പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണം; ദുബൈ കെഎംസിസി നിവേദനം നല്‍കി

പ്രവാസികളുടെ ക്വാറന്റൈന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന നിവേദനം ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിക്ക് സമര്‍പ്പിക്കുന്നു. ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ സമീപം

ദുബൈ: നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടി അനുചിതവും അനീതി നിറഞ്ഞതുമാണെന്നും അതുടന്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി മുഖേന സര്‍ക്കാറിന് നിവേദനം നല്‍കി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈയാണ് നിവേദനം സമര്‍പ്പിച്ചത്. കെഎംസിസി ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കോവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന  സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രവാസികളെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നതും ദ്രോഹിക്കുന്നതുമാണ്. ഇതില്‍ പ്രവാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. യുഎഇയില്‍ നിന്നും നാട്ടിലെത്തുന്ന പ്രവാസികള്‍ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞവരാണ്. ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റീവായവരോടാണ് വീണ്ടും ഒരാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന തല തിരിഞ്ഞ നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്ക് നാട്ടിലെത്തുന്നവര്‍ക്ക് നിബന്ധനകളും, നാട്ടിലുള്ളവര്‍ക്ക് അതൊന്നുമില്ലെന്നതും അനീതി മാത്രമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.