ദുബൈ: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂറിന് ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ സ്നേഹാദരം നല്കി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുളള പ്രിയ എഴുത്തുകാരന്റെ മറുപടി പലപ്പോഴും ഓര്‍മകളിലേക്കുളള മടക്കം കൂടിയായി.
”ഹൃദയം കൊണ്ട് ചേര്‍ത്തു വെക്കുന്ന ഭൂമിയാണ് എന്നും യുഎഇ. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് അറിയുമ്പോള്‍ ഇവിടെയായിരുന്നുവെന്നത് യാദൃഛികതയാവാമെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാര ലബ്ധി ആഘോഷിക്കണമെന്ന് പ്രിയപ്പെട്ടവര്‍ പറഞ്ഞപ്പോള്‍ അവരോട് ഒരു കാര്യം മാത്രമേ പറഞ്ഞുളളൂ, കണ്ണീരിന്റെ കാലമാണിത്. ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല, സ്നേഹം ഹൃദയ രാഗമായൊഴുകട്ടെ” -അദ്ദേഹം പറഞ്ഞു.

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ‘ഹൃദയരാഗങ്ങള്‍’ എന്ന കൃതിക്ക് ആദ്യം നല്കാന് കരുതിയിരുന്ന പേര് ‘അജ്ഞാതന്റെ കരസ്പര്‍ശം’ എന്നായിരുന്നു. ജീവിതത്തില്‍ പലപ്പോഴും അജ്ഞാതമായ ഒരു ശക്തി പിന്തുണ നല്‍കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍, പിന്നീട് ‘ഹൃദയരാഗങ്ങളാ’യി പുസ്തകം പുറത്തിറങ്ങുകയായിരുന്നു -അദ്ദേഹം വ്യക്തമാക്കി. ”ഒരിക്കല്‍ ഒരു മാധ്യമ പ്രവര്ത്തകന് ആരാണ് താങ്കള്‍ എന്ന ചോദ്യം ഉന്നയിച്ചു. മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു -ഉഴവുചാലില്‍ കിളിര്‍ത്തൊരു ചെടിയാണ്. ആരുടെയൊക്കെയോ കരുണയാല്‍ പറിച്ചു നടപ്പെട്ട ചെടി, ആരുടെയോ അലിവിലൊഴുകിയ വെള്ളം ജീവാമൃതമായി, ആ ചെടി വളര്‍ന്നു, പുഷ്പിച്ചു, അതാണീ ജീവിതം”.
പലരും തന്നെക്കുറിച്ച് അമ്മ മനസുളള എഴുത്തുകാരനെന്ന് പറയാറുണ്ട്. സ്ത്രീകളെ മോശമാക്കിയുളള എഴുത്തുകാരോട് താല്പര്യമില്ല. മനുഷ്യത്വത്തിലൂന്നിയാണ് എന്നും എഴുതിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.
സൗന്ദര്യമാണ് ലഹരി, മനുഷ്യത്വമാണ് സൗന്ദര്യം. മറ്റൊരു ലഹരിയും മനസ്സിലേക്ക് വന്നിട്ടില്ല. അതുകൊണ്ടു തന്നെയാണ് സിനിമയില്‍ കൂടുതല്‍ നില്ക്കാനാവാതെ പോയത്. പുക വലിക്കില്ലെന്നത് അമ്മക്ക് നല്കിയ വാക്കാണ്, അതിതു വരെയും തെറ്റിച്ചിട്ടില്ല, ഇനി തെറ്റിക്കുകയുമില്ല, അമ്മയാണ് എല്ലാം.
യുഎഇയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മക്ക് അദ്ദേഹത്തെ ആദരിക്കാന്‍ ലഭിച്ച അവസരം അനുഗ്രഹ നിമിഷമാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ രാജു മാത്യു പറഞ്ഞു. പഠിപ്പിച്ചിട്ടില്ലെങ്കിലും ജോര്‍ജ് ഓണക്കൂര്‍ അധ്യാപകനായ ക്യാംപസില്‍ വിദ്യാര്‍ത്ഥിയായിരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഗുരുസ്ഥാനീയനാണ് എന്നും അദ്ദേഹം. കാലാതീതമായി അക്ഷര വെളിച്ചം പകരാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും രാജു മാത്യു പറഞ്ഞു. മാധ്യമ കൂട്ടായ്മയുടെ സ്നേഹോപഹാരം ജോര്‍ജ് ഓണക്കൂറിന് സമ്മാനിച്ചു.
കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്ന കൃതിയാണ് ‘ഉള്‍ക്കടല്‍’ എന്ന് ആശംസകള്‍ നേര്‍ന്ന കെ.എം അബ്ബാസും പറഞ്ഞു. ‘കെ.എം അബ്ബാസിന്റെ തെരഞ്ഞെടുത്ത നോവലെറ്റുകള്‍’ അദ്ദേഹത്തിന് സമ്മാനിച്ചു.
‘ഹൃദയ രാഗങ്ങള്‍’ എത്രയോ പേരുടെ ഹൃദയങ്ങളിലൂടെയാണ് കടന്ന് പോയതെന്ന് വനിതാ വിനോദ് പറഞ്ഞു. തന്‍സി ഹാഷിര്‍ സ്വാഗതവും സുജിത് സുന്ദരേശന് നന്ദിയും പറഞ്ഞു.
