അന്‍സാര്‍ കൊയിലാണ്ടിക്ക് മാപ്പിള സംഗീത അക്കാദമി ഗോള്‍ഡന്‍ എക്‌സലന്‍സി അവാര്‍ഡ്

6
അന്‍സാര്‍ കൊയിലാണ്ടി

കോഴിക്കോട്: പ്രവാസി മലയാളിയും കോഴിക്കോട് കൊയിലാണ്ടി സ്വദേശിയുമായ അന്‍സാര്‍ കൊയിലാണ്ടിക്ക് ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ഗോള്‍ഡന്‍ എക്‌സലന്‍സി അവാര്‍ഡ്. പ്രവാസ ഭൂമിയില്‍ നിരവധി വേദികളിലൂടെ ഒട്ടനവധി കലാകാരന്‍മാര്‍ക്ക് അവസരം ഒരുക്കിയ വ്യക്തി കൂടിയാണ് അന്‍സാര്‍. കൂടാതെ, കലാ രംഗത്ത് അവശരായ നിരവധി ആളുകള്‍ക്ക് സഹായ ഹസ്തവുമായി മുന്നോട്ട് വന്നിട്ടുള്ളയാളുമാണ് ഈ കൊയിലാണ്ടിക്കാരന്‍. പ്രമുഖരടങ്ങിയ ജൂറിയാണ് അന്‍സാര്‍ കൊയിലാണ്ടിയുടെ പ്രവര്‍ത്തന മേഖല പരിഗണിച്ച് ഗോള്‍ഡന്‍ എക്‌സലന്‍സി അവാര്‍ഡിന് തെരഞ്ഞെടുത്തത്. ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി മുപ്പതാമത് വാര്‍ഷികാഘോഷ പരിപാടി ജനുവരി 12ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കുകയാണ്. എം.കെ രാഘവന്‍ എംപി, പി.ടി.എ റഹീം എംഎല്‍എ, മുന്‍ എംഎല്‍എ പുരുഷോത്തമന്‍, ഹുസൈന്‍ രണ്ടത്താണി തുടങ്ങിയ സാമൂഹിക-സാംസ്‌കാരിക-കലാ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ അന്‍സാര്‍ കൊയിലാണ്ടിക്ക് അവാര്‍ഡ് സമ്മാനിക്കും.