വീര രക്തസാക്ഷികളുടെ അമരത്വം വിളിച്ചറിയിച്ച് കെഎംസിസി പരിപാടി

16
യുഎഇ രക്തസാക്ഷി അനുസ്മരണ സംഗമം ദുബൈ കെഎംസിസി ആസ്ഥാനത്ത് ജിബ്രാന്‍ ഖലീല്‍ അല്‍ ബലൂഷി ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: യുഎഇയുടെ 50-ാം ദേശീയ ദിനാഘോഷ ഭാഗമായി ദുബൈ കെഎംസിസി സംഘടിപ്പിച്ച വിവിധ പരിപാപടികളില്‍ രക്തസാക്ഷി ദിനാചരണം ശ്രദ്ധേയമായി.
രാജ്യത്തിന്റെ യശസ്സും പരമാധികാരവും ഉയര്‍ത്തിപ്പിടിച്ച് സ്വദേശത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര രക്ത സാക്ഷികളെ ദുബൈ കെഎംസിസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അനുസ്മരിച്ചു.
കായക്കൊടി ഇബ്രാഹിം മുസ്‌ല്യാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങ് ജിബ്രാന്‍ ഖലീല്‍ അല്‍ ബലൂഷി (ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം) ഉദ്ഘാടനം ചെയ്തു.
സബ് കമ്മിറ്റി ചെയര്‍മാന്‍ അഡ. ഇബ്രാഹിം ഖലീല്‍ അധ്യക്ഷത വഹിച്ചു. ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റും സമസ്ത മുശാവറ അംഗവുമായ അബ്ദുസ്സലാം ബാഖവി മുഖ്യ പ്രഭാഷണം നടത്തി. റഈസ് തലശ്ശേരി രക്തസാക്ഷി ദിന അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
പോറ്റമ്മ നാടായ യുഎഇയോടുള്ള കൂറും ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു നടന്ന കെഎംസിസി വളണ്ടിയര്‍മാരുടെ ‘സല്യൂട്ട് ദി നേഷന്‍’ പരേഡില്‍ മുഖ്യാതിഥിയായ ജിബ്രാന്‍ ഖലീല്‍ സെല്യൂട്ട് സ്വീകരിച്ചു. കൊച്ചു കുട്ടികളുടെ ദേശീയ ഗാനാലാപവുമുണ്ടായിരുന്നു.
ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ്, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം, മുസ്തഫ വേങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.
സബ് കമ്മിറ്റി കണ്‍വീനര്‍ മൊയ്തു മക്കിയാട് സ്വാഗതവും അഫ്‌സല്‍ മെട്ടമ്മല്‍ നന്ദിയും പറഞ്ഞു. ഹനീഫ് ചെര്‍ക്കള, എന്‍.കെ ഇബ്രാഹിം, ഒ. മൊയ്തു കെ.പി.എ സലാം, നിസാം കൊല്ലം, ആര്‍.ഷുക്കൂര്‍, ഇസ്മായില്‍ അരൂക്കുറ്റി പരിപാടിക്ക് നേതൃത്വം നല്‍കി.