പി.എ ഇബ്രാഹിം ഹാജി സ്മരണിക യുഎഇ കെഎംസിസി പുറത്തിറക്കുന്നു

18
പി.എ ഇബ്രാഹിം ഹാജി സ്മരണിക യുഎഇ കെഎംസിസി പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഇബ്രാഹിം ഹാജിയുടെ ദുബൈയിലെ വസതിയില്‍ ചേര്‍ന്ന കൂടിയാലോചനയില്‍ പങ്കെടുത്ത കെഎംസിസി നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ നഹ, ഇബ്രാഹിം ഹാജിയുടെ മക്കളായ സല്‍മാന്‍, സുബൈര്‍, ബിലാല്‍, ആദില്‍ എന്നിവര്‍

ദുബൈ: അന്തരിച്ച വ്യാപാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ഉപദേശക സമിതി വൈസ് ചെയര്‍മാനും ചന്ദ്രിക ഡയറക്ടറുമായിരുന്ന പി.എ ഇബ്രാഹിം ഹാജിയുടെ ജീവിതവും സേവനങ്ങളും അടയാളപ്പെടുത്തുന്ന ബൃഹത്തായ സ്മാരക ഗ്രന്ഥം പുറത്തിറക്കാന്‍ കെഎംസിസിയുടെ  നാഷണല്‍ കമ്മിറ്റി  തീരുമാനിച്ചു.
കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കുള്ള മലയാളികളുടെ പ്രവാസത്തിന്റെ ആരംഭ കാലത്ത് ദുബൈയിലെത്തിയതാണ് ഇബ്രാഹിം ഹാജി. അദ്ദേഹത്തിന്റെ ഗള്‍ഫിലെയും നാട്ടിലെയും ജീവിതവും ഇടപാടുകളും ഇടപെടലുകളും മലയാളികളുടെ പ്രവാസ ചരിത്രത്തിന്റെ ഭാഗമാണ്. വ്യാപാര-വ്യവസായ രംഗങ്ങളിലും രാഷ്ട്രീയ-സാമൂഹിക മേഖലകളിലും ഇബ്രാഹിം ഹാജിയുമായി അര നൂറ്റാണ്ടിലധികം ബന്ധമുള്ള കേരളത്തിലെയും ഗള്‍ഫിലെയും വ്യക്തിത്വങ്ങളും അറബ് സമൂഹത്തിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തെ അനുസ്മരിപ്പിക്കുന്ന ലേഖനങ്ങളും അഭിമുഖങ്ങളും അടങ്ങുന്നതായിരിക്കും സ്മരണിക. പ്രൗഢ സദസ്സില്‍ വരുന്ന ജൂണില്‍ സ്മരണിക പുറത്തിറക്കും.
സ്മരണിക പുറത്തിറക്കാനുള്ള കെഎംസിസിയുടെ തീരുമാനം അറിയിക്കാനും കുടുംബത്തിന്റെ പിന്തുണയോടെ സ്മരണികയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും പി.എ ഇബ്രാഹിം ഹാജിയുടെ ദുബൈയിലെ വസതിയില്‍ ചേര്‍ന്ന കൂടിയാലോചനയില്‍  കെഎംസിസി നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, അന്‍വര്‍ നഹ, ഇബ്രാഹിം ഹാജിയുടെ മക്കളായ സല്‍മാന്‍, സുബൈര്‍, ബിലാല്‍, ആദില്‍ എന്നിവര്‍ പങ്കെടുത്തു.