കാവലൊരുക്കുന്ന സൂറത്തുല്‍ ഫലഖ്

18

വിശുദ്ധ ഖുര്‍ആന്‍ കാവലാണ്. സൂറത്തുന്നാസും സൂറത്തുല്‍ ഫലഖും, വിശിഷ്യാ കാവല്‍ തേടുന്ന ഖുര്‍ആനികാധ്യായങ്ങളാണ്. ചെറുതെങ്കിലും വലിയ വലിയ അര്‍ത്ഥ തലങ്ങളും ഫലങ്ങളുമുള്ളതാണ് ഈ രണ്ടു സൂറത്തുകളും. ഒരിക്കല്‍ നബി (സ്വ) ഉഖ്ബത്തുബ്‌നു ആമിറി(റ)നോട് പറയുകയുണ്ടായി: ”ഹേ, ഉഖ്ബാ…, ‘ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്’ സൂറത്തിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടമുള്ളതും സാഹിത്യ സമ്പുഷ്ടവുമായ സൂറത്തിനെ താങ്കള്‍ക്ക് ഖുര്‍ആനില്‍ കണ്ടെത്താനാവില്ല (ഹദീസ് മുസ്‌നദു അഹ്മദ് 17418). ജാബിര്‍ ബ്‌നു അബ്ദുല്ല(റ)യോട് നബി (സ്വ) സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും പാരായണം ചെയ്യാന്‍ പറഞ്ഞ് അവ പോലുള്ള മറ്റൊന്നും കിട്ടില്ലെന്ന് അറിയിക്കുകയുണ്ടായി (ഹദീസ് നസാഈ 5441). നബി (സ്വ) എല്ലാ രാത്രിയിലും കിടന്നുറങ്ങാന്‍ നേരം ഉള്ളംകൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് സൂറത്തുല്‍ ഇഖ്‌ലാസും സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതും. ശേഷം, രണ്ടു കൈകള്‍ കൊണ്ടും ശരീരമാസകലം എത്തുന്ന മുറയ്ക്ക് മൂന്നു പ്രാവശ്യം തടവും” (ഹദീസ് ബുഖാരി 5017).
സൂറത്തുല്‍ ഫലഖ് കൂടുതല്‍ മഹത്തരവും ഫലവത്തുമായ അധ്യായമാണെന്നാണ് അകസ്സാരം.
ഇങ്ങനെയൊരു സൂറത്തും സൂറത്തുന്നാസും അവതീര്‍ണമാകുന്നുവെന്ന് നബി (സ്വ) അനുചരന്മാരെ സന്തോഷ വാര്‍ത്ത അറിയിച്ചിട്ടുണ്ട്. നബി (സ്വ) പറഞ്ഞു: ”ഇന്ന് രാത്രി ഇറങ്ങിയ സൂക്തങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ, അവ പോലുള്ളത് ഇതു വരെ കണ്ടിട്ടുണ്ടാവില്ല. ‘ഖുല്‍ അഊദു ബിറബ്ബില്‍ ഫലഖ്’, ‘ഖുല്‍ അഊദു ബിറബ്ബി ന്നാസ്’ എന്നീ സൂറത്തുകളാണവ” (ഹദീസ് മുസ്‌ലിം 814).
എല്ലാ കാര്യത്തിലും സൂറത്തുല്‍ ഫലഖ് കൊണ്ട് അഭയം പ്രാപിക്കാനും സര്‍വ നാശങ്ങളില്‍ നിന്നും ഈ സൂറത്ത് ഓതി സുരക്ഷ തേടാനുമാണ് സര്‍വ ലോക രക്ഷിതാവായ അല്ലാഹു നിര്‍ദേശിക്കുന്നത്.
കേവലം അഞ്ചു സൂക്തങ്ങളിലൂടെയാണ് പ്രസ്തുത സൂറത്തിലെ സര്‍വ സുരക്ഷാ കാവല്‍ തേട്ടവും.
ഒന്നാം സൂക്തത്തില്‍, രാത്രിയുടെ അന്ധകാരത്തിന് ശേഷം ശാന്തിയും സുരക്ഷയും പ്രഭയും പരത്തുന്ന പ്രഭാതത്തിന്റെ രക്ഷിതാവിനോട് കാവല്‍ തേടുന്നുവെന്ന് നബിയോട് പ്രഖ്യാപിക്കാന്‍ കല്‍പിക്കുന്നു.
രണ്ടാം സൂക്തത്തില്‍, അല്ലാഹു പടച്ച സര്‍വതിന്റെയും നാശത്തില്‍ നിന്നും ഉപദ്രവങ്ങളില്‍ നിന്നും കാവല്‍ തേടുന്നുവെന്ന്. സത്യവിശ്വാസികള്‍ സകല തിന്മകളില്‍ നി ന്നും അല്ലാഹുവിനോട് കാവല്‍ തേടേണ്ടിയിരിക്കുന്നു. നബി (സ്വ) അപ്രകാരം ചെയ്യുമായിരുന്നു. നബി (സ്വ) അല്ലാഹുവിനോട് അവന്‍ നിയന്ത്രിക്കുന്ന സകലതിനെ തൊട്ടും കാവല്‍ തേടുമായിരുന്നു (ഹദീസ് തുര്‍മുദി 3400).
മൂന്നാം സൂക്തത്തില്‍, ഇരുളടയുന്ന രാത്രിയുടെ തിന്മയില്‍ നിന്ന് കാവല്‍ തേടുന്നുവെന്ന്. നിശയിലെ ക്രൂരമായ സമയമാണ് ഈ സമയം.
നാലാം സൂക്തത്തില്‍, കെട്ടുകളില്‍ ഊതുന്ന മാരണക്കാരികളുടെ ദ്രോഹത്തില്‍ നിന്നും കാവല്‍ തേടുന്നുവെന്ന്. അതായത്, ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുന്ന, സ്വസ്ഥ ജീവിതങ്ങളെ പ്രശ്‌നാധിഷ്ഠിതങ്ങളാക്കുന്ന ദുഷ്ട കരങ്ങളെ തൊട്ടുള്ള കാവല്‍ തേട്ടമാണത്.
അഞ്ചാം സൂക്തത്തില്‍, അസൂയാലുക്കളുടെ അസൂയയില്‍ നിന്നും കാവല്‍ തേടുന്നുവെന്ന്. അസൂയയില്‍ നിന്നുള്ള കാവല്‍ തേട്ടത്തില്‍ സൂറത്ത് ഉപസംഹരിച്ചത് അസൂയ ഏറെ വിനാശകരമെന്ന് സൂചിപ്പിക്കാനാണ്. മറ്റുള്ളവര്‍ക്കുള്ള അനുഗ്രഹങ്ങള്‍ നീങ്ങിക്കിട്ടാന്‍ ആഗ്രഹിക്കുന്ന ദുഷ്ട ലാക്കാണ് അസൂയ എന്ന അസുര ഭാവം.