പ്രവാസികള്‍ക്കുള്ള നിയന്ത്രണം നീക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: ദുബൈ കെഎംസിസി

21

ദുബൈ: കോവിഡ് കേസുകള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന  സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യ മന്ത്രി പ്രഖ്യാപിച്ച പുതിയ നിയന്ത്രണങ്ങള്‍ പ്രവാസികളെ കൂടുതല്‍ പ്രയാസപ്പെടുത്തുന്നതും ദ്രോഹിക്കുന്നതുമാണെന്നും ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. യുഎഇയില്‍ നിന്നും നാട്ടിലെത്തുന്ന പ്രവാസികള്‍ മൂന്ന് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞവരാണ്. ടെസ്റ്റ് ഫലങ്ങള്‍ നെഗറ്റീവായവരോടാണ് വീണ്ടും ഒരാഴ്ച ക്വാറന്റീനില്‍ കഴിയണമെന്ന തല തിരിഞ്ഞ നയം നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍ക്ക് നാട്ടിലെത്തുന്നവര്‍ക്ക് നിബന്ധനകളും, നാട്ടിലുള്ളവര്‍ക്ക് അതൊന്നുമില്ലെന്നതും അനീതിയല്ലാതെ മറ്റെന്താണ്? കുറച്ചു കാലമായി പ്രവാസികളെ ദ്രോഹിച്ചു കൊണ്ടിരിക്കുകയും സാമ്പത്തികമായി കൊള്ളയടിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന സമീപനത്തില്‍ നിന്നും പിണറായി സര്‍ക്കാര്‍ ഇനിയും പിന്തിരിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകുമെന്ന് ദുബൈ കെഎംസിസി ഭാരവാഹികളായ ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, മുസ്തഫ തിരൂര്‍, പി.കെ ഇസ്മായില്‍, ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.