ജമാല്‍ സാഹിബ് അനാഥരെ സമൂഹ നായകരാക്കിയ ഉജ്വല വ്യക്തിത്വം: മുനവ്വറലി തങ്ങള്‍

30
എം.എ മുഹമ്മദ് ജമാല്‍ സാഹിബിന് ഡബ്‌ള്യുഎംഒ യുഎഇ ചാപ്റ്റര്‍ ദുബൈ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ ഒരുക്കിയ സ്വീകരണ പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു

‘ജമാല്‍ക്കയുടെ സ്‌നേഹസഞ്ചാരം’ ശ്രദ്ധേയമായി. ‘സച്ചരിതന്റെ ഉദ്യാനം’ പ്രകാശനം ചെയ്തു

ദുബൈ: സ്‌നേഹവും കരുണയും ലഭിക്കാതെ കരുതലിനും തലോടലിനുമായി ദാഹിക്കുന്ന ഒരു തലമുറ തന്നെ പുതിയ കാലത്ത് വളര്‍ന്നു വരുന്നുണ്ടെന്നും രക്ഷിതാക്കളുടെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ അവര്‍ തള്ളി മാറ്റപ്പെടുന്നത് അരക്ഷിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കാന്‍ നിമിത്തമാകുമെന്നും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. വയനാട് മുസ്‌ലിം ഓര്‍ഫനേജ് (ഡബ്‌ള്യുഎംഒ) ജന.സെക്രട്ടറിയും കാരുണ്യ പ്രവര്‍ത്തന രംഗത്തെ മാതൃകാ വ്യക്തിത്വവുമായ എം.എ മുഹമ്മദ് ജമാല്‍ സാഹിബിന് ഡബ്‌ള്യുഎംഒ യുഎഇ ചാപ്റ്റര്‍ ദുബൈ വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ ഒരുക്കിയ ‘ജമാല്‍ക്കയുടെ സ്‌നേഹ സഞ്ചാരം’ എന്ന സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥകളെയും അഗതികളെയും അതിഥികളായി സ്വീകരിച്ച് സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യത്തിനാകമാനം അത്യപൂര്‍വ മാതൃകയായ വ്യക്തിത്വമാണ് ജമാല്‍ സാഹിബ്. സമൂഹം വിളിപ്പാടകലെ നിര്‍ത്തി അപമാനിച്ച അനാഥ കുട്ടികളെ സനാഥ പൗരന്മാരാക്കി സമൂഹത്തെ നയിക്കുന്ന നായക സ്ഥാനങ്ങളിലെത്തിച്ച നവോത്ഥാന നായകനും പരിഷ്‌കര്‍ത്താവും കൂടിയാണ് ജമാല്‍ സാഹിബെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ടി.പി ചെറൂപ്പയും കെ.എസ് മുസ്തഫയും രചിച്ച ‘സച്ചരിതന്റെ ഉദ്യാനം’ എന്ന പുസ്തകത്തിന്റെ മിഡില്‍ ഈസ്റ്റ് പ്രകാശനവും മുനവ്വറലി തങ്ങള്‍ നിര്‍വഹിച്ചു. എം.കാര്‍ഗോ ഗ്രൂപ് എംഡി മുനീര്‍ കാവുങ്ങല്‍ പറമ്പില്‍ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയര്‍മാന്‍ കെ.എം കുട്ടി ഫൈസി അച്ചൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജന.കണ്‍വീനര്‍ മജീദ് മണിയോടന്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് സഫ്‌വാന്‍ ഖുര്‍ആന്‍ പാരായണം നടത്തി. അതിഥികളായ മുബീന്‍ റാന്‍ഡെറി, സൈദ് റാന്‍ഡെറി എന്നിവരെ അഡ്വ. മുഹമ്മദലി സദസ്സിന് പരിചയപ്പെടുത്തി. വയനാടിന്റെ സര്‍വതോമുഖ ഉന്നമനത്തിനും കയ്യൊപ്പ് ചാര്‍ത്തിയ ഉജ്വല വ്യക്തിത്വമാണ് ജമാല്‍ സാഹിബെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച റാഷിദ് ഗസ്സാലി പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ, ദുബൈ കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, ‘തല്‍സമയം’ ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ, റീജന്‍സി ഗ്രൂപ് എംഡി ഡോ. അന്‍വര്‍ അമീന്‍, ഡബ്‌ള്യുഎംഒ സെക്രട്ടറി മായന്‍ മണിമ, ചന്ദ്രിക വയനാട് ബ്യൂറോ ചീഫ് കെ.എസ് മുസ്തഫ, ഡബ്‌ള്യുഎംഒ സാരഥി മമ്മൂട്ടി ഹാജി, മൊയ്തു മക്കിയാട്, ഹമീദ് ഹാജി പുത്തലത്ത്, യു.സി അബ്ദുല്ല, സി.കെ അബൂബക്കര്‍, പാലോള്ളതില്‍ ഇസ്മായില്‍, ഹമീദ് കൂരിയാടന്‍ എന്നിവര്‍ പ്രസംഗിച്ചു. ജമാല്‍ സാഹിബിന് കെപി ഗ്രൂപ്പിന്റെ ഉപഹാരം എംഡി കെ.പി മുഹമ്മദ് നല്‍കി. മുബീന്‍ റാന്‍ഡെറിക്ക് ജമാല്‍ സാഹിബും, സൈദ് റാന്‍ഡെറിക്ക് മായന്‍ മണിമയും ഉപഹാരങ്ങള്‍ സമ്മാനിച്ചു. യുഎഇയിലെ വിവിധ ഡബ്‌ള്യുഎംഒ ചാപ്റ്ററുകളും ജമാല്‍ സാഹിബിന് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.ഡബ്‌ള്യുഎംഒ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ജമാല്‍ സാഹിബിനെ ആദരിച്ചു. ഡബ്‌ള്യുഎംഒയുടെ ആദ്യ കാല പ്രവര്‍ത്തകന്‍ എ.കെ അബ്ദുല്ലയെ ജമാല്‍ സാഹിബ് പൊന്നാട അണിയിച്ചു. ഡബ്‌ള്യുഎംഒയുടെ യുഎഇയിലെ വിവിധ ചാപ്റ്ററുകളുടെ പ്രതിനിധികള്‍ ചടങ്ങില്‍ ആശംസ നേര്‍ന്നു. രഹ്‌നാസ് യാസീന്‍ നന്ദി പറഞ്ഞു.
പരിപാടിയുടെ വിജയത്തിന് ഡബ്‌ള്യുഎംഒ, കെഎംസിസി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം വനിതാ കെഎംസിസി നേതാക്കളും പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ടായിരുന്നു.