കുവൈത്ത് സിറ്റി: മറ്റുള്ളവരുടെ വേദനയില്‍ വേദനിക്കുകയും ദുഃഖത്തില്‍ ദുഃഖിക്കുകയും അവരെ സഹായിക്കാന്‍ ഏതറ്റം വരെയും പോകാന്‍ സന്നദ്ധനാവുകയും ചെയ്ത മഹദ് വ്യക്തിത്വമായിരുന്നു ഇ.അഹമ്മദ് സാഹിബെന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് പറഞ്ഞു. കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഇ.അഹ്മദ് സാഹിബ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അംബാസഡര്‍. സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞുനിന്ന മഹാനുഭാവനായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം അടുത്തിടപഴകി പ്രവര്‍ത്തിക്കാന്‍ ഖത്തറിലും റിയാദിലെ നിതാഖാത് സമയത്തുമൊക്കെ അവസരം ലഭിച്ചതായും അംബാസഡര്‍ അനുസ്മരിച്ചു. അഹമ്മദ് സാഹിബ് കാണിച്ച പാതയിലൂടെയാണ് കുവൈത്ത് കെഎംസിസിയും മുന്നോട്ട് പോകുന്നതെന്ന് കാണുമ്പോള്‍ അതിയായ സന്തോഷമുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്ത് അധ്യക്ഷത വഹിച്ചു. അഹ്മദ് സാഹിബിന്റെ മകനും മസ്കത്ത് കെഎംസിസി പ്രസിഡന്റുമായ റഈസ് അഹ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.
വിവിധ ജിസിസി കെഎംസിസി നേതാക്കളായ എസ്.എ.എം ബഷീര്‍, ഇബ്രാഹിം എളേറ്റില്‍, അഷ്റഫ് വേങ്ങാട്ട്, ഷാജി ആലപ്പുഴ, വനിതാ ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, ഒഐസിസി നേതാക്കളായ എബി വരിക്കാട്, കൃഷ്ണന് കടലുണ്ടി, കുവൈത്ത് കെഎംസിസി ഭാരവാഹികളായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, സിറാജ് എരഞ്ഞിക്കല്‍, ഹാരിസ് വള്ളിയോത്ത്, എഞ്ചി.മുഷ്താഖ്, ഷഹീദ് പാട്ടില്ലത്ത്, ഷരീഫ് ഒതുക്കുങ്ങല്‍, റസാഖ് അയ്യൂര്‍, ഫാസില്‍ കൊല്ലം, അജ്മല്‍ വേങ്ങര തുടങ്ങിയവര്‍ അഹമ്മദ് സാഹിബിനെ അനുസ്മരിച്ച് സംസാരിച്ചു. ഇ.അഹമ്മദിന്റെ അസാന്നിധ്യം അനുഭവിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നു പോകുന്നതെന്നും സമ്മേളനം വിലയിരുത്തി. ജന.സെക്രട്ടറി എം.കെ അബല്‍ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറര്‍ എം.ആര് നാസര്‍ നന്ദിയും പറഞ്ഞു.