ക്വാറന്റൈന്‍: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം പ്രതിഷേധാര്‍ഹം -പുന്നക്കന്‍ മുഹമ്മദലി

9

ദുബൈ: പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ വേണമെന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം അബദ്ധജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി. നിലവില്‍ ഇന്ത്യയിലാകെ ഒമിക്രോണ്‍ പടര്‍ന്ന് പിടിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഇല്ല. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നു കിടക്കുമ്പോള്‍ പ്രവാസികള്‍ക്ക് മാത്രം ക്വാറന്റൈന്‍ നിര്‍ദേശിക്കുന്നതിനെ വിവേചനമെന്നല്ലാതെ മറ്റെന്ത് പറയാനാണെന്നും എന്നാല്‍, ഇത്രയധികം ഒമിക്രോണ്‍ കേസുകളുള്ള ഇന്ത്യയില്‍ നിന്നും യുഎഇയിലെത്തുന്ന ഒരാള്‍ക്കും ക്വാറന്റൈന്‍ ഇല്ലെന്ന് നമ്മള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒരു ഭാഗത്ത് ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രിയുടെ റാലികളും നൂറുകണക്കിനു പേര്‍ ഒന്നിച്ചു കൂടിയുള്ള പാര്‍ട്ടി സമ്മേളനങ്ങളും മുഖ്യമന്ത്രിയുടെ കെ റെയില്‍ വിശദീകരണ യോഗങ്ങളും ജനനിബിഢമായ എടപ്പാള്‍ പാലം ഉദ്ഘാടനവുമൊക്കെ പൊടിപൊടിക്കുമ്പോള്‍ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തുന്ന പാവം പ്രവാസി 7 ദിവസം ക്വാറന്റൈനും 7 ദിവസം നിരീക്ഷണവുമടക്കം 14 ദിവസം വീടടച്ച് ഇരുന്നു കൊള്ളണമെന്നാണ് സര്‍ക്കാര്‍ ആജ്ഞ. ഈ ഇരട്ട അനീതി പിന്‍വലിക്കണമെന്നും കോവിഡ് ആരംഭിച്ചത് മുതല്‍ പിണറായി സര്‍ക്കാര്‍ പ്രവാസികളോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.