ഹൈദരലി തങ്ങളുടെ വേര്‍പാടില്‍ സഫാരി ഗ്രൂപ് അനുശോചിച്ചു

ഷാര്‍ജ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മഹല്ലുകളുടെയും നേതൃത്വവും കേരള മുസ്‌ലിം സമൂഹത്തിന്റെ അനിഷേധ്യ നേതാവും ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ എല്ലാവര്‍ക്കും തണലുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വേര്‍പാടില്‍ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജ്‌മെന്റും സ്റ്റാഫുകളും ദുഖം രേഖപ്പെടുത്തി.
1973ല്‍ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റ്, 1977ല്‍ മലപ്പുറം ജില്ലയിലെ പുല്‍പ്പറ്റ പഞ്ചായത്തിലെ പൂക്കൊളത്തൂരില്‍ മഹല്ല് പള്ളി, മദ്രസ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ ഏറ്റെടുത്തു കൊണ്ടാണ് തങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്കെത്തുന്നത്. പിന്നീട് പിതാവ് പിഎംഎസ്എ പൂക്കോയ തങ്ങളുടെ വഫാത്തോടെ രാഷ്ട്രീയ, മത രംഗങ്ങളിലേക്ക് കൂടുതല്‍ സജീവമായി ഇടപെടുകയായിരുു. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരിച്ചതോടെ അവരുടെ ഉത്തരവാദിത്തങ്ങള്‍ ഹൈദരലി തങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
2008ല്‍ സമസ്ത മുശാവറ അംഗമായും 2010ല്‍ സമസ്ത വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 2009ല്‍ സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടിനു ശേഷം മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായും ഹൈദരലി ശിഹാബ് തങ്ങളെ തെരെഞ്ഞെടുത്തു. ആയിരത്തിലധികം മഹല്ലുകളുടെ ഖാസിയും ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി അടക്കമുള്ള നൂറുകണക്കിന് മത-ഭൗതിക-വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രസിഡന്റും നിരവധി അനാഥ-അഗതി മന്ദിരങ്ങളുടെ അധ്യക്ഷനും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും അനേകം ആത്മീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ നേതൃ ചുമതലകള്‍ വഹിച്ച വ്യക്തിത്വവുമായിരുന്നു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലം തൊട്ടു തന്നെ പാണക്കാട് കുടുംബവും സഫാരി ഗ്രൂപ്പും തമ്മില്‍ ഊഷ്മളമായ ബന്ധം കാത്തു സൂക്ഷിക്കുകയും ഖത്തറിലെയും യുഎഇയിലെയും സഫാരി ഗ്രൂപ്പിന്റെ പല ബിസിനസ് സ്ഥാപനങ്ങളിലും ആദരണീയരായ തങ്ങള്‍ പല തവണ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, ഗള്‍ഫ് നാടുകളിലെയും കേരളത്തിലെയും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു സഹായ സഹകരണങ്ങള്‍ക്കും തങ്ങളുടെ നേതൃത്വത്തില്‍ സഫാരി മാനേജ്‌മെന്റ് പങ്കാളികളായിരുന്നു.
”വലിപ്പ-ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും വളരെ സൗമ്യമായി മാത്രം ഇടപെടലുകള്‍ നടത്തിയിരുന്ന വന്ദ്യരായ ഹൈദരലി തങ്ങള്‍ ഞങ്ങള്‍ക്കെല്ലാം വളരെയടുത്ത മാര്‍ഗദര്‍ശിയായിരുന്നു. അതുകൊണ്ടു തന്നെ, ഹൈദരലി തങ്ങളുടെ വേര്‍പാട് എല്ലാവരെയും പോലെ ഞങ്ങള്‍ക്കും തീരാനഷ്ടവും ദുഃഖവുമാണ്” -സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് അഭിപ്രായപ്പെട്ടു.
”ഹൈദരലി തങ്ങളുമായി ഒരു ജ്യേഷ്ഠ സഹോദരന്‍ എന്ന നിലയിലുള്ള ബന്ധമായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്നത്. പലപ്പോഴും ആവശ്യമായ നിര്‍ദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കിയിരുന്നു” -സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടറും ഗ്രൂപ് ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍ പറഞ്ഞു.
ഹൈദരലി തങ്ങളുടെ വേര്‍പാടില്‍ സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, ഗ്രൂപ് എംഡിയും ജനറല്‍ മാനേജരുമായ സൈനുല്‍ ആബിദീന്‍ എന്നിവര്‍ ദു:ഖവും അനുശോചനവും അറിയിച്ചു.