യുഎഇ ദേശീയ ദിനം ഇന്ന്; രാഷ്ട്ര പ്രയാണത്തില്‍ പ്രവാസികള്‍ അവിഭാജ്യ ഘടകം: ശൈഖ് മുഹമ്മദ്

7
(ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ -ഇന്‍സ്റ്റഗ്രാം ചിത്രം)

‘പുരോഗതിയിലേക്ക് നയിക്കാന്‍ രാജ്യങ്ങള്‍ക്ക് അവരുടെ സ്വന്തം പൗരന്മാരെയും വിഭവങ്ങളെയും പൂര്‍ണമായും ആശ്രയിക്കാനാവില്ല’

ജലീല്‍ പട്ടാമ്പി
ദുബൈ: യുഎഇയെ രണ്ടാം വീടായി കരുതുന്ന എല്ലാവരുമായും രാജ്യം അതിന്റെ വിജയ കഥ പങ്കു വെക്കുകയാണെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍. ഇന്ന് യുഎഇയുടെ 50-ാം ദേശീയ ദിനം ആഘോഷിക്കുന്നത് പ്രമാണിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത രാഷ്ട്രത്തോടായുള്ള സംബോധനയില്‍ ”പുരോഗതിയിലേക്ക് നയിക്കാന്‍ രാജ്യങ്ങള്‍ക്ക് അവരുടെ സ്വന്തം പൗരന്മാരെയും വിഭവങ്ങളെയും പൂര്‍ണമായും ആശ്രയിക്കാനാവില്ല” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പകരം, രാജ്യത്തിന്റെ അര നൂറ്റാണ്ടായുള്ള പ്രയാണത്തില്‍ യുഎഇയിലെ പ്രവാസ സമൂഹം അതിനിര്‍ണായകമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
ഇന്നാട്ടിലെ എല്ലാവര്‍ക്കും ശോഭനമായ ഭാവി സൃഷ്ടിക്കുന്നതിന് സഹായകമാവാന്‍ ഊര്‍ജവും പ്രതിഭയും ക്രിയാത്മകതയുമായി എത്തുന്ന ആരുമായും തങ്ങള്‍ തുറന്ന മന:സ്ഥിതിയുള്ളവരാണെന്നും ഡിസംബര്‍ 2ന് സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ചരിത്രപരമായ മുഹൂര്‍ത്തത്തില്‍ ”ഐക്യമാണ് ഞങ്ങളുടെ ഏറ്റവും വലിയ ഊര്‍ജ ഉറവിട”മെന്നും ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
യുഎഇ സായുധ സേനയിലെ സ്ത്രീ-പുരുഷ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച അദ്ദേഹം, അവരുടെ സുരക്ഷാ സേവനം കഴിഞ്ഞ 50 വര്‍ഷമായി രാജ്യത്തെ സംരക്ഷിച്ചുവെന്നും ഭാവിയിലും അത് തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.