രോഗീ സേവനം: ഡിജിറ്റല്‍ സാധ്യതകളുപയോഗിക്കാന്‍ ഇന്ത്യയോടഭ്യര്‍ത്ഥിച്ച് ഡോ. ആസാദ് മൂപ്പന്‍

12
ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍

ദുബൈ: ദുബൈ എക്‌സ്‌പോ 2020യുടെ ഇന്ത്യന്‍ പവലിയനില്‍ സംഘടിപ്പിക്കപ്പെട്ട ടൂറിസം മന്ത്രാലയത്തിന്റെ ‘ഹീല്‍ ഇന്‍ ഇന്ത്യ ലോഞ്ചിംഗ്’ ചടങ്ങില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും എംഡിയുമായ ഡോ. ആസാദ് മൂപ്പന്‍, രോഗ പരിചരണ മേഖലയിലും ആരോഗ്യ ക്ഷേമ രംഗത്തും ഇന്ത്യക്ക് മികച്ച ലക്ഷ്യസ്ഥാനമായി ഉയര്‍ന്നു വരാനുള്ള സാധ്യതകള്‍ വിശദീകരിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുളള രോഗികള്‍ക്ക് മികച്ച ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഗുണനിലവാര നിയന്ത്രണം നിര്‍ബന്ധമാക്കണം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് ഡോക്ടര്‍മാരുടെ വൈദഗ്ധ്യത്തില്‍ വലിയ വിശ്വാസമുണ്ടെന്ന വസ്തുതയാണ് ഇന്ത്യയിലേക്കുള്ള മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകളെ വലിയ തോതില്‍ പിന്തുണക്കുന്നത്. എന്നിരുന്നാലും, എന്‍എബിഎച്ച്, ജെസിഐ പോലുള്ള അക്രഡിറ്റേഷനുകളുള്ള ആശുപത്രികളിലേക്ക് മാത്രം വിദേശത്ത് നിന്നുളള രോഗികള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരു പാനല്‍ രൂപീകരിക്കണം. വിമര്‍ശനങ്ങള്‍ ഒഴിവാക്കി പരിചരണത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ ഇത് തീര്‍ച്ചയായും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗ പരിചരണത്തിനും ആരോഗ്യ ക്ഷേമത്തിനുമുള്ള ഒരു ലക്ഷ്യസ്ഥാനമായി ഉയര്‍ന്നുവരുന്നതിന്റെ സവിശേഷമായ നേട്ടം ഇന്ത്യയ്ക്കുണ്ട്. പരമ്പരാഗത ആയുര്‍വേദ ചികിത്സയിലൂടെ സമഗ്രമായ രോഗശാന്തി അനുഭവം നല്‍കാനാവുന്നതിനൊപ്പം, മികച്ച മെഡിക്കല്‍ ക്‌ളിനിക്കല്‍ വൈദഗ്ധ്യവും ആകര്‍ഷകമായ ചെലവില്‍ ഇന്ത്യ ക്ക് ലഭ്യമാക്കാനാകുന്നു.
ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ പരിരക്ഷാ ദാതാക്കള്‍ക്ക് ഡിജിറ്റല്‍ ആരോഗ്യ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗത്തിലൂടെ ലോകമെമ്പാടുമുള്ള രോഗികളെ സേവിക്കാന്‍ കഴിയും. ടെലി റേഡിയോളജി, ടെലിപത്തോളജി, റിമോട്ട് ഐസിയു മോണിറ്ററിംഗ് തുടങ്ങിയ ടെലിമെഡിസിനപ്പുറം ഡിജിറ്റല്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കി നോളജ് പ്രോസസ് ഔട്‌സോഴ്‌സിംഗ് സെന്ററായി മാറാന്‍ ഇന്ത്യക്ക് കഴിവുണ്ട്. സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ റിമോര്‍ട്ട് സേവനങ്ങളിലായിരിക്കും ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി. റോബോട്ടിക് ശസ്ത്രക്രിയകള്‍ മികച്ച ഉദാഹരണമാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഇരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് റിമോട്ട് അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ആഫ്രിക്കയിലെ ഒരു രോഗിക്ക് ശസ്ത്രക്രിയ നടത്താനാകുമെന്ന് പ്രതീക്ഷിക്കാം.
സാധ്യമായ അന്താരാഷ്ട്ര വിപണികളിലുടനീളം റോഡ് ഷോകളിലൂടെ ‘ഹീല്‍ ഇന്‍ ഇന്ത്യ കാമ്പയിന്‍’ പ്രയോജനപ്പെടുത്തണം. മെഡിക്കല്‍ വാല്യൂ ടൂറിസത്തില്‍ ഇന്ത്യയുടെ പ്രാവീണ്യം പ്രദര്‍ശിപ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിനും ടൂറിസം മന്ത്രാലയത്തിനുമൊപ്പം ഈ രംഗത്തെ പൊതു-സ്വകാര്യ കമ്പനികളും ഒരുമിച്ചു നില്‍ക്കണം.
ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ട യുഎഇയില്‍ നിന്നുള്ള ഒരേയൊരു ഹെല്‍ത്ത് കെയര്‍ സ്ഥാപനമാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. 1987ല്‍ യുഎഇയില്‍ ആരംഭിച്ച ആസ്റ്റര്‍, ഇന്ത്യയിലെയും ജിസിസിയിലെയും ഏറ്റവും വലിയ സംയോജിത ആരോഗ്യ സംരക്ഷണ ദാതാക്കളില്‍ ഒന്നായി ഇന്ന് ഉയര്‍ന്നിരിക്കുന്നു. 27 ആശുപത്രികള്‍, 126 ക്‌ളിിനിക്കുകള്‍/ ലാബുകള്‍, 302 ഫാര്‍മസികള്‍ എന്നിവയുടെ ശൃംഖലയിലൂടെ 7 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം 455 സ്ഥാപനങ്ങളിലൂടെ പ്രതിവര്‍ഷം ഏകദേശം 20 ദശലക്ഷം ആളുകള്‍ക്ക് ആസ്റ്റര്‍ മെഡിക്കല്‍ സേവനം നല്‍കുന്നു. ഇന്ത്യയില്‍, 14 ആശുപത്രികള്‍ക്ക് പുറമെ, 77 ആസ്റ്റര്‍ ബ്രാന്‍ഡഡ് ഫാര്‍മസികള്‍, 9 ആസ്റ്റര്‍ ലാബുകള്‍, ആസ്റ്റര്‍ ക്‌ളിിനിക്കുകള്‍, ആസ്റ്റര്‍ ഹോം കെയര്‍ എന്നിവയിലൂടെ സ്ഥാപനം 5 സംസ്ഥാനങ്ങളിലായി അതിന്റെ സമഗ്ര ആരോഗ്യ പരിചരണ ശൃംഖല അതിവേഗം വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ്.