അബുദാബിയില്‍ പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ച് 2 ഇന്ത്യക്കാരടക്കം 3 മരണം; 6 പേര്‍ക്ക് പരിക്ക്

7

മരിച്ച ഇന്ത്യക്കാരുടെ വിവരം അന്വേഷിക്കുന്നുവെന്ന് എംബസി

ദുബൈ: പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ടു ഇന്ത്യക്കാര്‍ മരിച്ച വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ യുഎഇ അധികൃതരുമായി ബന്ധപ്പെട്ടു വരികയാണെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ (അഡ്‌നോക്) മുസഫയിലെ സ്‌റ്റോറേജ് ടാങ്കുകളിലാണ് ഇന്നലെ രാവിലെ സ്‌ഫോടനമുണ്ടായതെന്നും രണ്ടു ഇന്ത്യക്കാരടക്കം മൂന്നു പേര്‍ അപകടത്തിലുള്‍പ്പെട്ടുവെന്നും യുഎഇ അധികൃതര്‍ അറിയിച്ചതായി ട്വീറ്റിലാണ് എംബസി പറഞ്ഞത്. സ്‌ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
മുസഫയിലെ അഡ്‌നോക്കിന് സമീപത്തെ ഐകാഡ്-3 ഏരിയയില്‍ തീപിടിത്തമുണ്ടായെന്നും മൂന്ന് പെട്രോളിയം ടാങ്കറുകള്‍ ഇതേത്തുടര്‍ന്ന് പൊട്ടിത്തെറിച്ചുവെന്നും രണ്ടു ഇന്ത്യക്കാരും ഒരു പാക്കിസ്താനിയും കൊല്ലപ്പെട്ടുവെന്നും നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
മരിച്ചവരുടെ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും എംബസിയില്‍ നിന്നുള്ള ഔദ്യോഗിക വക്താവ് പറഞ്ഞു. അതിനിടെ, ഇന്നലെ രാവിലെ അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപം പുതിയ നിര്‍മാണ ഭാഗത്ത് തീപിടിത്തമുണ്ടായി. ഡ്രോണുകളാവാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികാന്വേഷണങ്ങളില്‍ നിന്നും ബോധ്യമായത്. തീപിടിത്തമുണ്ടാകുന്നതിന് തൊട്ടു മുന്‍പ് ഡ്രോണുകള്‍ രണ്ടിടങ്ങളിലായി പതിച്ചുവെന്നും അബുദാബി പൊലീസ് പറഞ്ഞു.
തീപിടിത്തത്തിന് കാരണമായ സംഭവം കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തി വരുന്നു.