മെഗാ പരിപാടികളും വമ്പന്‍ സമ്മാനങ്ങളുമായി ഡിഎസ്എഫ് കലണ്ടര്‍ പുറത്തിറക്കി

ജലീല്‍ പട്ടാമ്പി
ദുബൈ: 2021 ഡിസംബര്‍ 15 മുതല്‍ 2022 ജനുവരി 30 വരെ നീളുന്ന ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലി(ഡിഎസ്എഫ്)ന്റെ ഏറ്റവും പുതിയ എഡിഷനിലെ മുഖ്യ ആകര്‍ഷണങ്ങളുടെ കലണ്ടര്‍ അധികൃതര്‍ പുറത്തിറക്കി. സംഗീത പരിപാടികള്‍, ഔട്ട്‌ഡോര്‍ മാര്‍ക്കറ്റുകള്‍, പോപ് അപ് ഡൈനിംഗ്, ഷോപ്പിംഗ് ഡിസ്‌കൗണ്ടുകള്‍, റാഫിളുകള്‍, കാഷ് പ്രൈസുകള്‍ എന്നിവ കൊണ്ട് സമ്പന്നമാകും ഇത്തവണത്തെ ഡിഎസ്എഫും.
ഈ മാസം 27 മുതലുള്ള ‘ഡെയ്‌ലി സര്‍പ്രൈസുക’ളും നിത്യേനയുള്ള കരിമരുന്ന് പ്രകടനങ്ങള്‍, ഡ്രോണ്‍ ലൈറ്റ് ഷോകള്‍, മറ്റു പ്രകടനങ്ങള്‍ എന്നിവയും ഇന്നലെ ദുബൈ മാളിലെ ഇന്‍ഫിനിറ്റി ഡെസ് ല്യൂമിയേഴ്‌സില്‍ നടത്തിയ ചടങ്ങില്‍ ഡിഎസ്എഫ് അധികൃതര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ട്യൂണ്‍സ് ഡിഎക്‌സ്ബി, ഹിപ്‌ഹോപ് ഫെസ്റ്റിവല്‍, പോപ് അപ് ഗ്‌ളോബല്‍ ബ്രാന്‍ഡ് സ്റ്റോറുകള്‍ എന്നിവയും ‘നഗരത്തിലുടനീളം ഏറ്റവും കൂടുതല്‍ സംഗീതജ്ഞര്‍ അവതരിപ്പിക്കുന്ന’ വാരാന്ത്യവും ഇതോടൊപ്പമുണ്ടാകും.
‘ഏറ്റവും ദൈര്‍ഘ്യമേറിയ ഫെസ്റ്റിവല്‍’ ആയിരിക്കും ഇത്തവണത്തേതെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീടെയില്‍ എസ്റ്റാബ്‌ളിഷ്‌മെന്റ് (ഡിഎഫ്ആര്‍ഇ) സിഇഒ അഹ്മദ് അല്‍ ഖാജ പറഞ്ഞു. ലോക്കല്‍ ബിസിനസിന് ഉത്തേജനം പകരാനാണ് ഡിഎസ്എഫ് ആദ്യ കാലത്ത് രൂപീകരിച്ചതെങ്കില്‍, ലോകത്ത് ഏറ്റവുമധികം ദൈര്‍ഘ്യമുള്ള, രാജ്യാന്തര തലത്തില്‍ ഖ്യാതിയുള്ള ഉല്‍സവമായി ഇന്നിത് വളര്‍ന്നുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍, ജീവിക്കാനും ജോലി ചെയ്യാനും സന്ദര്‍ശനത്തിനും അനുയോജ്യമായ വിധത്തില്‍ വളര്‍ന്ന ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളിലൊന്നായി ദുബൈ ചരിത്രത്തില്‍ സ്ഥാനം നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദുബൈ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം റീടെയില്‍ മേഖല തന്ത്രപരമായി പ്രധാനപ്പെട്ടതാണ്. 2025ഓടെ 25 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ദുബൈ ടൂറിസം വിഷന്റെ പദ്ധതികള്‍ക്ക് ഡിഎസ്എഫ് ഉള്‍പ്രേരകമാകുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഡിസംബര്‍ 15ന് ഇമാറാത്തി സൂപര്‍ സ്റ്റാര്‍ ബല്‍ഖീസ് ഫത്ഹിയും ഈജിപ്തിന്റെ പുരസ്‌കാര ജേതാവ് ആര്‍ട്ടിസ്റ്റ് മുഹമ്മദ് ഹമകിയും നയിക്കുന്ന പരിപാടിക്ക് 75 ദിര്‍ഹമാണ് പ്രവേശന ഫീസ് (പ്‌ളാറ്റിനം ടിക്കറ്റ്) ആയി ഈടാക്കുന്നത്.
ഈ വര്‍ഷത്തെ ഡിഎസ്എഫില്‍ 30 ദശലക്ഷം ദിര്‍ഹമിന്റെ സമ്മാനങ്ങളാണ് ഡെയ്‌ലി പ്രൈസ് അടക്കമുള്ളത്. ഡിഎസ്എഫിന്റെ ആദ്യ ദിനം തന്നെ നടക്കുന്ന ഗ്രാന്റ് നറുക്കെടുപ്പില്‍ നിസ്സാന്‍ കിക്ക്‌സ്, പട്രോള്‍, എക്‌സ്‌റ്റേറ/എക്‌സ്‌ട്രെയ്ല്‍ എന്നിവയാണ് ഭാഗ്യശാലികള്‍ക്ക് നല്‍കുന്നത്. 200,000 ഇന്‍സ്റ്റന്റ് പ്രൈസുകളും ഓരോ ദിവസവും നല്‍കുന്നു. ഈ ഡിഎസ്എഫില്‍ കൂടുതല്‍ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്‍ഫിനിറ്റി മെഗാ റാഫിളില്‍ പുത്തന്‍ ഇന്‍ഫിനിറ്റി ക്യുഎക്‌സ് 80യും 100,000 ദിര്‍ഹമും എല്ലാ ദിവസവും സമ്മാനമായി നല്‍കുന്നു.
ഡിഎസ്എഫ് മെഗാ കാഷ് പ്രൈസ് നറുക്കെടുപ്പിലൂടെ, ഐഡിയല്‍സ് വെബ്‌സൈറ്റിലേക്കോ മൊബൈല്‍ ആപ്പിലേക്കോ പോയാല്‍ ഒരു വിജയിക്ക് 750,000 ദിര്‍ഹം കൈപ്പറ്റാനുള്ള അവസരമുണ്ട്. ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പി(ഡിജിജെജി)ന്റെ നറുക്കെടുപ്പില്‍ നിത്യവും കാല്‍ കിലോ സ്വര്‍ണം നേടാം. ഓരോ 500 ദിര്‍ഹം ഗോള്‍ഡ്/ഡയമണ്ട് പര്‍ചേസിലൂടെയാണ് ഇതിനായുള്ള കൂപ്പണ്‍ ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിറ്റി മാളുകളിലൂടെ ദി ദുബൈ ഷോപ്പിംഗ് മാള്‍സ് ഗ്രൂപ് 1 ലക്ഷം ദിര്‍ഹമിന്റെ പ്രതിവാര സമ്മാനമാണ് നല്‍കുക. കോടിക്കണക്കിന് ദിര്‍ഹമിന്റെ മറ്റു നിരവധി സമ്മാനങ്ങളുമുണ്ട്.