ഐഎംഎഫ്, യാക്കോബ്‌സ് വെല്‍ത്തി ഹോസ്പിറ്റാലിറ്റി ക്രിക്കറ്റ്: മീഡിയ ലയണ്‍സ് ചാമ്പ്യന്മാര്‍

19

ദുബൈ: ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യുഎഇയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ യാക്കോബ്‌സ് വെല്‍ത്തി ഹോസ്പിറ്റാലിറ്റി ട്രോഫിക്ക് വേണ്ടിയുള്ള ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മീഡിയ ലയണ്‍സ് ച ാമ്പ്യന്മാരായി. ഷാര്‍ജ വിക്‌ടോറിയ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മീഡിയ ടൈഗേഴ്‌സിനെ ആറു വിക്കറ്റിനാണ് മീഡിയ ലയണ്‍സ് പരാജയപ്പെടുത്തിയത്.
മീഡിയ ലയണ്‍സ് ടീമിനെ ശിഹാബ് അബ്ദുല്‍ കരീമും മീഡിയ ടൈഗേഴ്‌സിനെ ജോമി അലക്‌സാണ്ടറുമാണ് നയിച്ചത്. 35 റണ്‍സ് എടുക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത മീഡിയ ലയണ്‍സ് താരം സുജിത് സുന്ദരേശനാണ് മത്സരത്തിലെ താരം. ജോമി  അലക്‌സാണ്ടര്‍, സനീഷ് നമ്പ്യാര്‍ എന്നിവര്‍ വ്യക്തിഗത പുരസ്‌കാരങ്ങള്‍ നേടി.
ചാമ്പ്യന്മാര്‍ക്ക് യാക്കോബ്‌സ് വെല്‍ത്തി ഹോസ്പിറ്റാലിറ്റി മാനേജിംഗ് ഡയറക്ടര്‍ ഫീനിക്‌സ് യാക്കോബ് ട്രോഫിയും കാഷ് അവാര്‍ഡും നല്‍കി. സുരേഷ് പുന്നശ്ശേരില്‍, ചാക്കോ ഊളക്കാടന്‍ എന്നിവര്‍ മറ്റ് സമ്മാനങ്ങള്‍ നല്‍കി.
വിക്‌ടോറിയ ക്രിക്കറ്റ് അക്കാദമി ഡയറക്ടര്‍ നജീബ് കെ. കെ കളിക്കാരെ പരിചയപ്പെട്ടു. തന്‍സി ഹാഷിര്‍, വനിത വിനോദ്, ജസിത സഞ്ജിത്, ശാന്തിനി മേനോന്‍ എന്നിവര്‍ അനുഗമിച്ചു.
കൂട്ടായ്മയിലെ മുതിര്‍ന്ന അംഗങ്ങളായ രാജു മാത്യു, എല്‍വിസ് ചുമ്മാര്‍, എം.സി.എ നാസര്‍, ഭാസ്‌കര്‍ രാജ്, കബീര്‍ എടവണ്ണ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പുമായി സഹകരിച്ചവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. വിക്‌ടോറിയ ക്രിക്കറ്റ് അക്കാദമി, പെഗാസിസ് ക്രിക്കറ്റ് ക്‌ളബ് എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് മത്സരം നടത്തിയത്. ക്രിക്കറ്റ് വിദഗ്ധന്‍ മനോജ് പിള്ള മാച്ച് റഫറിയായിരുന്നു. ലുലു ഗ്രൂപ്, ഉസ്താദ് ഹോട്ടല്‍, ഗ്‌ളോബല്‍ മീഡിയ ഹബ്, കോസ്‌മോസ് സ്‌പോര്‍ട്‌സ് ആഡ് സ്പീക് ഇവന്റസ്, എസ്പിഎസ്എ ക്രിക്കറ്റ് അക്കാദമി എന്നിവയും ചാമ്പ്യന്‍ഷിപ്പുമായി സഹകരിച്ചു.
കോഓര്‍ഡിനേറ്റര്‍മാരായ രാജു മാത്യു, ഷിനോജ് ഷംസുദ്ദീന്‍, സുജിത് സുന്ദരേശന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റോയ് റാഫേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

മീഡിയ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ മീഡിയ ലയണ്‍സ് ടീം ഫീനിക്‌സ് യാക്കോബില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു