പ്രവാസികളുടെ 7 ദിവസ ക്വാറന്റൈന്‍ പിന്‍വലിക്കണം: ഇന്‍കാസ് യൂത്ത് വിംഗ്

35

ദുബൈ: മൂന്ന് ഡോസ് വാക്‌സിനും യാത്ര ചെയ്യുന്നതിന് 72 മണിക്കൂര്‍ മുന്‍പ് നടത്തിയ പിസിആര്‍ പരിശോധനയും വിമാനത്താവളത്തില പരിശോധനയും കഴിഞ്ഞ് നെഗറ്റീവായി വീട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഏഴ് ദിവസം ഏര്‍പ്പെടുത്തിയിരിക്കുന്ന ക്വാറന്റൈന്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ഇന്‍കാസ് യൂത്ത് വിംഗ് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്ന് പറയുന്ന സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേട് കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ആദ്യം നിയന്ത്രണം വരുന്നത് പ്രവാസികള്‍ക്ക് തന്നെയാണ്. എന്തെങ്കിലും നടപടി എടുത്തുവെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ പ്രവാസികള്‍ക്ക് നിയന്ത്രണം കൊണ്ടു  വരുന്നത് പ്രതിഷേധാര്‍ഹമാണ്.
സാമൂഹിക അകലത്തിന്റെ കണിക പോലും പാലിക്കാത്ത പാര്‍ട്ടി സമ്മേളനങ്ങളും പാലം ഉദ്ഘാടനങ്ങളും നടത്തുന്ന സര്‍ക്കാര്‍ മൂന്ന് ഡോസ് വാക്‌സിന്‍ എടുത്ത് എത്തുന്ന പ്രവാസികള്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് പറയുന്നത് പ്രവാസികളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഇന്‍കാസ് യൂത്ത് വിംഗ് പ്രസിഡന്റ് ഹൈദര്‍ തട്ടത്താഴത്ത് പറഞ്ഞു.
ആഘോഷങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കുന്നവര്‍ക്കില്ലാത്ത മഹാമാരി പ്രവാസികള്‍ക്ക് മാത്രം എങ്ങനെയാണ് ബാധിക്കുന്നതെന്ന് കേന്ദ്ര, കേരള സര്‍ക്കാറുകള്‍ വ്യക്തമാക്കണം.
എടപ്പാള്‍ പാലത്തിന്റെ ഉദ്ഘാടന ആഘോഷ വേളയില്‍ യാതൊരു സാമൂഹിക അകലവും പാലിക്കാതെ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ഇവിടെയൊന്നും മഹാമാരി ബാധിക്കില്ലേയെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് ഇന്‍കാസ് യൂത്ത് വിംഗ് ഭാരവാഹികളായ ജിജോ ചിറക്കല്‍, സനീഷ് കുമാര്‍, മിര്‍ഷാദ് നുള്ളിപ്പാടി, ബിബിന്‍ ജേക്കബ്, ഫിറോസ് കാഞ്ഞങ്ങാട്, അല്‍ജാസ്, റോബി യോഹന്നാന്‍, ശ്രീകുമാര്‍, ജംഷാദ് കുറ്റിപ്പുറം, ഷെഫീഖ് ചാലിശ്ശേരി, ലബീബ് തോണിക്കര, രാജീവ് എന്നിവര്‍ ആവശ്യപ്പെട്ടു.