യുഎഇ ദേശീയ ദിനത്തില്‍ ചരിത്രാലേഖനം ചെയ്ത ലംബോര്‍ഗിനി ഉറുസുമായി ഷഫീഖ്

27
ചരിത്രാലേഖനം ചെയ്ത ലംബോര്‍ഗിനി ഉറുസിന് സമീപം ഷഫീഖ്

ദുബൈ: യുഎഇ ദേശീയ ദിനം പ്രൗഢമായി കൊണ്ടാടുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ ചരിത്രം ആലേഖനം ചെയ്ത ലംബോര്‍ഗിനി ഉറുസുമായി അല്‍മാനിയ ഗ്രൂപ് ചെയര്‍മാന്‍ ഷഫീഖ് അബ്ദുല്‍ റഹ്മാന്‍. ഇലക്‌ട്രോ പ്‌ളേറ്റഡ് സ്വര്‍ണ ഫോയിലില്‍ എക്‌സ്‌പോയുടെ ലോഗോ പതിച്ചു കൊണ്ടാണ് ഇതിന്റെ പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഡിസൈനറും ആര്‍ട്ടിസ്റ്റുമായ അഷര്‍ ഗാന്ധിയാണ് ഇതിന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്.


കഴിഞ്ഞ 10 വര്‍ഷമായി യുഎഇ ദേശീയ ദിനാഘോഷ പരിപാടികളില്‍ ഷഫീഖിന്റെ സാന്നിധ്യമുണ്ട്. മല്‍സര രംഗത്തുണ്ടായിരുന്ന മിക്കവാറും എല്ലാ വര്‍ഷങ്ങളിലും പൊലീസിന്റെ മികച്ച കാര്‍ അലങ്കാരങ്ങള്‍ക്കും വിജയപത്രങ്ങള്‍ നേടിക്കൊണ്ടിരുന്നത് ഷഫീഖാണ്. പെറ്റമ്മയെ പോലെ തന്നെയാണ് ഇദ്ദേഹത്തിന് പോറ്റമ്മയായ യുഎഇയും. അറബി ഭാഷയിലെ പരിജ്ഞാനവും അറബ് സുഹൃത്തുക്കളുമായുള്ള ബന്ധവും ഇദ്ദേഹത്തെ യുഎഇയുമായി കൂടുതല്‍ അടുപ്പിക്കുന്നു. തനിക്ക് എല്ലാം നല്‍കിയ ഈ മഹത്തായ രാജ്യത്തോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ പ്രകടിപ്പിക്കുകയാണ് താന്‍ ഈ രീതിയിലെന്ന് ഷഫീഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഷഫീഖ് അബ്ദുല്‍ റഹ്മാന്‍ യുഎഇ 50-ാം ദേശീയ ദിനാഘോഷത്തില്‍ കേക്ക് മുറിക്കുന്നു

എല്ലാ വര്‍ഷവും ലോകത്തിലെ ഏറ്റവും മികച്ചതും വില കൂടിയതുമായ വാഹനങ്ങളാണ് ഷഫീഖ് വേറിട്ട ഡിസൈനുകളില്‍ അലങ്കരിച്ച് നിരത്തിലിറക്കി ശ്രദ്ധേയനാകുന്നത്. മഹാനായ ശൈഖ് സായിദിന്റെ രേഖാ ചിത്രം അറേബ്യന്‍ മണലിന്റെ നിറത്തില്‍ വലുതായി പതിപ്പിച്ചിട്ടാണുള്ളത്. കൂടാതെ, യുഎഇയുടെ വിജയ കിരീടത്തിലെ പൊന്‍തൂവലായി മാറിയ എക്‌സ്‌പോയേയും ഈ വാഹനം പ്രതിനിധാനം ചെയ്യുന്നു. 1971 മുതല്‍ 2021 വരെയുള്ള ചരിത്ര സംഭവങ്ങള്‍ പിറകില്‍ അറബിയിലും ഇംഗ്‌ളീഷിലുമായി ആലേഖനം ചെയ്തിരിക്കുന്നു. ബോണറ്റിന് പുറത്ത് സുവര്‍ണ ജൂബിലി ലോഗോക്ക് ചുറ്റും ഗോള്‍ഡ് പ്‌ളേറ്റഡ് ഫ്‌ളോറല്‍ ഡ്രോയിംഗ് കൊണ്ട് ഡെകറേറ്റ് ചെയ്തിട്ടുമുണ്ട്. പിറകു വശത്തെ ഗ്‌ളാസ്സിലും ലോഗോ ചേര്‍ത്തിട്ടുണ്ട്. ഇരു വശങ്ങളിലും യുഎഇ ഭരണാധികാരികളുടെ ചിത്രങ്ങളുമുണ്ട്. ഇത്തവണ പതിവിന് വിപരീതമായി കണ്ടംപററി സ്‌റ്റൈലാണ് ഡിസൈനിംഗിന് ആവിഷ്‌കരിച്ചിരിക്കുന്നത്.