ഷാര്‍ജ: ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശി വിനു എബ്രഹാം തോമസി(29)ന് 20 ലക്ഷം ദിര്‍ഹം (4 കോടി രൂപ) നഷ്ടപരിഹാരം നല്കാന് ദുബൈ കോടതിയുടെ വിധി. ഒന്നര വര്‍ഷത്തോളം നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് വിനുവിന് അനുകൂലമായ കോടതി ഉത്തരവ്.
2019 നവംബര്‍ 9ന് ദുബൈ-അല്‍ ഐന്‍ റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടാവുകയായിരുന്നു. വിനുവിന്റെ വാഹനവുമായി ഇടിച്ച എതിര് വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടര്‍ന്ന് ഡ്രൈവര്‍ക്ക് കോടതി ശിക്ഷവ ിധിക്കുകയും ചെയ്തു. എന്നാല്‍, ഈ വാഹനാപകടത്തില്‍ കാര്യമായ പരിക്കുകളാണ് വിനുവിനുണ്ടായത്. അതിനാല്‍, നഷ്ടപരിഹാരം ലഭിക്കാനായി ഇദ്ദേഹത്തിന്റെ സഹോദരന് വിനീഷ്, മുന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് ഇ.പി ജോണ്സണ്, ബന്ധുക്കളായ അലന്, ജിനു എന്നിവര്‍ ഷാര്‍ജയിലെ യൂനിസ് അല്‍ ബലൂഷി ലോയര്‍ ആന്റ് ലീഗല്‍ കണ്‍സള്‍ട്ടന്റ്സിലെ നിയമ കാര്യ പ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ ഇന്‍ഷുറന്‍സ് അഥോറിറ്റിയില്‍ വാഹനം ഇന്‍ഷുര്‍ ചെയ്ത പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയും എതിര് വാഹന ഡ്രൈവര്‍ക്കെതിരെയും നഷ്ട പരിഹാര കേസ് ഫയല്‍ ചെയ്തു. തെറ്റ് എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്താണെന്നും അതുകൊണ്ട് വിനു നഷ്ടപരിഹാരത്തിന് അര്‍ഹനാണെന്നും ഇന്‍ഷുറന്‍സ് അഥോറിറ്റി കണ്ടെത്തി. രണ്ട് മില്യന്‍ ദിര്‍ഹമും അത് പൂര്‍ണമായി അടച്ചു തീര്‍ക്കുന്നത് വരെയുള്ള ഒന്‍പത് ശതമാനം നിയമപരമായ ഗുണവും ഇന്‍ഷുറന്‍സ് കമ്പനി വിനുവിന് നല്കാന് ഇന്‍ഷുറന്‍സ് അഥോറിറ്റി ഉത്തരവിട്ടു. എന്നാല്‍, ഇന്‍ഷുറന്‍സ് അഥോറിറ്റിയുടെ വിധിയില്‍ അതൃപ്തി ചൂണ്ടികാണിച്ചുകൊണ്ട് ഇന്‍ഷുറന്‍സ് കമ്പനി ദുബൈ സിവില്‍ കോടതിയില്‍ കേസ് കൊടുത്തെങ്കിലും സിവില്‍ കോടതി ഇന്‍ഷുറന്‍സ് അഥോറിറ്റിയുടെ വിധി ശരി വെച്ച് ഇന്‍ഷുറന്‍സ് കമ്പനിയോട് വിനുവിന് രണ്ട് മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കാനും ഒപ്പം, കോടതി ചെലവുകളും അടയ്ക്കാന്‍ ഉത്തരവിടുകയാണുണ്ടായത്.