ആസ്റ്റര്‍ വളണ്ടിയേഴ്‌സ് എസ്ടിഎസ്സിലെ 400 സ്ത്രീകള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു

14

ദുബൈ: ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ ആഗോള സിഎസ്ആര്‍ മുഖമായ ആസ്റ്റര്‍ വളണ്ടിയേഴ്‌സ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അല്‍ ഖൂസിലെ ഇന്‍ഫ്രാകെയര്‍ വനിതാ താമസ കേന്ദ്രങ്ങളില്‍ മള്‍ട്ടി-സ്‌പെഷ്യാലിറ്റി മെഡിക്കല്‍, വെല്‍നസ് ക്യാമ്പ് സംഘടിപ്പിച്ചു. ജെംസ് എഡ്യൂകേഷന്‍ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ഈ ഉദ്യമത്തിലൂടെ ഇന്‍ഫ്രാ കെയറിന്റെ അല്‍ഖൂസ,് സോനാപൂര്‍ വനിതാ താമസ കേന്ദ്രങ്ങളില്‍ നിന്നുള്ള 400ലധികം താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ പങ്കാളികളായി.
കുറച്ച് വര്‍ഷങ്ങളായി ആസ്റ്റര്‍ വളണ്ടിയേഴ്‌സ് സംഘടിപ്പിച്ചു വരുന്ന ദിവ പ്രോഗ്രാം വിവിധ ഉദ്യമങ്ങളിലൂടെ അധഃസ്ഥിത സ്ത്രീകളുടെ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യ വിദ്യാഭ്യാസ സെഷന്‍, വിവിധ രംഗങ്ങളിലെ വനിതാ നേതൃത്വങ്ങളുടെ പ്രചോദനാത്മക പ്രഭാഷണങ്ങള്‍, വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ദിവ 2.0 താഴ്ന്ന വരുമാനക്കാരായ സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താന്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നു. ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ മൂന്ന് ബ്രാന്‍ഡുകളായ ആസ്റ്റര്‍, ആക്‌സസ്, മെഡ്‌കെയര്‍ എന്നിവയില്‍ നിന്നുമുള്ള വനിതാ ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും കൂടാതെ, പുറത്തുനിന്നുളള സന്നദ്ധ പ്രവര്‍ത്തകരും എസ്ടിഎസില്‍ നിന്നുള്ള ഈ സ്ത്രീ തൊഴിലാളികള്‍ക്കു വേണ്ടി സംഘടിപ്പിച്ച പരിപാടിക്ക് നേതൃത്വം നല്‍കി.
നാട്ടിലുള്ള കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം ഒരുക്കാന്‍ കഠിനാധ്വാനം ചെയ്തുകൊണ്ട് ഉപജീവന മാര്‍ഗത്തിലേര്‍പ്പെടുന്നതിനിടെ പ്രത്യേകിച്ചും താഴ്ന്ന വരുമാനക്കാരായ സ്ത്രീകള്‍ സ്വന്തം ആരോഗ്യത്തെയും ക്ഷേമത്തെയും അവഗണിക്കുന്നതായി പലപ്പോഴും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യ പരിശോധനാ ക്യാമ്പൊരുക്കാനും ആരോഗ്യ കാര്യങ്ങളെ കുറിച്ച് അവര്‍ക്ക്  ബോധവത്കരണം നല്‍കാനുമുള്ള ആശയവും ഉടലെടുത്തതെന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. ദിവ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയകരമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും മികച്ച ജീവിതം ലഭ്യമാക്കാന്‍ അഹോരാത്രം ജോലി ചെയ്യുന്ന സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നുള്ള സ്ത്രീകളെയാണ് ഇത്തരം ഉദ്യമങ്ങള്‍ എപ്പോഴും ലക്ഷ്യമിടുന്നത്. 7 രാജ്യങ്ങളിലായുള്ള 24,000ത്തിലധികം ജീവനക്കാരില്‍ 60 ശതമാനത്തോളവും സ്ത്രീ ജീവനക്കാരുള്ള ഒരു സ്ഥാപനമെന്ന നിലയില്‍ ഈ രംഗത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തുകയെന്നത് തങ്ങളുടെ അടിസ്ഥാന ഉത്തരവാദിത്തമാണെന്ന് കരുതുന്നതായും അലീഷ മൂപ്പന്‍ വ്യക്തമാക്കി.
മലബാര്‍ ഗോള്‍ഡ്, അല്‍ റവാബി, ഒയാസിസ്, എയര്‍ അറേബ്യ, ഗ്രാന്‍ഡ് ഹൈപര്‍, ബര്‍ഗര്‍ കിംഗ്, എവോണ്‍, ദുബൈ ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്റ് ചില്‍ഡ്രന്‍, കോസ്‌മോ കോസ്‌മെറ്റിക്‌സ്, ഇമാമി, ആസ്റ്റര്‍ ഫാര്‍മസി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ വനിതകള്‍ക്കായി ഒരുക്കിയ വിനോദ മത്സര പരിപാടികളിലൂടെ ആകര്‍ഷക സമ്മാനങ്ങളും നല്‍കി. അബുദാബി, ഫുജൈറ, റാസല്‍ഖൈമ, അല്‍ ഐന്‍, ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ക്യാമ്പില്‍ പങ്കെടുത്തു. മെഡിക്കല്‍ ക്യാമ്പും ബിഎല്‍എസ് പരിശീലനവും നല്‍കി ആരംഭിച്ച പരിപാടിയില്‍ ഇന്‍ഫ്രാ കെയര്‍ വനിതാ താമസ കേന്ദ്രങ്ങളില്‍ നിന്നുള്ള സ്ത്രീകളുടെയും ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന്റെയും പങ്കാളിത്തത്തോടെ വിവിധ വിനോദ, ബോധവത്കരണ പരിപാടികളും തുടര്‍ന്ന് സംഘടിപ്പിക്കപ്പെട്ടു. മനഃശാസ്ത്രപരമായ പിന്തുണ ആവശ്യമുണ്ടായിരുന്ന സ്ത്രീകള്‍ക്ക് മനശ്ശാസ്ത്രജ്ഞരുടെ നേതൃത്വത്തില്‍ പ്രത്യേക നിര്‍ദേശങ്ങള്‍ വളണ്ടിയേഴ്‌സ് നല്‍കി.
കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍, 3.5 ദശലക്ഷത്തിലധികം ജീവിതങ്ങളെ സഹായ ഹസ്തമേകിയ 42,000ത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ നയിക്കുന്ന ഒരാഗോള പ്രസ്ഥാനമായി ആസ്റ്റര്‍ വളണ്ടിയേഴ്‌സ് ഇന്ന് വളര്‍ന്നിട്ടുണ്ട്.