
ദുബൈ: കോവിഡ് 19 ഉണ്ടാക്കിയ 2 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാര്‍ജയിലെ അല്‍ ഹംറ സിനിമ തിയറ്റര്‍ വെള്ളിയാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നു. മോഹന്‍ ലാലിന്റെ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടെയാണ് വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ഉടമ അബ്ദുല്‍ റഹ്മാന് പറഞ്ഞു.
നവീകരിച്ച തിയ്യറ്ററില്‍ 600 സാധാരണ സീറ്റുകളും ബാല്കണിയില് 240 സീറ്റുകളുമാണുള്ളത്. സാധാരണ ദിവസങ്ങളില്‍ ഉച്ച 1, വൈകുന്നേരം 4, രാത്രി 7, 10 എന്നിങ്ങനെ നാലു ഷോകളും വാരാന്ത്യങ്ങളില്‍ രാവിലെ 10നും പുലര്‍ച്ചെ 1.30നുമടക്കം ആറു ഷോകളും ഉണ്ടായിരിക്കും. നേരിട്ടും ഫോണിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. 40 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള തിയ്യറ്റര്‍ വൈകിട്ട് ജോലി കഴിഞ്ഞെത്തുന്നവര്‍ക്ക് സിനിമാസ്വാദനത്തിന് ഏറെ സഹായകമാകുന്നതായി അബ്ദുല്‍ റഹ്മാന് പറഞ്ഞു. യുഎഇ തിയ്യറ്ററുകളില്‍ ഭൂരിഭാഗവും മള്ട്ടിപ്ളക്സിലേക്ക് കൂടു മാറിയപ്പോഴും സാധാരണ തിയ്യറ്ററായി നിലനില്‍ക്കുന്ന അല്‍ ഹംറ സിനിമ നാട്ടിലെ തിയ്യറ്ററുകളുടെ ഗൃഹാതുരത്വം സമ്മാനിക്കും.
സ്റ്റാര്‍ ഗലേറിയ സിനിമ എംഡി ഫൈസല്‍ എറണാകുളം, സ്റ്റാര്‍ ഹോളിഡേ സിനിമാ ഓപറേഷനല്‍ ഹെഡും ബിഡിഎമ്മുമായ രാജന് വര്‍ക്കല, ഇക്വിറ്റി പ്ളസ് അഡ്വര്‍ടൈസിംഗ് എംഡി ജൂബി കുരുവിള, അല്‍ ഹംറ തിയ്യറ്റര്‍ ഓപറേറ്റര്‍ സുബൈര്‍, അക്ബര്‍, അമര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.