തുര്‍ക്കിയില്‍ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളിക്കെതിരെ അന്വേഷണമാരംഭിച്ചു

8
അനീഷ് കരിപ്പാക്കുളം

അഴിമതി നടത്തി മുങ്ങിയത് ലുലു ഗ്രൂപ് ജീവനക്കാരന്‍ തൃശ്ശൂര്‍ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം.

ഇസ്താംബൂള്‍/അബുദാബി: തുര്‍ക്കിയില്‍ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയ മലയാളിക്കെതിരെ ഇസ്താംബൂള്‍ പബ്‌ളിക് പ്രോസിക്യൂഷന്‍ അന്വേഷണമാരംഭിച്ചു. ലുലു ഗ്രൂപ്പിന്റെ തുര്‍ക്കി ഇസ്താംബൂളിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൃശ്ശൂര്‍ ചെറുത്തുരുത്തി സ്വദേശി അനീഷ് കരിപ്പാക്കുളം സയ്യിദ് മോനാണ് തുര്‍ക്കിയില്‍ നിന്നും നാടകീയമായി നാട്ടിലേക്ക് മുങ്ങിയത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അനീഷ് 2017 ഒക്‌ടോബറിലാണ് ഇസ്താംബൂളിലെത്തിയത്. ലുലു ഇസ്താംബൂള്‍ ഓഫീസിലെ മാര്‍ക്കറ്റിംഗ് മാനേജരായി ജോലി ചെയ്യവേ സ്വന്തം നിലക്ക് സപ്‌ളയര്‍മാരുമായി ഇടപാടുകള്‍ ആരംഭിച്ച് വന്‍ അഴിമതി നടത്തിയെന്നാണ് പരാതി. രണ്ടര ലക്ഷം യു.എസ് ഡോളറിന്റെ (ഏകദേശം രണ്ട് കോടി രൂപ) ഇടപാടുകളാണ് ഇക്കാലയളവില്‍ അനീഷ് കമ്പനിയറിയാതെ സ്വന്തമായി ചെയ്തത്. വാര്‍ഷികാവധിക്ക് നാട്ടിലേക്ക് പോയ സമയത്താണ് അനീഷിന്റെ ഇടപാടുകളെ കുറിച്ച് ലുലു അധികൃതര്‍ക്ക് വ്യക്തമായ വിവരം ലഭിക്കുന്നത്.
അവധി കഴിഞ്ഞ് തിരികെ ഇസ്താംബൂളിലെത്തിയ അനീഷിനോട് അബുദാബി ഹെഡ് ഓഫിസിലെത്തി അന്വേഷണത്തിന് വിധേയനാവാന്‍ ആവശ്യപ്പെടുകയായിരുന്നു. അബുദാബിയിലേക്ക് പോകുന്നുവെന്ന ധാരണ നല്‍കിയാണ് അനീഷ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് രക്ഷപ്പെട്ടത്.
അനീഷിനെതിരെ ഇസ്താംബൂള്‍ പൊലീസ്, ഇന്ത്യന്‍ എംബസി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്ന് ലുലു ഗ്രൂപ് കമ്യൂണികേഷന്‍സ് ഡയറക്ടര്‍ വി.നന്ദകുമാര്‍ അറിയിച്ചു.
വിശ്വാസ വഞ്ചനയും നിയമപരമല്ലാത്ത മാര്‍ഗത്തിലൂടെ ജോലി ചെയ്ത സ്ഥാപനത്തിന്റെ ഖ്യാതിക്ക് കളങ്കമേല്‍പിച്ചതുമാണ് പരാതിയില്‍ പറഞ്ഞ കുറ്റങ്ങള്‍. ഇയാള്‍ക്കെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള നടപടികളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിനും കൈമാറിയിട്ടുണ്ട്.