ഷാര്‍ജ: വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ വീണ്ടും ക്വാറന്റൈന് ഏര്‍പ്പെടുത്തിയത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗ്ളോബല്‍ പ്രവാസി അസോസിയേഷന് ചെയര്മാന് സലാം പാപ്പിനിശ്ശേരി നിവേദനം നല്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്ക്കില്ലാത്ത വിലക്ക് പ്രവാസികള്‍ക്ക് മാത്രമാക്കുന്നതിലെ അശാസ്ത്രീയത വിശദമാക്കി പ്രവാസ ലോകത്ത് നിന്നുയരുന്ന പ്രതിഷേധവും പ്രവാസികളുടെ നിസ്സഹായതയും ചൂണ്ടിക്കാണിച്ചാണ് സലാം പാപ്പിനിശ്ശേരി നിവേദനം നല്‍കിയത്.
2 ഡോസ് വാക്സിന് എടുക്കുകയും യാത്രക്ക് മുന്‍പ് പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ലഭിക്കുന്നവരും മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന്, ചെന്നിറങ്ങുന്ന കേരളത്തിലെ അതത് വിമാനത്താവളങ്ങളില്‍ പിസിആര്‍ പരിശോധനക്ക് വിധേയരായി അവിടെ നിന്ന് നല്കുന്ന പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെയെങ്കിലും നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കണമെന്നും സലാം പാപ്പിനിശ്ശേരി നിവേദനത്തില്‍ വിശദമാക്കി.