യുഎഇ 50-ാം ദേശീയ ദിനം: ഏരിയല്‍, ടൈഡ്, ബോണക്‌സ് എന്നിവക്കൊപ്പം ലുലുവും ഗിന്നസ് നേട്ടത്തില്‍

21
പി & ജി മിഡില്‍ ഈസ്റ്റ് ഫാബ്രിക് കെയര്‍ വൈസ് പ്രസിഡന്റ് റാമി തര്‍ഷൂബി, ലുലു ഗ്രൂപ് റീജ്യനല്‍ ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ലുലു ഗ്രൂപ് ഇന്റര്‍നാഷണലിന് വേണ്ടി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വീകരിച്ചപ്പോള്‍

ദുബൈ: യുഎഇ ആസ്ഥാനമായ ഏരിയല്‍, ടൈഡ്, ബോണക്‌സ് എന്നീ ബഹുരാഷ്ട്ര പ്രസ്ഥാനവുമായി സഹകരിച്ച് ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ യുഎഇയുടെ സുവര്‍ണ ജൂബിലി സ്മരണാര്‍ത്ഥം പാക്കേജ് ചെയ്ത സാധനങ്ങളില്‍ നിന്നും ഏറ്റവും വലിയ മൊസൈക് പതാക നിര്‍മിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി. ഇന്നലെ അല്‍ ബര്‍ഷ ലുലു ഹൈപര്‍ മാര്‍ക്കറ്റിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് ഈ വിജയ നേട്ടം സ്വന്തമാക്കിയത്.
73.14 മീറ്റര്‍ സ്‌ക്വയര്‍ വലുപ്പത്തിലുള്ള ചതുര്‍ വര്‍ണ പതാക 4500 ഏരിയല്‍, ടൈഡ്, ബോണക്‌സ് ഉല്‍പന്നങ്ങള്‍ കൊണ്ടാണ് നിര്‍മിച്ചത്. പ്രോക്ടര്‍ & ഗാംബ്ള്‍ (പി & ജി) മിഡില്‍ ഈസ്റ്റിലെ ഫാബ്രിക് കെയര്‍ വൈസ് പ്രസിഡന്റ് റാമി തര്‍ഷൂബി, ലുലു ഗ്രൂപ് റീജ്യനല്‍ ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ലുലു ഗ്രൂപ് ഇന്റര്‍നാഷണലിന് വേണ്ടി റെക്കോര്‍ഡ് പ്രഖ്യാപനം നിര്‍വഹിക്കുകയും മാധ്യമപ്രവര്‍ത്തകരുടെയും മറ്റു പ്രമുഖരുടെയും സാന്നിധ്യത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പ്രതിനിധിയില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുകയും ചെയ്തു.
”ഇന്നത്തെ ഈ എളിയ നേട്ടം ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കാനും അസാധ്യമായതിനെ പുനര്‍നിര്‍വചിക്കാനും അറിയപ്പെടുന്ന ഒരു രാജ്യത്തിന് ബഹുമതി സമര്‍പ്പിക്കാനും ആഘോഷിക്കാനുമുള്ളതാണ്. പി & ജിയുടെ വളര്‍ച്ചയെ യുഎഇ എല്ലായ്‌പ്പോഴും പിന്തുണച്ചിട്ടുണ്ട്. ഈ രാഷ്ട്രത്തിന്റെ ഭരണകര്‍ത്താക്കളോട് ഞങ്ങള്‍ എന്നും നന്ദിയുള്ളവരാണ്. യുഎഇക്കും ജനങ്ങള്‍ക്കും 50-ാം ദേശീയ ദിന ആശംസകള്‍ നേരുന്നു” -തര്‍ഷൂബി പറഞ്ഞു.
നിലവില്‍ നാനൂറിലധികം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകളുള്ള ഈ രാജ്യത്തിന്റെ നീണ്ട ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ് ഈ സംരംഭമെന്നും അദ്ദേഹം പറഞ്ഞു.
ഈ നേട്ടം ആഘോഷിക്കാനായി എയര്‍ടെല്‍, ടൈഡ്, ബോണക്‌സ് ഉല്‍പന്നങ്ങള്‍ വാങ്ങുന്ന ആദ്യ 50 ഷോപര്‍മാര്‍ക്ക് 2021 ഡിസംബര്‍ 2 വ്യാഴാഴ്ച പി & ജിയില്‍ നിന്നും ഒരു വര്‍ഷത്തേക്കുള്ള അലക്കുല്‍പന്നങ്ങള്‍ അല്‍ ബര്‍ഷ ലുലു ഹൈപര്‍ മാര്‍ക്കറ്റ് സമ്മാനിക്കും.
കൂടാതെ, അല്‍ ബര്‍ഷ ലുലു ഹൈപര്‍ മാര്‍ക്കറ്റില്‍ ദേശീയ ദിനത്തില്‍ 50 ദിര്‍ഹം ചെലവഴിക്കുന്ന ആര്‍ക്കും ടൈഡ്, അല്ലെങ്കില്‍ ഏരിയല്‍ പോഡ്‌സിന്റെ സൗജന്യ പായ്ക്കും ലഭിക്കുന്നതാണ്.