താഹിറ കല്ലുമുറിക്കലിന്റെ ‘ദിസ് റ്റൂ ഷാൽ പാസ്സ്’ പ്രകാശനം ചെയ്തു

38

ദുബൈ: അല്‍ ഐന്‍ ‘സേഹ’യിലെ ആംബുലേറ്ററി ഹെല്‍ത്ത് സര്‍വീസില്‍ ഓഡിയോളജിസ്റ്റായ താഹിറ കല്ലുമുറിക്കല്‍ കോവിഡ് 19 രൂക്ഷമായ കാലയളവില്‍ രോഗീ പരിചരണ സമയത്തെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച ‘ഈ സമയവും കടന്നു പോകും’ എന്ന പുസ്തകത്തിന്റെ ഇംഗ്‌ളീഷ് പതിപ്പായ ‘ദിസ് റ്റൂ ഷാൽ പാസ്സ്’ പ്രകാശനം ചെയ്തു. കോവിഡ് പ്രൊട്ടോകോള്‍ പാലിച്ച് ദുബൈ ഫെസ്റ്റിവല്‍ സിറ്റി ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ അല്‍ ഐന്‍ ‘സേഹ’യിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ആദ്യ മലയാള പുസ്തകത്തിന് ലഭിച്ച വന്‍ സ്വീകാര്യതയാണ് സുഹൃത്തുക്കളുടെയും അഭ്യുദയ കാംക്ഷികളുടെയും സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിന് വഴങ്ങി ഇംഗ്‌ളീഷ് പതിപ്പ് ഇറക്കാന്‍ പ്രേരണയായതെന്ന് നേരത്തെ ഖിസൈസ് ലുലു കാലിക്കറ്റ് നോട്ട്ബുക് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ താഹിറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മലയാളം പതിപ്പിന്റെ നാനൂറിലധികം കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു. ഇതില്‍ നിന്നുള്ള വരുമാനം പൂര്‍ണമായും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുമെന്ന് ഇക്കഴിഞ്ഞ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഈ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ താഹിറ പറഞ്ഞിരുന്നു. അതനുസരിച്ച്, പുസ്തക വരുമാനത്തില്‍ നിന്നും കണ്ണൂരിലെ ഒരു കുടുംബത്തിന് 25,000 രൂപ സഹായം നല്‍കി. ഇംഗ്‌ളീഷ് പുസ്തകത്തില്‍ നിന്നുള്ള വരുമാനവും ഈ രീതിയില്‍ അര്‍ഹര്‍ക്ക് സഹായമെത്തിക്കാന്‍ ഉപയോഗിക്കുമെന്ന് അവര്‍ വ്യക്തമാക്കി.
കോവിഡ് കൊടുമ്പിരിക്കൊണ്ട കാലഘട്ടത്തെ വലിയ വിഷമത്തോടെയാണ് പ്രവാസികളടക്കമുള്ള സമൂഹം അഭിമുഖീകരിച്ചത്. ”രക്തബന്ധമുള്ള ആളുകളില്‍ പലരുടെയും ജീവിതം പൊലിഞ്ഞു പോയ ആ കാലഘട്ടത്തെ കണ്ണീരോടെയല്ലാതെ നമുക്ക് നോക്കിക്കാണാനാവില്ല. ഭര്‍ത്താവ് മരിച്ച വിവരം ഭാര്യയെ അറിയിക്കാതെ മയ്യിത്ത് നാട്ടിലേക്ക് അയച്ച പ്രത്യേക സാഹചര്യത്തിന് സാക്ഷിയായിരുന്നു ഞാന്‍. മുന്‍നിര പോരാളികളിലൊരാളായിരുന്ന എനിക്ക് മറക്കാനാവാത്ത അത്തരം ഒട്ടേറെ അനുഭവങ്ങളാണുണ്ടായത്. അതെല്ലാം ഒരു ഡയറിയില്‍ കുറിച്ചു വെച്ചത് പുസ്തകമാക്കിയാലെന്തെന്ന ആലോചനയാണ് സഫലമായത്” -അവര്‍ പറഞ്ഞു. ആ സമയത്ത് വലിയ പിന്തുണ ലഭിച്ചു. സഹപ്രവര്‍ത്തകരും ഭര്‍ത്താവ് ഫസലും നല്‍കിയ പ്രോല്‍സാഹനം അളവറ്റതായിരുന്നു. ഈ പുസ്തകത്തിന്റെ പ്രസാധനം നിര്‍വഹിച്ചത് ‘ബുക്‌സ് ഫ്രെയി’മിന്റെ ജോസഫ് മൈക്കിളായിരുന്നു. എല്ലാവരോടും വലിയ കടപ്പാടും നന്ദിയും അറിയിക്കുന്നുവെന്നും താഹിറ പറഞ്ഞു.
ശ്രവണ തകരാറുള്ള (ഹിയറിംഗ് ഇംപയേര്‍ഡ്) ആളുകളെ സേവിക്കുന്ന ജോലിയായതിനാല്‍ തന്നെ, ആളുകളുടെ ചുണ്ടനക്കം നോക്കി കാര്യങ്ങള്‍ മനസ്സിലാക്കുന്ന അത്തരക്കാര്‍ക്ക് കോവിഡ് വ്യാപന കാലയളവില്‍ മാസ്‌ക് ധരിച്ചതു മൂലമുണ്ടായ ആശയ വിനിമയ പ്രയാസം തിരിച്ചറിഞ്ഞ് പ്രത്യേക തരം മാസ്‌ക് തന്നെ താന്‍ രൂപകല്‍പന ചെയ്തിരുന്നുവെന്നും അതിന് നല്ല പ്രശംസ ലഭിച്ചുവെന്നും താഹിറ വെളിപ്പെടുത്തി.
സമൂഹത്തിന് തിരിച്ചു നല്‍കാനാകുന്ന ഒരു സഹായമായാണ് ഈ പുസ്തകത്തെ താന്‍ കാണുന്നതെന്നും ഇതില്‍ നിന്നുള്ള വരുമാനം കോവിഡ് മൂലം പ്രയാസമനുഭവിച്ചവര്‍ക്ക് നല്‍കണമെന്ന തീരുമാനത്തിന് മാതൃകയും പ്രചോദനവുമായത് പ്രമുഖ നോവലിസ്റ്റ് ഷെമിയായിരുന്നുവെന്നും അതിനവരോട് കൃതജ്ഞതയും സ്‌നേഹവും പ്രകടിപ്പിക്കുന്നുവെന്നും താഹിറ പറഞ്ഞു. താഹിറക്കൊപ്പം ജോസഫ് മൈക്കിളും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
പാലക്കാട് ജില്ലയിലെ കുമ്പിടി സ്വദേശിനിയായ താഹിറ കോഴിക്കോട് മൂഴിക്കലാണ് താമസം. ഭര്‍ത്താവ് ഫസല്‍ അബു ഗുസ്‌ലാന്‍ ഐടി കമ്പനി യില്‍ ജോലി ചെയ്യുന്നു. മൂന്നു മക്കളുണ്ട്.