1978 ആഗസ്ത് മാസം 27ന് ദുബൈയില്‍ വന്നു. അധികം താമസിയാതെ 1979ല്‍ അബുദാബിയിലേക്ക് പറിച്ചുനട്ടു. ’80ല്‍ അബുദാബി മിലട്ടറി പ്രിന്റിംഗ് പ്രസ്സില്‍ ജോലിക്ക് കയറിയ അദ്ദേഹം, 25 വര്‍ഷം അവിടെ സേവനമനുഷ്ഠിച്ചു. അതിനു ശേഷം, അബുദാബി മീഡിയയുടെ കീഴിലുള്ള യുണൈറ്റഡ് പ്രിന്റിംഗ് ആന്റ് പബ്ളിഷിംഗ് എന്ന ഗവണ്മെന്റ് പ്രിന്റിംഗ് പ്രസ്സില്‍ ജോലി ചെയ്തു വരുന്നു. അവിടെ സൂപര്‍വൈസര്‍ തസ്തികയില്‍ നിന്നാണ് ഇപ്പോള്‍ വിട പറയുന്നത്. നാട്ടില്‍ പഞ്ചായത്ത് യൂത്ത് ലീഗിന്റെ ജനറല്‍ സെക്രട്ടറി പദവിയിലിരിക്കുമ്പോഴാണ് ഗള്‍ഫിലേക്ക് വരുന്നത്. ചന്ദ്രിക റീഡേഴ്സ് ഫോറം കോഴിക്കോട് ജില്ലാ കെഎംസിസി കൗണ്‍സിലര്‍, ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ഖജാഞ്ചി എന്നീ പദവികള്‍ വഹിക്കുകയും ഇപ്പോള്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്യുന്നു. സംസ്ഥാന കെഎംസിസിയുടെ വൈസ് പ്രസിഡണ്ട്, ചെറിയൊരു കാലയളവില്‍ സംസ്ഥാന കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൂടാതെ, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലീഫ് സെക്രട്ടറിയാവുകയും അബുദാബി കാപ്പാട് ഐനുല്‍ ഹുദാ യതീംഖാന കമ്മിറ്റി പ്രസിഡണ്ട് സ്ഥാനത്ത് ദീര്‍ഘ കാലം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എസ്കെഎസ്എസ്എഫ് അബുദാബി കമ്മിറ്റിയുമായി വളരെ നല്ല സൗഹൃദവും അടുപ്പവും സൂക്ഷിക്കുന്നു. സമസ്തയിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പില്‍ ഔദ്യോഗിക പക്ഷത്തോടൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.
കെഎംസിസിയുടെ ബാനറില്‍ പൊതു വേദിയില്‍ ആദ്യമായി സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതില്‍ കോയ സാഹിബ് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചു. അതുവഴി ലഭിച്ച വരുമാനം വഴി ബൈത്തുര്‍റഹ്മ എന്ന ആശയത്തിന് മുന്‍പേ ഏഴ് വീടുകള്‍ നിര്‍മിച്ച് നല്കാന് വഴിയൊരുക്കി. ശേഷം, പ്രവാസി ക്ഷേമ പദ്ധതിയായ ‘പ്രതീക്ഷ’, മംഗല്യ പദ്ധതികളായ ‘മംഗല്യ മധുരം’, ‘സാഫല്യം’, ‘കോഴിക്കോടന്‍ ഫെസ്റ്റ്’, ഏറ്റവുമൊടുവില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും സിഎച്ച് സെന്റര്‍ ഓട്ടിസം തെറാപ്പി സെന്റര്‍ നിര്‍മാണാവശ്യാര്‍ത്ഥം നടത്തിയ ബിരിയാണി ചാലഞ്ചിലുമടക്കം പുതുമയാര്‍ന്ന നിരവധി പരിപാടികളും ക്ഷേമ പദ്ധതികളും നടപ്പാക്കാന്‍ ആലിക്കോയ സാഹിബിന്റെ നേതൃത്വത്തില്‍ വഹിച്ച പങ്ക് ചെറുതല്ല. നിഷ്കളങ്കമായി സംഘടനാ പ്രവര്‍ത്തനം നടത്തുമ്പോഴും ‘കോംപ്രമൈസ്ഡ് പൊളിറ്റിക്സി’ന് എതിരാണ് കോയ സാഹിബ്. ആദര്‍ശം അടിയറ വെക്കാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍, തന്റെ ശ്രദ്ധയില്‍ കാണുന്ന തെറ്റ് ചൂണ്ടിക്കാണിക്കാനും തിരുത്തിക്കാനുമുള്ള അദ്ദേഹത്തിന്റെ മികവ് ഏവരും പ്രശംസിച്ചതാണ്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മണ്ഡലത്തിലെ ചേമഞ്ചേരി പഞ്ചായത്തില്‍ പൂക്കാട് എന്ന പ്രദേശത്താണ് ഇപ്പോള്‍ താമസിക്കുന്നത്. പഠന കാലത്ത് തൊട്ടടുത്ത പഞ്ചായത്തായ ചെങ്ങോട്ടുകാവിലായിരുന്നു താമസം.
ഭാര്യ: ജമീല. മക്കള്‍: ഫെമിദ, മുഹമ്മദ് ഫാസില്‍ (ദുബൈ).
അബുദാബി: നീണ്ട 43 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ മൂന്ന് തലമുറകളോടൊപ്പം സംഘടനാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി സാഭിമാനം പി.ആലിക്കോയ എന്ന പട്ടവീട്ടില്‍ ആലിക്കോയ നാട്ടിലേക്ക് തിരിക്കുകയാണ്. സിഎച്ചിന്റെയും സീതി സാഹിബിന്റെയും കൂടെ പ്രവര്‍ത്തിച്ച പ്രമുഖര്‍ മുതല്‍ ഇന്നത്തെ പുതു തലമുറ വരെയുള്ള പ്രവര്‍ത്തകരോടൊപ്പം മുന്നേറിയ കോയ സാഹിബിന്റെ പ്രവര്‍ത്തന രീതിയും നേതൃമികവും വ്യത്യസ്തമാണ്. മധ്യസ്ഥ വിഷയത്തില്‍ നാട്ടിലും പ്രവാസ ലോകത്തും അദ്ദേഹം എന്നും പ്രധാന റോളിലായി ഉണ്ടാവാറുണ്ട്. 1977ലെ കലുഷിതമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം 1978ല്‍ പ്രവാസത്തിലേക്ക് ചേക്കേറുമ്പോഴും ആ വീര്യം ചോരാതെ മനസ്സില്‍ സൂക്ഷിച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് കോയ സാഹിബ്. ഇന്നും അതേ ആവേശത്തോടെ ചെറിയ പ്രവര്‍ത്തകരെയും നേതാക്കളെയും ഒരേ പോലെ കാണാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പ്രവര്‍ത്തകരുടെ വീട്ടുകാര്യം വരെ കോയ സാഹിബ് അന്വേഷിക്കുമെന്നത് തന്നെയാണ് പ്രവര്‍ത്തകരുടെ മനസ്സില്‍ ഇത്ര സ്ഥാനം നേടാന്‍ ഇടയാക്കിയിട്ടുള്ളത്.