യുഎഇ ഗോള്‍ഡന്‍ ജൂബിലി കോണ്‍ഫറന്‍സ് വെള്ളിയാഴ്ച; ഗള്‍ഫ് സത്യധാര പരിപാടിയില്‍ ജിഫ്രി തങ്ങള്‍ മുഖ്യാതിഥി

108
ഫുജൈറ സത്യധാര ഒരുക്കുന്ന യുഎഇ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ദുബൈ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചപ്പോള്‍

ഫുജൈറ: ഗള്‍ഫ് സത്യധാര ഫുജൈറ സ്റ്റേറ്റ് കമ്മിറ്റി നേതൃത്വത്തില്‍ ഫുജൈറ സുന്നി സെന്ററും മദ്രസ കമ്മിറ്റിയുമായി സഹകരിച്ച് ഗോള്‍ഡന്‍ ജൂബിലി കോണ്‍ഫറന്‍സ് വെള്ളിയാഴ്ച വൈകുന്നേരം 6.30ന് അല്‍ഹയ്ല്‍ മീഡിയ പാര്‍ക്കില്‍ വിപുല ആഘോഷങ്ങളോടെ ഒരുക്കുന്നു.
അഞ്ച് പതിറ്റാണ്ട് കൊണ്ട് യുഎഇ നേടിയ പുരോഗതിക്ക് നിദാനമായ ഘടകങ്ങള്‍ കോണ്‍ഫറന്‍സില്‍ പ്രമേയമാകും. ഏഴു എമിറേറ്റുകള്‍ ചേര്‍ന്ന് 50 വര്‍ഷം മുന്‍പ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് രൂപവത്കരിക്കുമ്പോള്‍ അതിനായി അഹോരാത്രം അധ്വാനിച്ച ശൈഖ് സായിദിന്റെ സ്മരണയിലാണ് നഗരി ഒരുക്കിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ഫുജൈറയിലെത്തി.
ഗോള്‍ഡന്‍ ജൂബിലി കോണ്‍ഫറന്‍സ് പ്രമേയ മികവു കൊണ്ടും അറബ് പ്രമുഖര്‍, ദേശീയ-സംസ്ഥാന കമ്മിറ്റി നേതാക്കള്‍ ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമാകും. രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെ ഇരുനൂറോളം അംഗങ്ങള്‍ പങ്കെടുക്കുന്ന യുഎഇ സത്യധാര ദേശീയ പ്രവര്‍ത്തക സമിതിയുടെയും യുഎഇയിലെ വിവിധ പ്രവിശ്യകളിലെ സുന്നി കൗണ്‍സിലുകളുടെയും സംഗമം വ്യത്യസ്ത വിഷങ്ങളെ ആസ്പദമാക്കി നടക്കും. തുടര്‍ന്ന്,
വൈകുന്നേരം 6.30ന് തുടങ്ങുന്ന സമാപന പൊതു സമ്മേളനത്തില്‍ യുഎഇയുടെ വിവിധ പ്രവിശ്യകളിലെ പൊതുജനങ്ങളും പ്രവര്‍ത്തകരും സംബന്ധിക്കും. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫുജൈറ പ്രവിശ്യയുടെ ഭാഗമായ ദിബ്ബ, ബിദിയ, മുറബ്ബ, മസാഫി, കല്‍ബ, ഖോര്‍ഫക്കാന്‍, ദയ്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും മറ്റു പ്രവിശ്യകളില്‍ നിന്നുമുള്ള പ്രമുഖരും പരിപാടിയില്‍ സംബന്ധിക്കും. പരിപാടി വന്‍ വിജയമാക്കാന്‍ അവസാന ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.