ദുബായ് ഇന്റസ്ട്രിയല്‍ സിറ്റിയില്‍ അത്യന്താധുനിക സൗകര്യങ്ങളോടെ ദുബാറ്റ് റീസൈക്‌ളിംഗ് പ്‌ളാന്റിന് ശിലയിട്ടു

34

ദുബാറ്റ് യുഎഇ സര്‍ക്കുലര്‍ എകോണമി പോളിസി പ്രോത്സാഹിപ്പിക്കുന്നു. ദേശീയ സുസ്ഥിരതാ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നു.
110 മില്യണ്‍ ദിര്‍ഹം നിക്ഷേപത്തില്‍ വികസിപ്പിച്ചെടുക്കുന്ന മെനാ മേഖലയിലെ ഏറ്റവും വലിയ റീസൈക്‌ളിംഗ് സൗകര്യങ്ങളിലൊന്ന്.
70,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഈ സൗകര്യത്തിന് 25,000 മെട്രിക് ടണ്‍ വരെ ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികള്‍ പുനരുപയോഗിക്കാന്‍ കഴിയും. ഇത് തൊഴിലാളികള്‍ക്കും പരിസ്ഥിതിക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നു.
‘മെയ്ഡ് ഇന്‍ യുഎഇ’ ബാറ്ററികള്‍ ഭാവി പദ്ധതി.

ദുബായ്: റീജന്‍സി ഗ്രൂപ്പ് ഫോര്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് എല്‍എല്‍സിയുടെയും സീഷോര്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ദുബാറ്റ് റീസൈക്‌ളിംഗിന് 70,000 ചതുരശ്രയടി വലിപ്പത്തിലുള്ള ലെഡ് ആസിഡ് ബാറ്ററി (എല്‍എബി) റീസൈക്‌ളിംഗ് പ്‌ളാന്റിന് ദുബായ് ഇന്റസ്ട്രിയല്‍ സിറ്റി(ഡിഐസി)യില്‍ ശിലയിട്ടു. ഈ മേഖലയിലെ ആദ്യ സംരംഭമാണിത്.
110 മില്യണ്‍ ദിര്‍ഹം നിക്ഷേപത്തില്‍ 154,000 ചതുരശ്രയടി ഏരിയയിലാണ് പ്‌ളാന്റ് അത്യന്താധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നത്. ഉപയോഗിച്ച ബാറ്ററികളെ ലെഡ് ഇന്‍ഗോട്ടുകളായും പ്‌ളാസ്റ്റിക് ചിപ്പുകളായും ബാറ്ററി നിര്‍മാതാക്കള്‍ പുനരുപയോഗിക്കുന്നതിലൂടെ യുഎഇയുടെ സര്‍ക്കുലര്‍ എകോണമി പോളിസിക്കും സുസ്ഥിരതാ ലക്ഷ്യങ്ങള്‍ക്കുമാണത് സംഭാവനയായി മാറുന്നത്.
2023 ജനുവരിയോടെ പ്‌ളാന്റ് പൂര്‍ണ തോതില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് പ്രമോട്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ഡിഐസി മാനേജിംഗ് ഡയറക്ടര്‍ സൗദ് അബൂ അല്‍ ശവാരീബ്, ദുബൈ മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് മാനേജ്‌മെന്റ് വകുപ്പ് മേധാവി എഞ്ചി. അബ്ദുല്‍ മജീദ് അബ്ദുല്‍ അസീസ് സൈഫാഈ, ഇന്‍ഡസ്ട്രി ആന്റ് അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രാലയത്തിലെ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ആന്റ് സ്‌റ്റെയ്ക്‌ഹോള്‍ഡര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ അബ്ദുല്ല അല്‍ മഹ്‌റി, ദുബാറ്റ് ബാറ്ററി റിസൈക്‌ളിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട്, ഡയറക്ടര്‍ ഹാഷിഖ് പി.കെ, സീഷോര്‍ ഗ്രൂപ് ഡയറക്ടര്‍ ആസാദ് എ.പി, റീജന്‍സി ഗ്രൂപ് ഡയറക്ടര്‍ അബൂബക്കര്‍ മാനാട്ടുകുണ്ടയില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
”സുസ്ഥിരതാ സൊല്യൂഷനുകളിലൂടെ നമ്മുടെ പാരിസ്ഥിതിക ഫൂട്പ്രിന്റ്‌സ് കുറയ്ക്കാനായി പ്രവര്‍ത്തിക്കുന്ന നൂതന ബിസിനസുകളെ വികസിപ്പിക്കാനും അവയുടെ വളര്‍ച്ചക്കും യുഎഇയുടെ സുസ്ഥിരതാ അജണ്ട ഉത്തേജകമായി വര്‍ത്തിക്കുന്നു. മേഖലയിലെ പ്രമുഖ വ്യാവസായിക കേന്ദ്രമെന്ന നിലയില്‍, ഇയ്യവും പ്‌ളാസ്റ്റിക്കും പോലുള്ള അപകടകരമായ വസ്തുക്കളെ പുനരുപയോഗിക്കാവുന്ന ഉല്‍പന്നങ്ങളാക്കി മാറ്റുന്നതിനെ പിന്തുണക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ചട്ടക്കൂടുകളും പ്രാപ്തമാക്കി ഈ ശ്രമങ്ങളെ പൂര്‍ത്തീകരിക്കുകയും സുസ്ഥിര ഭാവിയെ കുറിച്ചുള്ള നേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ പിന്തുണക്കുകയും ചെയ്യുകയെന്നത് ഞങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്” -അബൂ അല്‍ ശവാരീബ് പറഞ്ഞു.
ഹരിത സാങ്കേതിക വിദ്യയിലേക്ക് വെളിച്ചം വീശുകയും ഈ മേഖലയില്‍ സുസ്ഥിരവും ആരോഗ്യകരവുമായ ഭാവിക്ക് വഴിയൊരുക്കുകയും ചെയ്യുന്ന തങ്ങളുടെ വളര്‍ന്നു വരുന്ന അത്യാധുനിക റീസൈക്‌ളിംഗ് പ്‌ളാന്റുകളുടെ പട്ടികയിലേക്ക് ദുബാറ്റ് ബാറ്ററി റീസൈക്‌ളിംഗിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”യുഎഇയുടെ സര്‍ക്കുലര്‍ എകോണമിയില്‍ നിന്നും സുസ്ഥിരതാ ലക്ഷ്യങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള നിക്ഷേപമാണ് ദുബാറ്റ്. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് പരിസ്ഥിതി വകുപ്പ്, ഇന്റസ്ട്രീസ് ആന്റ് അഡ്വാന്‍സ്ഡ് ടെക്‌നോളജി മന്ത്രാലയം, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം തുടങ്ങിയ വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ അംഗീകാരത്തിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പൂര്‍ത്തിയാകുന്നതോടെ, യുഎല്‍സിഎ ബാറ്ററികള്‍ക്ക് ഞങ്ങളൊരു സംഘടിത റീസൈക്‌ളറും വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവുമായി മാറും. അതുവഴി കാലാവസ്ഥാ വ്യതിയാനവും കാര്‍ബണ്‍ ഫൂട്പ്രിന്റ്‌സും കുറയ്ക്കാനുമാകും” – ദുബാറ്റ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ പറഞ്ഞു.
ദുബായ് എകോണമി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അലി ഇബ്രാഹിം, ദുബായ് ഇന്റസ്ട്രീസ് ആന്റ് എക്‌സ്‌പോര്‍ട്‌സ് സിഇഒ എഞ്ചി. സഈദ് അല്‍ അവാദി, ഇറ്റലിയിലെ സെറി ഗ്രൂപ്പ് സ്ഥാപകനും ഡയറക്ടറുമായ ജിയാകോമോ സിവെറ്റിലോ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
മണിക്കൂറില്‍ 10 ടണ്‍ ശേഷിയുള്ള ബാറ്ററി ബ്രേക്കര്‍, 4 ക്യുബിക് മീറ്റര്‍ സ്‌മെല്‍റ്റര്‍, 4 റിഫൈനറി കെറ്റിലുകള്‍ എന്നിവയോടെയാണ് ദുബാറ്റ് പ്‌ളാന്റ് പ്രവര്‍ത്തനമാരംഭിക്കുക. പ്രതിവര്‍ഷം 25,000 മെട്രിക് ടണ്‍ ഉപയോഗിച്ച ലെഡ് ആസിഡ് ബാറ്ററികളെ (യുഎല്‍എബിഎസ്) റീസൈക്കിള്‍ ചെയ്യാനും 14,000 ടണ്‍ ലെഡ് ഇന്‍ഗോട്ടുകളും 1,750 ടണ്‍ പ്‌ളാസ്റ്റിക് ചിപ്പുകളും ഉല്‍പാദിപ്പിക്കാനും പ്‌ളാന്റിന് ശേഷിയുണ്ടാകും. ബാറ്ററി ഉല്‍പാദകര്‍ക്കും; മെഡിക്കല്‍, ഫിഷിംഗ്, മറ്റു വ്യാവസായിക മേഖലകള്‍ക്കും ഇവ വില്‍ക്കാനാകും. യുഎഇയിലുണ്ടാകുന്ന ലെഡ് ആസിഡ് ബാറ്ററി സ്‌ക്രാപ്പിന്റെ 35 ശതമാനം ഇങ്ങനെ റീസൈക്കിള്‍ ചെയ്യാനാകുന്നതാണ്.
ലോകമെമ്പാടും ഇത്തരത്തിലുള്ള നിരവധി പ്‌ളാന്റുകള്‍ സ്ഥാപിക്കുന്നതില്‍ വൈദഗ്ധ്യമുള്ള ബാറ്ററി റീസൈക്‌ളിംഗ് സാങ്കേതിക വിദ്യയിലെ മുന്‍നിരക്കാരായ ഇറ്റാലിയന്‍ ഗ്രൂപ്പായ സെറിയുടെ ഭാഗമായ എഫ്‌ഐബി എസ്പിഎ ആണ് പ്‌ളാന്റ് മെഷിനറിയും സാങ്കേതിക വിദ്യയും നല്‍കുന്നത്.

പാരിസ്ഥിതിക ആശങ്ക
”ഞങ്ങളുടെ ഒരു പഠനത്തില്‍, യുഎഇ പ്രതിമാസം ഏകദേശം 6,000 മെട്രിക് ടണ്‍ ബാറ്ററികള്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്നും ആഗോള തലത്തില്‍ ബാറ്ററി സ്‌ക്രാപ്പുകള്‍ പരിസ്ഥിതി സൗഹൃദമായ രീതിയില്‍ സംസ്‌കരിക്കപ്പെടുന്നില്ലെന്നും കണ്ടെത്തി. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്‌ക്രാപ്പ് ബാറ്ററികള്‍ കയറ്റുമതി ചെയ്യുന്നത് ആസിഡ് മണ്ണിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ്. വായു, ജലം, മണ്ണ് എന്നിവ മലിനമാക്കുന്ന ഈ നടപടി അത്യന്തം അപകടകരമാണ്” -ദുബാറ്റ് ഡയറക്ടര്‍ ഹാസിഖ് പാണ്ടിക്കടവത്ത് പറഞ്ഞു.
യുഎല്‍എബിഎസ് പൊട്ടിച്ച് അതി ലെ ലെഡ് പ്‌ളേറ്റുകളും ഗ്രിഡുകളും സ്വമേധയാ എടുത്ത് അടിസ്ഥാന ഓവനുകളില്‍ ഉരുക്കി ലെഡ് ഇന്‍ഗോട്ടുകള്‍ നിര്‍മിക്കുന്ന അസംഘടിത ബാറ്ററി പ്രോസസറുകള്‍ ആഗോള തലത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
”ഇത് മുഴുവന്‍ പ്രദേശത്തെയും ലെഡ്, ലെഡ് പേസ്റ്റ്, ലെഡ് പൊടി എന്നിവയാല്‍ മലിനമാക്കും. അതേസമയം, മണ്ണിലേക്ക് ഒഴുകുന്ന ആസിഡ് ഭൂഗര്‍ഭ ജലം മലിനമാക്കുകയും ഭൂഗര്‍ഭ ജലത്തിലെ ലെഡിന്റെ അളവ് ഉയര്‍ത്തുകയും ചെയ്യും. ഓവനില്‍ നിന്നുയരുന്ന പുക വ്യാപക അന്തരീക്ഷ മലിനീകരണത്തിനുമിടയാക്കും” -ബാറ്ററികള്‍ ഏറ്റവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ പുനരുപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് മികച്ച വ്യവസായ സമ്പ്രദായങ്ങള്‍ പിന്തുടരാന്‍ ദുബാറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
പ്രധാന ബാറ്ററി വ്യാപാരികള്‍, സ്‌ക്രാപ്പ് വ്യാപാരികള്‍, കാര്‍ ഡീലര്‍ഷിപ്പുകള്‍, ഗ്യാരേജുകള്‍, സര്‍ക്കാര്‍ അധികാരികള്‍ എന്നിവയുമായി സഹകരിച്ച് പ്രാദേശിക വിപണിയില്‍ നിന്ന് ബാറ്ററികളുടെ കാര്യക്ഷമമല്ലാത്ത പുനര്‍നിര്‍മാണം കുറയ്ക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ഈ പരിസ്ഥിതി സൗഹൃദ സംരംഭത്തിന് സംഭാവന നല്‍കാന്‍ പ്രസക്തമായ എല്ലാ പങ്കാളികളുടെയും മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഭാവി പദ്ധതി ‘മെയ്ഡ് ഇന്‍ യുഎഇ’ ബാറ്ററികള്‍
”വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനത്തില്‍ നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ പുനരുപയോഗ ശേഷി ഇരട്ടിയാക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. വിപുലീകരണാര്‍ത്ഥമാണ് ഞങ്ങള്‍ ഈ പ്‌ളാന്റ് നിര്‍മിച്ചിരിക്കുന്നത്. വികസനത്തിന്റെ ഭാഗമായി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ബാറ്ററി പ്രൊഡക്ഷന്‍ പ്‌ളാന്റ് സ്ഥാപിക്കാനാണ് ഭാവി പദ്ധതി. ‘മെയ്ഡ് ഇന്‍ യുഎഇ’ ബാറ്ററികള്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു” -ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍ വെളിപ്പെടുത്തി.
ഇലക്ട്രിക് വാഹനങ്ങള്‍ക്കും മറ്റ് ആപ്‌ളിക്കേഷനുകള്‍ക്കും കരുത്ത് പകരാന്‍ നൂതന ലിഥിയം അയോണ്‍ ബാറ്ററികള്‍ നിര്‍മിക്കാനായി സെറി ഗ്രൂപ്പ് ഇറ്റലിയുടെ വിഭാഗമായ എഫ്എഎഎം ഇറ്റലിയുമായി ഒരു സാങ്കേതിക പങ്കാളിത്തവും ഗ്രൂപ്പ് നോക്കുന്നു.
ബാറ്ററി റീസൈക്‌ളിംഗിലും ലിഥിയം അയോണ്‍ ബാറ്ററി നിര്‍മാണത്തിലും മുന്‍നിരക്കാരായ സെറി എസ്ആര്‍എല്‍  ആണ് ദുബാറ്റിന്റെ സാങ്കേതിക പങ്കാളി.