മധ്യപൂര്‍വേഷ്യന്‍ കമ്പനികള്‍ക്ക് രാജ്യാന്തര വികസനത്തിന് അവസരമേകി ആഗോള വയര്‍, കേബിള്‍, പൈപ്പ് പ്രദര്‍ശനം

5
ഡാനിയേല്‍ റൈഫിഷും മുഹമ്മദ് അല്‍അഹ്മദിയും വാര്‍ത്താസമ്മേളനത്തില്‍

ജര്‍മനിയിലെ ഡ്യൂസ്സല്‍ഡോര്‍ഫില്‍ നടക്കുന്ന ‘വയര്‍ & ട്യൂബ് 2022’ കയറ്റുമതി വര്‍ധനക്ക് സഹായിക്കുമെന്ന് ഡുകാബ് ബിസിനസ് മെറ്റല്‍.
148 മിഡില്‍ ഈസ്റ്റ് കമ്പനികള്‍ പങ്കാളിത്തം ഉറപ്പിച്ചു

ദുബായ്: കോവിഡ് 19 മഹാമാരിക്ക് ശേഷം വയര്‍, കേബിള്‍, ട്യൂബ് മേഖലയില്‍ ആഗോള തലത്തിലുണ്ടായ ശ്രദ്ധേയ വളര്‍ച്ച കണക്കിലെടുത്ത് ലോകത്തിലെ മുന്‍നിര ഇരട്ട വ്യാപാര മേളയായ ‘വയര്‍ & ട്യൂബ് 2022’ലേക്ക് ഉറ്റുനോക്കുന്ന മധ്യപൂര്‍വേഷ്യന്‍ കമ്പനികള്‍ കയറ്റുമതിയില്‍ വര്‍ധന പ്രതീക്ഷിക്കുന്നതായി സംഘാടകരായ മെസ്സ് ഡ്യൂസ്സല്‍ഡോര്‍ഫ് സീനിയര്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
2022 മെയ് 9 മുതല്‍ 13 വരെ ജര്‍മനിയിലെ ഡ്യൂസ്സല്‍ഡോര്‍ഫിലാണ് മേള നടക്കുന്നത്. ”ഈ വര്‍ഷത്തെ പ്രദര്‍ശനത്തിലെ കമ്പനികളുടെ പങ്കാളിത്തം പുതിയ ഉണര്‍വായി ഞങ്ങള്‍ കാണുന്നു. വളര്‍ച്ചയെ സൂചിപ്പിക്കുന്നതാണിത്. യുഎഇയില്‍ നിന്നുള്ള ആഗോള ലീഡറായ ഡുകാബിന്റെ ഭാഗമായ ഡുകാബ് മെറ്റല്‍സ് ബിസിനസ് (ഡിഎംബി) ഉള്‍പ്പെടെയുള്ള പങ്കാളികളുടെ സാന്നിധ്യത്തില്‍ സന്തോഷമുണ്ട്” -മെസ്സ് ഡ്യൂസ്സല്‍ഡോര്‍ഫ് പ്രൊജക്ട് ഡയറക്ടര്‍ ഡാനിയേല്‍ റൈഫിഷ് പറഞ്ഞു.
ഡിഎംബി അതിന്റെ ഉല്‍പാദനത്തിന്റെ 70 ശതമാനം കയറ്റുമതി ചെയ്യുന്നു. 2020ല്‍ ഇത് 1 ബില്യണ്‍ ദിര്‍ഹമിന്റെ വരുമാനം നേടി.  പകര്‍ച്ചവ്യാധിയുടെ വെല്ലുവിളികള്‍ക്കിടയിലും 2021 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 1.5 ബില്യണ്‍ ദിര്‍ഹമില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിഎംബി ലക്ഷ്യമിടുന്ന പുതിയ കയറ്റുമതി വിപണികളില്‍ യൂറോപ്, ആഫ്രിക്ക, യുഎസ് എന്നിവ ഉള്‍പ്പെടുന്നു. അതേസമയം, ഗ്രൂപ് യുഎഇ, യുകെ, ഓസ്‌ട്രേലിയ എന്നിവയുള്‍പ്പെടെയുള്ള ജിസിസി വിപണികളില്‍ സേവനം തുടരുന്നു.
യുഎഇ, ഇസ്രായേല്‍, ഈജിപ്ത്, ഇറാന്‍, തുര്‍ക്കി, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സുപ്രധാന വയര്‍, കേബിള്‍, പൈപ്പ് കമ്പനികള്‍ ഈ ലോകോത്തര പ്രദര്‍ശനത്തിനെത്തുമെന്ന് ഡിഎംബി സിഇഒ മുഹമ്മദ് അല്‍അഹ്മദിക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ച റൈഫിഷ് പറഞ്ഞു.
”ഊര്‍ജ അസംസ്‌കൃത വസ്തു വ്യവസായത്തിലെ മുന്‍നിര ആഗോള സ്ഥാപനമെന്ന നിലയില്‍ ഞങ്ങളുടെ പങ്കാളിത്തം വിപണിയിലെ ഞങ്ങളുടെ ഖ്യാതി കൂട്ടും. ലോഹ വ്യവസായത്തില്‍ ഞങ്ങള്‍ നടത്തുന്ന വികസനത്തെയും വൈവിധ്യവത്കരണത്തെയും ഇത് പിന്തുണക്കും. നിലവില്‍, 45 രാജ്യങ്ങളിലേക്ക് ഞങ്ങള്‍ക്ക് കയറ്റുമതിയുണ്ട്. വിദേശ രാഷ്ട്രങ്ങളിലെ ഞങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യം” -അല്‍ അഹ്മദി വെളിപ്പെടുത്തി.
മഹാമാരി പ്രയാസപ്പെടുത്തിയ 2020ലും 2021ലും പതറാതെ മുന്നേറി യുഎഇയിലെ കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങളില്‍ നിന്നും പ്രയോജനം നേടാനായെന്ന് കമ്പനിയുടെ ബിസിനസ് വളര്‍ച്ച സൂചിപ്പിക്കവേ, അല്‍ അഹ്മദി അവകാശപ്പെട്ടു.
”കൃത്യതയോടെയും പഴുതടച്ച നിലയിലും യുഎഇ മഹാമാരിയെ നേരിട്ടപ്പോള്‍, അത് ഞങ്ങള്‍ക്ക് നേട്ടം കൂടിയായി. കോവിഡ് രൂക്ഷമായ കലയളവിലും യുഎഇയിലെ തുറമുഖങ്ങള്‍ പ്രവര്‍ത്തിച്ചു. ഞങ്ങളുടെ ഫാക്ടറികളും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. അതിനാല്‍, ഞങ്ങള്‍ക്ക് കയറ്റുമതി മേഖലയെ തൃപ്തിപ്പെടുത്താന്‍ സാധിച്ചു. ഉല്‍പാദനവും കയറ്റുമതിയും തുടരുന്നതിന് വിതരണ ശൃംഖലയിലെ പങ്കാളികളെ ശക്തിപ്പെടുത്താനും ഞങ്ങള്‍ക്കായി” -അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.
മിഡില്‍ ഈസ്റ്റ് കമ്പനികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടാനായി 9,567 ചതുരശ്ര മീറ്റര്‍ അധിക സ്ഥലം ഈ വര്‍ഷത്തെ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. അവസാനം നടന്ന ‘വയര്‍ & ട്യൂബ് 2018’നെക്കാള്‍ 15 ശതമാനം സാന്നിധ്യം കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ടെന്ന് റൈഫിഷ് വ്യക്തമാക്കി.
2018ല്‍ 2,484 വ്യാപാര പ്രദര്‍ശകരാണുണ്ടായിരുന്നത്. ഇത്തവണത്തെ പ്രദര്‍ശനത്തില്‍ കൂടുതല്‍ കമ്പനികളെത്തുമെന്ന് വെരിഫയര്‍ ഡയറക്ടര്‍ ജീന്‍ ജോഷ്വ പ്രത്യാശ പ്രകടിപ്പിച്ചു. ഭാവിയില്‍ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ നടത്താന്‍ മെസ്സ് ഡ്യൂസ്സല്‍ഡോര്‍ഫുമായി കൈ കോര്‍ക്കുമെന്നും ജോഷ്വ കൂട്ടിച്ചേര്‍ത്തു.