ജലപ്പരപ്പില്‍ വിസ്മയമൊരുക്കി ദുബൈ മറീനയിലെ ദേശീയ ദിനാഘോഷം

19
50 പതാകകള്‍ക്ക് പുറമെ, 50 മീറ്റര്‍ നീളമുള്ള ഭീമന്‍ പതാകയുമുയര്‍ത്തി ദേശീയ ദിനത്തിന്റെ 50-ാം പതിപ്പിന്റെ വര്‍ണാഭമായ ആഘോഷം
ദുബൈ: ദേശീയ ദിനത്തിന്റെ അന്‍പതാം വാര്‍ഷികമാഘോഷിക്കുന്ന യുഎഇക്ക് ആദരമായി ദുബൈ മറീനയിലെ ജലപ്പരപ്പില്‍ വിസ്മയം തീര്‍ത്തൊരു ദേശീയ ദിനാഘോഷം നടന്നു. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളിലെ വിസ്മയിപ്പിക്കുന്ന മറൈന്‍ എഡിഷനാണ് ദുബൈ മറീന സാക്ഷിയായത്. ജല നൗകകളുടെ ഘോഷയാത്രയും പതാക ഉയര്‍ത്തലുമായി ക്ഷണിക്കപ്പെട്ട 500ലധികം വ്യക്തികള്‍ക്കും ദുബൈ മറീനയില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്കും മുന്നില്‍ കണ്ണഞ്ചിപ്പിക്കുന്ന സാംസ്‌കാരികോല്‍സവമാണ് ഡിസംബര്‍ 1ന് ബുധനാഴ്ച അരങ്ങേറിയത്.
പ്രമുഖ പരസ്യ, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ആഡ് & എം ഇന്റര്‍നാഷണല്‍ പ്രമുഖ പ്രൊഫഷണല്‍ യോട്ട് ചാര്‍ട്ടര്‍ കമ്പനിയായ ഡി3 മറൈനുമായി കൈ കോര്‍ത്ത് ഇത് രണ്ടാം തവണയാണ് ദേശീയ ദിനാഘോഷത്തിന്റെ മറൈന്‍ എഡിഷന്‍ സംഘടിപ്പിച്ചത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിന് നടന്ന ദേശീയ ദിനാഘോഷ ഭാഗമായുള്ള മറൈന്‍ എഡിഷന്‍ ആഘോഷങ്ങള്‍ വലിയ പൊതുജന ശ്രദ്ധ നേടിയിരുന്നു. രാജകുടുംബാംഗവും സിറ്റിസണ്‍സ് അഫയേഴ്‌സ് ഓഫീസ് ഡയറക്ടര്‍ ജനറലുമായ ശൈഖ് അബ്ദുല്ല ബിന്‍ മാജിദ് ബിന്‍ സഈദ് അല്‍ നുഐമി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി എന്നിവര്‍ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കി. ഹോട്ട്പാക്ക് മാനേജിംഗ് ഡയറക്ടര്‍ പി.ബി അബ്ദുല്‍ ജബ്ബാര്‍, അല്‍ ഐന്‍ ഫാംസ് മാര്‍ക്കറ്റിംഗ് മേധാവി മിലാന, ഹാദി എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ്, ഡി3 മറൈന്‍ എംഡി ഷമീര്‍ എം. അലി, ഐപിഎ ചെയര്‍മാന്‍ വി.കെ ഷംസുദ്ദീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അന്‍പതാം ദേശീയ ദിനാഘോഷ ഭാഗമായി അന്‍പത് പതാകകളാണ് മറീനയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഉയര്‍ത്തിയത്. കൂടാതെ, അന്‍പത് മീറ്റര്‍ നീളമുള്ള ഭീമന്‍ പതാകയും ജലനിരപ്പിലുയര്‍ത്തിയത് വിസ്മയക്കാഴ്ചയായി. പതാക ഉയര്‍ത്തിയ സമയത്ത് ദേശീയ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ 30ലധികം വരുന്ന നൗകകള്‍ വൃത്താകൃതിയില്‍ ഒത്തു ചേര്‍ന്ന് വര്‍ണാഭമായ കാഴ്ചയാണ് സമ്മാനിച്ചത്.
പ്രമുഖ റേഡിയോ ചാനലുകളില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പതാക ഉയര്‍ത്തല്‍ ചടങ്ങിന്റെ ഭാഗമായിരുന്നു. രാവിലെ 10 മണിക്ക് തുടങ്ങിയ ആഡംബര നൗകാ പ്രദര്‍ശനമടക്കം ആകര്‍ഷകമായ ഒട്ടേറെ പരിപാടികളാണ് മറീനയില്‍ ഒരുക്കിയിരുന്നത്. പതാക ഉയര്‍ത്തല്‍, സാംസ്‌കാരിക പ്രദര്‍ശനം എന്നിവക്ക് ശേഷം ദുബൈ മറീനയില്‍ നിന്നും പരിസര ഭാഗത്തേക്ക് ഘോഷയാത്രയോടെയുള്ള രണ്ടു മണിക്കൂര്‍ ആഡംബര നൗകകള്‍ നടത്തിയ റൈഡ് കാണികള്‍ക്ക് അതുല്യമായ ദൃശ്യവിരുന്നായി. അതിന് ശേഷം പരിപാടിക്കെത്തിയ മുഖ്യാതിഥികളെല്ലാം സീ റൈഡ് ആസ്വദിച്ചു കൊണ്ട് അറ്റ്‌ലാന്റിസ് അടക്കമുള്ള ദുബൈയുടെ സുപ്രധാന ലൊക്കേഷനുകളിലൂടെ യാത്ര ചെയ്ത് തിരിച്ചെത്തിയതോടെയാണ് പരിപാടിക്ക് സമാപനമായത്. ഡി3യുടെ 20ലധികം നൗകകളാണ് ഷോയില്‍ പങ്കെടുത്തത്.
യുഎഇ അന്‍പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇത്തരം അഭിമാനകരമായ ഒരു മറൈന്‍ എഡിഷന്‍ ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡി3 യോട്ട്‌സ് ഉടമ ഷമീര്‍ എം. അലി പറഞ്ഞു. ഈ രാജ്യത്തോടുള്ള സ്‌നേഹവും ആദരവും ഏറെ ശ്രദ്ധേയമായ രീതിയില്‍ തന്നെ രേഖപ്പെടുത്താനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇയുടെ യുഗപ്പിറവിയുടെ 50-ാം വര്‍ഷികാഘോഷ വേളയായതിനാല്‍ മുന്‍ വര്‍ഷത്തേക്കാള്‍ പ്രൗഢ ഗംഭീരമായ വിരുന്നാണ് കാഴ്ചക്കാര്‍ക്കായി മറൈന്‍ എഡിഷന്‍ സമ്മാനിച്ചത്. പരിപാടിയുടെ വിജയത്തിനായി അല്‍ ഐന്‍ ഫാംസ്, ഹോട്ട്പാക്ക് പാക്കേജിംഗ് ഇന്‍ഡസ്ട്രീസ്, ഹാദി എക്‌സ്‌ചേഞ്ച് എന്നിവയുള്‍പ്പെടെയുള്ള മുന്‍നിര ബ്രാന്റുകളില്‍ നിന്നും സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വന്‍ പിന്തുണയും പ്രോല്‍സാഹനവുമാണ് ലഭിച്ചത്. മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ കാണികളുടെ സാന്നിധ്യം ഇത്തവണയുണ്ടായതായി പരിപാടിയുടെ സംഘാടകരായ ടീകോം ദുബൈ ആസ്ഥാനമായ പ്രമുഖ പരസ്യ, ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആഡ് & എം ഇന്റര്‍നാഷണല്‍ അധികൃതര്‍ അറിയിച്ചു.