
”കോഴിക്കോട്ടെയും മറ്റു വിമാനത്താവളങ്ങളിലെയും പരിശോധനാ നിരക്ക് വ്യത്യാസത്തിന് മൈക്രോ ഹെല്‍ത് ഉത്തരവാദിയല്ല. എയര്‍പോര്‍ട് അഥോറിറ്റിയാണ് നിരക്ക് നിശ്ചയിക്കുന്നത്”.
ദുബൈ: തിരുവനന്തപുരം വിമാനത്താവളത്തിലെ പിസിആര്‍ ദ്രുത പരിശോധന സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ അടുത്തിടെ പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങളില്‍ നിരവധി വസ്തുതാ വിരുദ്ധ കാര്യങ്ങളുണ്ടെന്ന് മൈക്രോ ഹെല്‍ത് ലബോറട്ടറീസ് സിഇഒ ഡോ. സി.കെ നൗഷാദ്. വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധനയില്‍ പോസിറ്റീവായാല്‍ ഒന്നു കൂടി പരിശോധിക്കാറുണ്ട്. അടുത്തിടെ ഒരാള്‍ മുഖേനയുണ്ടായ സംഭവത്തിലും അങ്ങനെ രണ്ട് പരിശോധനകള്‍ നടന്നു. രണ്ടും പോസിറ്റീവായി. എന്നാല്‍, അഭ്യര്‍ത്ഥിച്ചിട്ടും രണ്ടാം പരിശോധന നടത്താന്‍ കൂട്ടാക്കിയില്ലെന്നാണ് അദ്ദേഹം സമൂഹ മാധ്യമത്തില്‍ കുറിച്ചത്. അദ്ദേഹം കൊച്ചിയില്‍ പോയി വീണ്ടും പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ് ആയിരിക്കാം. പക്ഷേ, പരിശോധനയില്‍ പോസിറ്റീവ് ആണെങ്കില്‍ പത്ത് ദിവസത്തേക്ക് സമ്പര്‍ക്ക വിലക്കിന് വിധേയമാവണമെന്നാണ് ലോകമെങ്ങുമുള്ള ചട്ടം. അദ്ദേഹം കൊച്ചിയില്‍ പോയത് നിയമ വിരുദ്ധമാണ്. യുഎഇയില്‍ എത്തി വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ അദ്ദേഹത്തിന്റേത് പോസിറ്റീവ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാഭാവികമായും അദ്ദേഹം അപ്പോഴെങ്കിലും സ്വയം സമ്പര്‍ക്ക വിലക്കിന് വിധേയമാകേണ്ടതായിരുന്നു. പക്ഷെ, അദ്ദേഹം പലയിടത്തും പ്രത്യക്ഷപ്പെട്ടുവെന്നാണ് മനസ്സിലാകുന്നത്. സമൂഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കാമായിരുന്നു. തങ്ങള്‍ അത് വേണ്ടെന്നു വെക്കുകയായിരുന്നു. ഒരു പക്ഷെ, അദ്ദേഹത്തിന്റെ അറിവില്ലായ്മയായിരിക്കാം അതിന് കാരണമെന്നും ഡോ. നൗഷാദ് ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിമാനത്താവളങ്ങളില്‍ എന്നല്ല, ലോകത്ത് എവിടെയും മോളിക്യുലാര്‍ പരിശോധന കുറ്റമറ്റതല്ലെന്നും, ഒരേ ദിവസം ഓരോ സമയത്ത് വ്യത്യസ്ത ഫലം ലഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയില്‍ എത്തുമ്പോള്‍ ഫലം മാറാം. സ്വാബ് ഉപയോഗിക്കുമ്പോള്‍ മൂക്കിലോ തൊണ്ടയിലോ
അണുക്കള്‍ ഇല്ലെങ്കില്‍ കോവിഡ് രോഗിയാണെങ്കില്‍ പോലും ഫലം നെഗറ്റീവ് ആയിരിക്കും. അത് ആ ഒരു നിമിഷത്തെ കാര്യമാണ്. എന്നാലും, മൈക്രോ ഹെല്‍ത് ലോകത്തിലെ ഏറ്റവും അംഗീകൃത പരിശോധനാ യന്ത്രമാണ് ഉപയോഗിക്കുന്നത്. മറ്റുള്ളവരുടെ കാര്യം പറയാന്‍ കഴിയില്ല. കൊച്ചി വിമാനത്താവളത്തില്‍ ഒന്നിലധികം പരിശോധനാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
കോഴിക്കോട്ടെയും മറ്റു വിമാനത്താവളങ്ങളിലെയും പരിശോധനാ നിരക്ക് വ്യത്യാസത്തിന് മൈക്രോ ഹെല്‍ത് ഉത്തരവാദിയല്ല. എയര്‍പോര്‍ട് അഥോറിറ്റിയാണ് നിരക്ക് നിശ്ചയിക്കുന്നത്. ആദ്യം അവര്‍ 3,400 രൂപ നിശ്ചയിച്ചു. കേരള സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയപ്പോള്‍ 2,450 രൂപയാക്കി. കുറെ കഴിഞ്ഞ് എയര്‍പോര്‍ട് അഥോറിറ്റി കോഴിക്കോട്ടേത് വീണ്ടും കുറച്ചു. അവിടെ, ലാബ് നല്‍കേണ്ട വൈദ്യുതി, വെള്ളം തുടങ്ങിയ നിരക്കുകള്‍ ഒഴിവാക്കിത്തരികയും മോളിക്യുലാര്‍ പരിശോധനാ നിരക്ക് കുറക്കാന്‍ വേണ്ടിയാണിതെന്ന് അറിയിക്കുകയും ചെയ്തു. അങ്ങനെയാണ്, നിരക്ക് അവിടെ മാത്രം കുറഞ്ഞത് -നൗഷാദ് വ്യക്തമാക്കി.
ടാറ്റ എംഡി (മെഡിക്കല്‍ ആന്റ് ഡയഗ്നോസ്റ്റിക്സ്) എന്ന സ്ഥാപനവുമായി മൈക്രോ ഹെല്‍ത് ലബോറട്ടീസ് ഉടന്‍ ധാരണയിലെത്തുന്നുണ്ടെന്നും അതു വഴി കോവിഡ് ടെസ്റ്റിംഗ് മേഖലയില്‍ തങ്ങളുടെ സേവന നിരക്ക് കുറക്കാന്‍ ഇടയാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
മൈക്രോ ഹെല്‍ത് സിഒഒ ദിനേശ് കുമാര്‍, ഡയറക്ടര്‍ വി.പി അഹ്മദ്, മൈക്രോ ബയോളജിസ്റ്റ് ഡോ. ജിഷാ അശോകന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.