ഹൃദയ വിശാലത ജീവിതം വിജയിപ്പിക്കും

26

ഹൃദയ വിശാലത മഹത്തായ വിശേഷണമാണ്. അല്ലാഹു മനുഷ്യനേകുന്ന ദാനങ്ങളില്‍ പ്രധാനവുമാണത്. അതു കൊണ്ടാണ് പ്രവാചകന്മാര്‍ അല്ലാഹുവിനോട് ‘ഹൃദയം വിശാലമാക്കേണമേ’ എന്ന് പ്രാര്‍ത്ഥിച്ചത്. മൂസാ നബി (അ) പ്രാര്‍ത്ഥിക്കുകയുണ്ടായി: ”നാഥാ, എനിക്ക് ഹൃദയ വിശാലതയേകണേ” (സൂറത്തു ത്വാഹാ 25). അല്ലാഹു നമ്മുടെ നബി(സ്വ)ക്ക് മറ്റുള്ള പ്രവാചകന്മാരെ പോലെ ഹൃദയം ശുദ്ധവും പ്രഭാപൂരിതവുമായി നല്‍കിയെന്ന് വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: നബിയേ, നാം അങ്ങയുടെ ഹൃദയം വിശാലമാക്കി തന്നില്ലേ (സൂറത്തുശ്ശര്‍ഹ് 1).
മനസ്സമാധാനം, സ്വസ്ഥത, തൃപ്തി എന്നിവയൊക്കെ ഹൃദയ വിശാലതയുടെ അടയാളങ്ങളാണ്. ഈ വിശേഷണങ്ങളുള്ളവര്‍ ഉന്മേഷവാന്മാരും വിജയികളുമായിരിക്കും. നേട്ടങ്ങള്‍ കൊയ്യും. നന്മകള്‍ ചെയ്യും. ആരാധനാനുഷ്ഠാനങ്ങള്‍ മുറക്ക് നിര്‍വഹിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു: ഇസ്‌ലാമാശ്‌ളേഷണത്തിന് ഒരാളുടെ ഹൃദയം അല്ലാഹു വിശാലമാക്കുകയും അങ്ങനെയവന്‍ തന്റെ നാഥങ്കല്‍ നിന്നുള്ള പ്രകാശത്തിലാവുകയും ചെയ്താല്‍ (ഒരു കഠിന ഹൃദയനെ പോലെയാകുമോ അവന്‍) അല്ലാഹുവിനെ കുറിച്ച ഓര്‍മയില്‍ നിന്ന് ഹൃദയങ്ങള്‍ കടുത്തു പോയവര്‍ക്കാണ് മഹാനാശം. അവര്‍ സ്പഷ്ടമായ വഴികേടിലത്രേ (സൂറത്തുസ്സുമര്‍ 22). ഹൃദയ വിശാലതയുള്ള സത്യവിശ്വാസി സ്രഷ്ടാവിനോടുള്ള ആരാധനകള്‍ യഥാവിധി നടത്തുകയും സൃഷ്ടികളോടുള്ള ഇടപാടുകള്‍ സുതാര്യമാക്കുകയും ചെയ്യുമെന്നര്‍ത്ഥം.
അല്ലാഹുവിനോടുള്ള സ്‌നേഹവും ദിക്‌റുകള്‍ അധികരിപ്പിക്കലും ഹൃദയ വിശാലതയും സന്തുഷ്ടിയും വരുത്തുന്ന കാര്യങ്ങളാണ്. അല്ലാഹു പറയുന്നു: സത്യവിശ്വാസം കൈക്കൊള്ളുകയും ദൈവ സ്മരണയാല്‍ മനസ്സമാധാനമാര്‍ജിക്കുകയും ചെയ്തവരെ തന്നിലേക്കവന്‍ മാര്‍ഗദര്‍ശനം ചെയ്യുന്നു. അറിയുക, ദൈവസ്മരണ കൊണ്ടു മാത്രമേ ഹൃദയങ്ങള്‍ക്ക് പ്രശാന്തി കൈവരൂ (സൂറത്തു റഅ്ദ് 28). നമസ്‌കാരങ്ങള്‍ മുറ പോലെ നിലനിര്‍ത്തിയാലും നമസ്‌കാരാനന്തരമുള്ള തസ്ബീഹ് ദിക്‌റുകള്‍ ശീലമാക്കിയാലും ഹൃദയ വിശാലതയും ജീവിത സന്തോഷവും അനുഭവിക്കാവുന്നതാണ്. ”അവരുടെ കുപ്രചാരണങ്ങളും അതിക്ഷേപങ്ങളും മൂലം അങ്ങേക്ക് മന:പ്രയാസമുണ്ടാകുന്നത് നാം അറിയുക തന്നെ ചെയ്യുന്നുണ്ട്. അതിനാല്‍, നാഥന് സ്തുതി കീര്‍ത്തനങ്ങളര്‍പ്പിച്ച് കൊണ്ട് അവന്റെ മഹത്വം വാഴ്ത്തുകയും സാഷ്ടാംഗം ചെയ്യുന്നവരിലാവുകയും മരണം ആസന്നമാകുന്നത് വരെ അവനെ ആരാധിക്കുകയും ചെയ്യുക (സൂറത്തുല്‍ ഹിജ്‌റ് 97, 98, 99). നബി(സ്വ)ക്ക് വല്ല പ്രയാസവും അനുഭവപ്പെട്ടാല്‍ നമസ്‌കരിക്കുമായിരുന്നുവത്രെ (ഹദീസ് അബൂ ദാവൂദ് 1319).
ഖുര്‍ആന്‍ പഠനവും പാരായണവും നടത്തുന്നവര്‍ക്കും ഖുര്‍ആന്‍ പ്രകാരം ജീവിക്കുന്നവര്‍ക്കും അല്ലാഹു ജീവിത വിജയം ഉറപ്പാക്കുന്നതാണ്. ഖുര്‍ആനെപ്പറ്റി അല്ലാഹു പറയുന്നു: ജനങ്ങളേ, രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലെ രോഗത്തിന് ശമനവും നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് സന്മാര്‍ഗവും ദയാവായ്പും (സൂറത്തു യൂനുസ് 57). പ്രാര്‍ത്ഥനയും ജീവിതത്തില്‍ നല്ലത് വരുത്തുന്നതാണ്. പ്രാര്‍ത്ഥിച്ചാല്‍ അല്ലാഹു ഉത്തരം നല്‍കുന്നതായിരിക്കും.
സകല കാര്യങ്ങളിലും അല്ലാഹുവിന്റെ നിരീക്ഷണമുണ്ടെന്നറിയലും നിഷിദ്ധമെന്നോ അനുവദനീയമെന്നോ സംശയമുള്ള കാര്യങ്ങള്‍ സൂക്ഷിക്കലും ക്രിയവിക്രിയകളില്‍ സത്യസന്ധതയും സുതാര്യതയും വരുത്തലുമെല്ലാം ഹൃദയ വിശാലതക്ക് നിദാനങ്ങളാണ്. നബി (സ്വ) പറയുന്നു: സംശയ കാര്യങ്ങളെ ഒഴിവാക്കി ഉറപ്പുള്ള കാര്യങ്ങളെ സ്ഥിരീകരിക്കുക, സത്യസന്ധത മനസ്സമാധാനമേകുന്നതാണ് (ഹദീസ് തുര്‍മുദി 2518). ഹൃദയ വിശാലതയുള്ളവരുടെ ജീവിതം ഏറെ നന്മ നിറഞ്ഞതും സന്തുഷ്ടകരവുമായിരിക്കും. അവര്‍ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യും. കുടുംബ ബന്ധം ചേര്‍ത്തിക്കൊണ്ടിരിക്കും. അശരണരെയും ആവശ്യക്കാരെയും സഹായിക്കും. മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യും. ദാനധര്‍മ ഫലമായി അല്ലാഹു അവന്റെ മനസ്സില്‍ സന്തുഷ്ടിയും ജീവിതത്തില്‍ വിജയവും നിലനിര്‍ത്തിക്കൊണ്ടിരിക്കും.