ദുബൈ: 75-ാം ഇന്ത്യന്‍ സ്വാതന്ത്ര്യ വാര്‍ഷികാഘോഷ ഭാഗമായി 73-ാം റിപ്പബ്ളിക് ദിനത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍മിച്ച സ്മാരക നാണയങ്ങളുടെ ആല്‍ബത്തിന്റെ കവര്‍ പേജ് പ്രകാശനം ചെയ്തു. തൃശ്ശൂര്‍ തൃപ്രയാര്‍ സ്വദേശി സിനോജ് സദ്ധാര്ത്ഥന് ശേഖരിച്ച 1950 മുതലുള്ള അന്‍പതോളം വ്യത്യസ്ത വര്‍ഷങ്ങളിലെ വിവിധ നാണയങ്ങള്‍ അടങ്ങിയ ആല്‍ബത്തിന്റെ കവര്‍ പേജ് ഖിസൈസ് ഫോര്‍ച്യൂണ്‍ പ്ളാസ ഹോട്ടലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്രകാശനം ചെയ്തത്.
ആല്‍ബം മുഴുവനായും പിച്ചളയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കവര്‍ പേജിന് മാത്രം 12 കിലോ തൂക്കമുണ്ട്. ഗിന്നസ് ബുക് ഓഫ് റെക്കോര്‍ഡ്സ്, ലിംക ബുക് ഓഫ് റെക്കോര്‍ഡ്സ്, ഇന്ത്യ ബുക് ഓഫ് റെക്കോര്‍ഡ്സ്, ടൈം വേള്‍ഡ്, അറേബ്യന്‍ ബുക് ഓഫ് റെക്കോര്‍ഡ്സ് എന്നീ റെക്കോര്‍ഡുകളില്‍ ഇടം പിടിക്കാനാകുന്ന വിധത്തിലാണ് ഇതിന്റെ നിര്‍മാണം. ഗിന്നസ് റെക്കോര്‍ഡ്സ് അധികൃതര്‍ക്ക് ഇതുടന്‍ സമര്‍പ്പിക്കുന്നതാണ്.
മൂന്നു മാസത്തെ സമയമെടുത്താണ് നാണയങ്ങളുടെ പിച്ചളയിലുള്ള ആല്‍ബം തയാറാക്കിയത്. മൂന്നു ലക്ഷത്തിലധികം രൂപ ചെലവ് വന്നു. പല സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ചവയാണീ നാണയങ്ങളെന്ന് സിനോജ് പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തെ തന്നെയുള്ള താല്പര്യമാണ് നാണയങ്ങളുടെ ആല്‍ബം നിര്‍മിക്കാന്‍ വഴിയൊരുക്കിയത്.
യുഎഇയുടെ ചരിത്രമടങ്ങിയ 20 കിലോ തൂക്കമുള്ള ആല്‍ബം തയാറാക്കിയിട്ടുണ്ട്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അനുമതി കാത്തിരിക്കുകയാണെന്നും അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രകാശനം ചെയ്യുമെന്നും സിനോജ് വെളിപ്പെടുത്തി.
നേരത്തെ ഖത്തറിലും ഇന്ത്യയിലും ബിസിനസുണ്ടായിരുന്ന സിനോജ് സിദ്ധാര്ത്ഥന് യുഎഇയില്‍ സന്ദര്‍ശക വിസയിലാണ് ഇപ്പോഴുള്ളത്.