
ദുബൈ: യുഎഇ മുന്‍ കായിക മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ ഖാലിദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍, ദുബൈ പൊലീസ് സേഫ്റ്റി അംബാസഡേഴ്സ് കൗണ്‍സിലുമായി സഹകരിച്ച്, അര്‍ബ സ്പോര്‍ട്സ് സര്‍വീസസ് ആഭിമുഖ്യത്തില്‍ യുഎഇ ഫ്രണ്ട്ഷിപ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫെബ്രുവരി 2 മുതല്‍ 4 വരെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുഎഇയെ ലോകത്തിലെ ശ്രദ്ധേയ വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുകയെന്ന ഉദ്ദേശ്യത്തോടെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം പ്രഖ്യാപിച്ച, ‘ലോകത്തിലെ ഏറ്റവും മനോഹരമായ വസന്തം’ എന്ന കാമ്പയിനെ പിന്തുണക്കാന്‍ കൂടിയാണ് ഈ ടൂര്‍ണമെന്റ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടകര്‍ പറഞ്ഞു.
ടൂര്‍ണമെന്റിനോടനുബന്ധിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ച വെച്ച വിവിധ ഗവണ്മെന്റ് വകുപ്പുകളെയും സ്ഥാപനങ്ങളെയും സാമൂഹിക സേവന സംഘടനകളെയും ആദരിക്കും.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ആസ്ഹറുദ്ദീന് നേതൃത്വം നല്കുന്ന, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ താരങ്ങള്‍ അണിനിരക്കുന്ന ഇന്ത്യാ ലെജന്‍ഡ്സ്, ബോളിവുഡ് താരം സുനില്‍ ഷെട്ടി നയിക്കുന്ന ബോളിവുഡ് സെലിബ്രിറ്റി ക്രിക്കറ്റ് ടീം, മുന്‍ പാക് ക്രിക്കറ്റ് താരം ഇമ്രാന് നസീര്‍ നയിക്കുന്ന പാകിസ്താന് ലെജന്‍ഡ്സ്, പ്രഗത്ഭ മുന്‍ അന്തര്‍ദേശീയ ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം അജന്താ മെന്‍ഡിസ് നയിക്കുന്ന വേള്‍ഡ് ഇലവന് എന്നീ നാല് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിന്റെ ഭാഗമായി ആകെ ഏഴ് മത്സരങ്ങളുണ്ടാകും. പ്രശസ്ത സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ജന്നത് സുബൈര്‍ ആണ് ടൂര്‍ണമെന്റിന്റെ സോഷ്യല്‍ മീഡിയ അംബാസഡര്‍.
ദുബൈ ഷാന്‍ഗ്രി-ലാ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകരായ അര്‍ബ സ്പോര്‍ട്സ് സര്‍വീസസ് ചെയര്മാന് അമീന് പത്താന്, എംഡിയും സിഇഒയുമായ അസ്ലം ഗുരുക്കള്‍, ഓപറേഷന് ഡയക്ടര്‍ നൗഫല്‍ ഖുദ്റാന്, സംഘാടക സമിതി ചെയര്മാന് ഹുസൈഫ ഇബ്രാഹിം, ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകരായ ഫോര്മോടാക്സ് എംഡി സ്റ്റീഫന്‍ മിയാദ്, നാസര്‍ ഹമദ് അല്‍ ഹമ്മാദി, അലി അല്‍ കഅബി, അലി ഖുദി മിര്‍സ, ഡോ. ബൂ അബ്ദുല്ല, എച്ച്കെ കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്ടര്‍ ഹബീബ് കോയ, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ മുനീര്‍ പാണ്ഡിയാല,സോഷ്യല്‍ മീഡിയ താരങ്ങളായ ജന്നത് സുബൈര്‍, അജ്മല്‍ ഖാന്, കുമാര്‍ ഗൗരവ് തുടങ്ങിയവര്‍ സംബന്ധിച്ചു.