയാണ് കേരളത്തിന്റെ കലയും സംസ്‌കാരവും പ്രതിഫലിക്കുന്ന പ്രദര്‍ശനം കെഎംസിസിയുടെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ചത്. 130 കലാപ്രതിഭകളാണ് വിവിധ കലാ ആവിഷ്‌കാരങ്ങളുമായി വേദികളെ വര്‍ണാഭമാക്കിയത്. കലാപ്രകടനങ്ങള്‍ക്കുള്ള പ്രത്യേക വേദിയിലായിരുന്നു പ്രദര്‍ശനം.
‘കേരളീയം’ പ്രദര്‍ശനം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്, വനിതാ ലീഗ് നേതാവ് സുഹറ മമ്പാട്, യഹ്‌യ തളങ്കര സംസാരിച്ചു. ഒപ്പന, ദഫ്മുട്ട്, കോല്‍ക്കളി, മോഹിനിയാട്ടം കലാകാരന്മാരുടെ പ്രകടനങ്ങള്‍ക്ക് പുറമെ, ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനനങ്ങളും അരങ്ങേറി. റിഥം മ്യൂസിക് സ്‌കൂള്‍, നര്‍ത്തിത സ്‌കൂള്‍ ഓഫ് മ്യൂസിക്, ശ്രീചിത്ര സൂരജ്, വൈസ്‌മെന്‍ ക്‌ളബ് ഈസ്റ്റ് കോസ്റ്റ് ഫുജൈറ, സുമി അരവിന്ദ് ആന്‍ഡ് ടീം  തുടങ്ങിയ കലാസംഘങ്ങളും കലാകാരന്മാരുമായി സഹകരിച്ചാണ് കെഎംസിസി കലാകാരന്മാര്‍ കേരളീയം ഒരുക്കിയത്.
ദുബൈ എക്‌സ്‌പോ വേദിയിലെ ഇന്ത്യന്‍ പവലിയനിലെ ആംഫി തിയേറ്ററില്‍ എക്‌സ്‌പോ 2020യില്‍ ഔദ്യോഗിക പങ്കാളിയായ കെഎംസിസിയുടെ സാംസ്‌കാരിക പ്രകടനങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് നേരത്തെ കലാസന്ധ്യ അരങ്ങേറിയിരുന്നു. കെഎംസിസി സംഘടിപ്പിച്ച ‘കേരളീയം’ പ്രദര്‍ശനവും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ അവതരണം ലോക വേദിയില്‍ സന്നിഹിതരായ വിദേശ പൗരന്മാര്‍ക്കും അറബ് സമൂഹത്തിനും ആവേശം പകര്‍ന്ന കാഴ്ചയായി. ഇന്ത്യന്‍ കണ്‍സുലേറ്റ് പ്രതിനിധികളും  എക്‌സ്‌പോ ഉദ്വഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. പുത്തൂര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. പി.കെ അന്‍വര്‍ നഹ സ്വാഗതവും നിസാര്‍ തളങ്കര നന്ദിയും പറഞ്ഞു.