ഡോ. സുബൈര്‍ മേടമ്മലിന് യുഎഇ ഗോള്‍ഡന്‍ വിസ

5
യുഎഇ ഗോള്‍ഡന്‍ വിസ അബുദാബി എമിഗ്രേഷന്‍ മേധാവി ഡോ. മുഹമ്മദ് ബിന്‍ ഹരീസ് അല്‍ റാഷിദില്‍ നിന്ന് ഡോ. സുബൈര്‍ മേടമ്മല്‍ സ്വീകരിക്കുന്നു

ദുബൈ: പ്രമുഖ ഫാല്‍കണ്‍ ഗവേഷകനും കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനുമായ ഡോ. സുബൈര്‍ മേടമ്മലിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. അറബ് രാജ്യങ്ങളിലെ ദേശീയ പക്ഷിയായ ഫാല്‍കണുകളെ കുറിച്ച് അദ്ദേഹം പതിറ്റാണ്ടുകളായി നടത്തുന്ന ഗവേഷണങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഫാല്‍കണിസ്റ്റ് എന്ന നിലയില്‍ യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിച്ചത്. അബുദാബി എമിഗ്രേഷന്‍ മേധാവി ഡോ. മുഹമ്മദ് ബിന്‍ ഹരീസ് അല്‍ റാഷിദില്‍ നിന്ന് ഡോ. സുബൈര്‍ മേടമ്മല്‍ വിസ ഏറ്റുവാങ്ങി.
26 വര്‍ഷമായി ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും ഫാല്‍കണ്‍ പക്ഷികളെ കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. സുബൈര്‍ ഫാല്‍കണ്‍ പഠനത്തില്‍ ഡോക്ടറേറ്റ് ലഭിച്ച ആദ്യ ഇന്ത്യക്കാരനാണ്. എമിറേറ്റ്‌സ് ഫാല്‍കണ്‍ ക്‌ളബ്ബില്‍ അംഗത്വമുള്ള ഏക അനറബിയാണിദ്ദേഹം. വ്യത്യസ്ത രാജ്യങ്ങളിലെ ഫാല്‍കണ്‍ ക്‌ളബ്ബുകളിലും അംഗത്വമുണ്ട്. ജിസിസി രാജ്യങ്ങളിലും ജര്‍മനിയിലും ഗവേഷണം നടത്തിയിട്ടുണ്ട്. ആസ്‌ത്രേലിയയിലെ ചാള്‍സ് സ്റ്റുവര്‍ട്ട് സര്‍വകലാശാലയിലടക്കം വിവിധ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളില്‍ ക്‌ളാസുകളെടുത്തിട്ടുണ്ട്. ഫാല്‍കണ്‍ സിമ്പോസിയങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
ലോക രാഷ്ട്രങ്ങളിലെ സമ്മേളനങ്ങളിലും സെമിനാറുകളിലും പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഒട്ടനവധി വന്യ ജീവി സംഘടനകളിലും ഇദ്ദേഹത്തിന് മെംബര്‍ഷിപ്പുണ്ട്. വിവിധ തരം ഫാല്‍കണുകളുടെ 15 വ്യത്യസ്ത തരം ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് സോണോഗ്രാം ആക്കിയ ഏക വ്യക്തി കൂടിയാണ് ഡോ. സുബൈര്‍.
തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയായ ഇദ്ദേഹം കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ജന്തുശാസ്ത്ര വിഭാഗത്തിലെ അധ്യാപകനും അന്തര്‍ ദേശീയ പക്ഷി ഗവേഷണ കേന്ദ്രം കോഓര്‍ഡിനേറ്ററുമാണ്.