ബിഡി4യു 5-ാം വാര്‍ഷിക മെഗാ രക്തദാന ആഘോഷം

ദുബൈ: രക്തദാന സന്നദ്ധ സേനയായ ബ്‌ളഡ് ഡോണേഴ്‌സ് 4 യു (ബിഡി4യു) 5-ാം വാര്‍ഷിക മെഗാ രക്തദാന ആഘോഷം ഖിസൈസ് റാല്‍സ് ഹെല്‍ത് കെയര്‍ ഗ്രൂപ്പുമായി ചേര്‍ന്ന് സംഘടിപ്പിച്ചു. തട്ടകം ചെന്ത്രാപ്പിന്നി കൂട്ടായ്മയുടെ സഹകരണത്തോടെയായിരുന്നു ഉല്‍സവ പ്രതീതിയില്‍ പരിപാടി ഒരുക്കിയത്.
2017 ഫെബ്രുവരി 17ന് നാലു കൂട്ടുകാര്‍ ചേര്‍ന്ന് തുടക്കം കുറിച്ച ബിഡി4യു അഞ്ചു വര്‍ഷമെത്തിയപ്പോള്‍ മനുഷ്യത്വത്തിന്റെ മാതൃക തീര്‍ത്ത വലിയ പ്രസ്ഥാനമായി മാറി. രക്തക്ഷാമം മൂലം ജീവന്‍ നഷ്ടപ്പെടുമായിരുന്ന നിരവധി പേരുടെ കുടുംബങ്ങളിലേക്ക് പ്രതീക്ഷയുടെ പുഞ്ചിരി സമ്മാനിക്കാന്‍ കഴിഞ്ഞതാണ് തങ്ങളുടെ സമ്പാദ്യമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. ഈ കൂട്ടായ്മയില്‍ ഇന്ന് 50 പേരുണ്ട്. ഏത് സമയത്തും ഒരു വിളിപ്പുറത്ത് സഹായം നല്‍കുന്ന കര്‍മ ഭടന്മാരാണ്, പേര് പോലും പറയാതെ ‘വളണ്ടിയര്‍’ എന്ന വാക്കില്‍ അറിയപ്പെടുന്ന ഇതിന്റെ നിസ്വാര്‍ത്ഥരായ പ്രവര്‍ത്തകരെന്നും ഇവര്‍ പറയുന്നു. വര്‍ഷം തോറും 50ലേറെ രക്തദാന ക്യാമ്പുകളാണ് ബിഡി4യു നടത്തുന്നത്.
ടീം ബിഡി4യുവിന്റെ അടുത്ത മെഗാ രക്തദാന ക്യാമ്പ് അബുദാബിയില്‍ മാര്‍ച്ച് 13ന് ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 050 4647525, 052 9459277.