ദുബൈ: അനധികൃത ഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പങ്കു വെക്കുന്നതില്‍ നിന്നും ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ വിട്ടു നില്‍ക്കണമെന്നും അല്ലാത്ത പക്ഷം കനത്ത പിഴകളടക്കമുള്ള ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുമെന്നും നിയമ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് വിവരങ്ങളുടെ വിശ്വാസ്യതയും ഉറവിടവും സ്ഥിരീകരിക്കേണ്ട ഉത്തരവാദിത്തം ഉപയോക്താവില്‍ നിക്ഷിപ്തമാക്കുന്നതാണ് യുഎഇയിലെ പുതിയ സൈബര്‍ നിയമമെന്ന് നിയമ രംഗത്തെ വിദഗ്ധനായ മുഹമ്മദ് അല്‍ ദബ്ഹഷിയെ(എഡിജി ലീഗല്‍) ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞു. കേട്ടുകേള്‍വികള്‍, വ്യാജ വാര്‍ത്തകള്‍, അനൗദ്യോഗിക വാര്‍ത്തകള്‍ എന്നിവയടങ്ങിയതോ ദേശീയ സുരക്ഷയെ ബാധിക്കുന്നതോ ആയ കാര്യങ്ങളാണ് ഷെയര്‍ ചെയ്യപ്പെട്ടതെങ്കില്‍ അത് ചെയ്തയാള്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കും. ജനങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്ന കാര്യത്തിലും പുതിയ നിയമം നടപടികളെന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അനുമതി ഇല്ലാതെ ആളുകളുടെ ഫോട്ടോകളോ വീഡിയോയോ എടുത്ത് ഒരു സാഹചര്യത്തിലും സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ഷെയര്‍ ചെയ്യുകയോ അരുത്. നിയമ നടപടി നേരിടേണ്ടി വരും. അതേസമയം, കുറ്റകൃത്യങ്ങളും നിയമ ലംഘനങ്ങളും നടക്കുന്ന സന്ദര്‍ഭങ്ങളില്‍ അധികൃതര്‍ക്ക് തെളിവ് കൈമാറുന്നതിന് ചിത്രീകരിക്കാനും റെക്കോര്‍ഡ് ചെയ്യാനും അനുമതിയുണ്ട്.
അടുത്തിടെ ഹൂത്തി ഭീകരവാദികള്‍ നടത്തിയ ആക്രമണത്തെ യുഎഇ പ്രതിരോധ സേനകള്‍ തടഞ്ഞ് പരാജയപ്പെടുത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ദേശീയ സുരക്ഷയെ ബാധിക്കുമെന്നതിന്റെ പേരില്‍ ഇത്തരം താക്കീതുകളും മാര്‍ഗനിര്‍ദേശങ്ങളും യുഎഇ പബ്ളിക് പ്രോസിക്യൂഷന് പുറപ്പെടുവിച്ചതും നിയമ വിദഗ്ധര്‍ അതേക്കുറിച്ച് പൊതുജന ബോധവത്കരണവുമായി രംഗത്ത് വന്നതും.
സോഷ്യല്‍ മീഡിയയിലെ ലംഘനങ്ങള്‍ക്കുള്ള ശിക്ഷകളും പിഴകളും:
പൊതുജനങ്ങളെ ഇളക്കുന്നതും അസ്വസ്ഥമാക്കുന്നതും ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതുമായ വിവരങ്ങള്‍ പങ്കു വെച്ചാല്‍ 100,000 ദിര്‍ഹം പിഴ.
വ്യാജ വാര്‍ത്തകള്‍, കിംവദന്തികള്‍, ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്ക് കടകവിരുദ്ധമായ തെറ്റായ വിവരങ്ങള്‍ എന്നിവക്ക് ഒരു വര്‍ഷത്തെ തടവും 100,000 ദിര്‍ഹം പിഴയും.
മഹാമാരി, അടിയന്തിരാവസ്ഥകള്‍, പ്രതിസന്ധികള്‍ എന്നീ സന്ദര്‍ഭങ്ങളിലെ വ്യാജ വാര്‍ത്തകള്‍ക്ക് രണ്ടു വര്‍ഷത്തെ തടവും 200,000 ദിര്‍ഹം പിഴയും.
വ്യക്തികളുടെ അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളുമെടുത്താല് 6 മാസത്തെ തടവും ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും.
ഒരു വ്യക്തിയെ സംബന്ധിച്ച അഭിപ്രായങ്ങള്‍, വാര്‍ത്തകള്‍, ചിത്രങ്ങള്‍, അല്ലെങ്കില്‍ വിവരങ്ങള്‍ എന്നിവ ശരിയാണെങ്കിലും അവ അപായകരകുമെങ്കില് 6 മാസം തടവ്, ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ.
തെറ്റിദ്ധരിപ്പിക്കുന്നതോ, അല്ലെങ്കില്‍ ശരിയല്ലാത്തതോ ആയ പരസ്യങ്ങള്‍ക്ക് തടവും 20,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും.
ഒരു വിദേശ രാഷ്ട്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിവരം, അല്ലെങ്കില്‍ ഡാറ്റ എന്നിവ പങ്കു വെച്ചാല്‍ 6 മാസത്തെ തടവും ഒന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും.
അശ്ളീലമോ, അല്ലെങ്കില്‍ അമാന്യമായ ഉള്ളടക്കമുള്ളതോ ആയ കാര്യമാണ് ഷെയര്‍ ചെയ്യപ്പെട്ടതെങ്കില്‍ ജയില്‍ ശിക്ഷയും രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തുന്നതാണ്.
ദൈവദൂഷണവും മത വിരോധവും പ്രകടിപ്പിച്ചുള്ള സംസാരത്തിന് ജയില്‍ ശിക്ഷയും 10 ലക്ഷം ദിര്‍ഹം വരെ പിഴയും ഈടാക്കും.
സംഭാവന സ്വീകരിച്ചു കൊണ്ടുള്ള ഉള്ളടക്കത്തിന് ജയില്‍ ശിക്ഷയും 200,000 മുതല്‍ 500,000 ദിര്‍ഹം വരെ പിഴയും ചുമത്തുന്നതാണ്.
ലൈസന്‍സില്ലാത്ത മെഡിക്കല്‍ ഉല്പന്നങ്ങളെ പ്രമോട്ട് ചെയ്താല്‍ ജയില്‍ ശിക്ഷയും പിഴയും വിധിക്കുന്നതാണ്.