തന്‍മിയ വന്‍ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു

ഗള്‍ഫുഡ് 2022ലെ തന്‍മിയ പവലിയനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത തന്‍മിയ ഫുഡ് കമ്പനി എവിപി ഡയറക്ടര്‍ സ്റ്റീവ് റോസ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജോയ് എബ്രഹാം, മാനേജര്‍ ജനറല്‍ (ബിസിനസ് ഡെവലപ്‌മെന്റ്) നിഷാം മൊഹിദീന്‍ എന്നിവര്‍

ദുബൈ: സഊദി അറേബ്യയിലെ 60 വര്‍ഷം പഴക്കമുള്ള, ദശലക്ഷക്കണക്കിനാളുകള്‍ക്ക് നിത്യേന ഭക്ഷ്യ വിഭവങ്ങള്‍ എത്തിക്കുന്ന പ്രമീയം ചിക്കന്‍ ഉല്‍പന്ന ബ്രാന്‍ഡായ തന്‍മിയ ഫുഡ് കമ്പനി ഐപിഒ റിലീസിനൊപ്പം വമ്പിച്ച വിപുലീകരണ പദ്ധതികള്‍ ഗള്‍ഫുഡ് 2022ല്‍ പ്രഖ്യാപിച്ചു. തന്‍മിയ അടുത്തിടെ സമ്പൂര്‍ണ സുസ്ഥിരതാ ഓപറേഷന്‍ സര്‍ക്ള്‍ അവതരിപ്പിച്ചിരുന്നു. ഗള്‍ഫുഡിലെ 3-ാം നമ്പര്‍ ഹാളിലെ ഡി-3 സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ യുഎഇയിലെ റീടെയില്‍ വിപുലീകരണ പദ്ധതികള്‍ തന്‍മിയ സിഇഒ സുല്‍ഫിഖര്‍ ഹമദാനി നയിക്കുന്ന സഊദി സംഘം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരിച്ചു. മിഡില്‍ ഈസ്റ്റിലെ കോഴിയിറച്ചി ഉല്‍പന്ന മേഖലയില്‍ തന്‍മിയയെ ഏറ്റവും സുസ്ഥിരമാക്കാന്‍ ദശലക്ഷക്കണക്കിന് ഡോളറിന്റെ  നിക്ഷേപ-വിപുലീകരണ പദ്ധതികളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ജിസിസി വിപണിയില്‍ മേഖലയിലെ ഏററവും വലിയ ഉപഭോക്തൃ വിപണിയായി സഊദി അറേബ്യ തുടരുന്നു. യുവജനങ്ങളുടെയും വികസിച്ചു വരുന്ന മധ്യവര്‍ഗത്തിന്റെയും ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമായി ചിക്കന്‍ വിഭവങ്ങള്‍ നിലനില്‍ക്കുന്നു. സുസ്ഥിരത ഒരു ഭാരമല്ലെന്നും മൂല്യവര്‍ധിതമായാണ് അതിനെ കാണുന്നതെന്നും ഹമദാനി അഭിപ്രായപ്പെട്ടു. ഒരൊറ്റ ഫീഡ് മില്ലില്‍ നിന്ന് ആരംഭിച്ച ബിസിനസ് എന്ന നിലയില്‍ നിന്നും രാജ്യത്തെ എല്ലാ പ്രധാന ക്യുഎസ്ആര്‍ (ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ്) ബ്രാന്‍ഡുകള്‍ക്കും വിതരണം ചെയ്യുന്ന പൂര്‍ണവും സംയോജിതവുമായ പൗള്‍്രട്രി ബിസിനസ്സായി ഇന്ന് തന്‍മിയ വികസിച്ചു.


അല്‍ദബ്ബാഗ് ഗ്രൂപ് സ്ഥാപിച്ചതും പ്രധാന ഓഹരിയുള്ളതുമായ കമ്പനിയാണ് തന്‍മിയ. ഈ വര്‍ഷം 60-ാം വാര്‍ഷികം ആഘോഷികകുകയാണ് തന്‍മിയ. സഊദി മുന്‍ കൃഷി മന്ത്രി ശൈഖ് അബ്ദുല്ല അല്‍ ദബ്ബാഗ് 1962ല്‍ ജിദ്ദയില്‍ സ്ഥപിച്ച ഫീഡ് മില്‍ ഇന്ന് രാജ്യത്തെ മുന്‍നിര ഭക്ഷ്യോല്‍പാദകരിലൊന്നായി വളര്‍ന്നിരിക്കുന്നു. അഗ്രികള്‍ചറല്‍ ഡെവലപ്‌മെന്റ് കമ്പനി (എഡിസി) എന്ന പേരില്‍ 1992ല്‍ സംയോജിത പൗള്‍ട്രി ബിസിനസായി ഇതിനെ പുന:സംഘടിപ്പിച്ചു. 1999ല്‍ സുപ്രീം ഫുഡ്‌സ് പ്രോസസ്സിംഗ് കമ്പനി (എസ്എഫ്പിസി) സ്ഥാപിച്ചു. 2004ല്‍ ഡെസേര്‍ട്ട് ഹില്‍സ് ഫോര്‍ വെറ്ററിനറി സര്‍വീസസ് കമ്പനി (ഡിഎച്ച്‌വി) ആരംഭിച്ചു. മൃഗങ്ങളുടെ ഭക്ഷണം, ബ്രോയിലര്‍ കോഴിക്കുഞ്ഞുങ്ങള്‍, ബ്രോയിലര്‍ എഗ്ഗ് ഹാച്ചറുകള്‍, മഗോരോഗ്യ ഉല്‍പന്നങ്ങളും കന്നുകാലി പരിപാലനവുമായി ബന്ധപ്പെട്ട ഉപകരണങ്ങളും അടക്കമുള്ളവയുടെ ഉല്‍പാദകരും വിതരണക്കാരുമാണ് ഡിഎച്ച്‌വി.
2018ല്‍ സുല്‍ഫിഖര്‍ ഹമദാനിയെ സിഇഒ ആയി നിയമിച്ചു. കഴിഞ്ഞ വര്‍ഷം തന്‍മിയയുടെ ഐപിഒയിലെ 30 ശതമാനം ഓഹരി സഊദി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രവേശിച്ചതായി കമ്പനി പ്രഖ്യാപിച്ചു. തന്‍മിയയില്‍ ഇന്ന് 2,500 േപര്‍ ജോലി ചെയ്യുന്നുണ്ട്. പ്രതിദിനം 350,000 പക്ഷികള്‍ ഭക്ഷ്യ വിഭവങ്ങളാകുന്നു. മക് ഡൊണാള്‍ഡ്‌സ്, ബര്‍ഗര്‍ കിംഗ്, സബ്‌വേ പോലുളള ബഹുരാഷ്ട്ര വന്‍കിട ഫാസ്റ്റ് ഫുഡ് ശൃംഖലകള്‍ക്ക് തന്‍മിയ ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ എത്തിക്കുന്നു. ആറു പതിറ്റാണ്ടിന്റെ അനുഭവ പരിചയമുള്ള കമ്പനിക്ക് അടുത്ത അഞ്ചു വര്‍ഷത്തേക്ക് അതിവേഗം വികസിക്കാനുള്ള പദ്ധതികളുണ്ടെന്നും ഹമദാനി വെളിപ്പെടുത്തി. 2025ഓടെ കമ്പനിയെ മിഡില്‍ ഈസ്റ്റിലെ മുന്‍നിര പൗള്‍ട്രി കമ്പനിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി 200 മില്യന്‍ ഡോളറാണ് നിക്ഷേപിക്കുക.
റിയാദിലും ഖസീമിലുമായാണ് ചിക്കന്‍ ഫാ മിംഗ് കൂടുതലായുള്ളത്. സഊദി ഉടനീളം തന്‍മിയയുടെ കമ്പനി സാന്നിധ്യമുണ്ട്. ഏറ്റവും വലിയ ഫാക്ടറി യുഎഇയിലാണ്. വിവിധ മേഖലകളിലെ വിതരണത്തിനായി വിപുലമായ സംവിധാനമാണുള്ളത്. സഊദിക്ക് പുറമെ, ജിസിസിയിലെ മറ്റു രാജ്യങ്ങളിലും ലബനാനിലും ജോര്‍ദാനിലും തന്‍മിയ ഉല്‍പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്. തന്‍മിയയുടെ ഫ്രഷ് ചിക്കന്‍ കാര്‍ ഫോര്‍, ലുലു, പാണ്ട എന്നീ വന്‍കിട റീടെയില്‍ കമ്പനികളുടെ സ്‌റ്റോറുകളില്‍ ലഭ്യമാണ്. അല്‍മറായ്, അല്‍വതനിയ പോലുള്ള ഫാമിംഗ് കമ്പനികള്‍ തന്‍മിയയില്‍ നിന്നാണ് മൃഗാരോഗ്യ ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്. പൗള്‍ട്രി ഫുഡ് പ്രോസസ്സിംഗില്‍ തന്‍മിയക്ക് മാത്രമാണ് ബിആര്‍സി അംഗീകാരമുള്ളത്.
കമ്പനിയുടെ സുസ്ഥിര സംരംഭങ്ങള്‍ സംബന്ധിച്ചും ഹമദാനി വിശദീകരിച്ചു. 2025ഓടെ 10 ലക്ഷം മരങ്ങള്‍ നട്ടു പിടിപ്പിക്കാനുള്ള ‘വണ്‍ മില്യണ്‍ ട്രീസ്’ പദ്ധതിക്ക് തന്‍മിയ 2018ല്‍ തുടക്കം കുറിച്ചു. തന്‍മിയയില്‍ നിന്ന് ഇപ്പോള്‍ പ്രതിവര്‍ഷം 936 മില്യണ്‍ ലിറ്റര്‍ മലിനജലം സംസ്‌കരിച്ച് പ്രകൃതിയിലേക്ക് ചേര്‍ക്കുന്നുണ്ട്. ഒന്നര ലക്ഷം മരങ്ങള്‍ക്കിവ ജീവജലമായി മാറുന്നുണ്ട്. കൂടാതെ, പൗള്‍ട്രി വ്യവസായത്തില്‍ നിന്നുള്ള വളങ്ങളും വൃക്ഷവത്കരണത്തിന് സഹായിക്കുന്നു. സഊദിയിലെ ശര്‍ഖ മരുഭൂമിയില്‍ 200,000 മരങ്ങള്‍ തന്‍മിയ ഇതിനകം നട്ടുപിടിപ്പിച്ചു കഴിഞ്ഞു. 2025ഓടെ 10 ലക്ഷം മരങ്ങള്‍ക്ക് ജലം നല്‍കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ ആസൂത്രണം.
അല്‍ദബ്ബാഗ് ഗ്രൂപ് ചാരിറ്റി പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. 10 ലക്ഷം ഡോളറിന്റെ സമ്മാന പദ്ധതി കമ്പനി ഉടന്‍ പ്രഖ്യാപിക്കും. റോസ് ബ്രോയിലര്‍ ബ്രീഡര്‍ ബ്രാന്റ് ഉടമയായ ഏവിയാജെന്‍ ഉള്‍പ്പെടെ നിരവധി ബഹുമതികളും തന്‍മിയക്ക് ലഭിച്ചിട്ടുണ്ട്.
ഗള്‍ഫുഡ് തന്‍മിയ പവലിയനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ തന്‍മിയ ഫുഡ് കമ്പനി എവിപി ഡയറക്ടര്‍ സ്റ്റീവ് റോസ്, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ജോയ് എബ്രഹാം, ജനറല്‍ മാനേജര്‍ (ബിസിനസ് ഡെവലപ്‌മെന്റ്) നിഷാം മൊഹിദീന്‍ എന്നിവര്‍ പങ്കെടുത്തു.