യുഎഇക്ക് ഐക്യദാര്‍ഢ്യം: 300 ഫസ്റ്റ് ഫാസ്റ്റ് ഗ്രൂപ് ജീവനക്കാരുടെ രക്തദാനം 13ന്‌

ഫസ്റ്റ് ഫാസ്റ്റ് ജനറല്‍ ട്രേഡിംഗ് ദുബൈ ബ്‌ളഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാന യജ്ഞത്തെ കുറിച്ച് മാനേജിംഗ് ഡയറക്ടര്‍ ഹാഷിം കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുന്നു. ഫസ്റ്റ് ഫാസ്റ്റ് ഗ്രൂപ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍, മാനേജര്‍ അബ്ദുല്‍ മുത്തലിബ് എന്നിവര്‍ സമീപം

ദുബൈ: എക്‌സ്‌പോ 2020 ദുബൈയിലും ഗ്‌ളോബല്‍ വില്ലേജിലും അബുദാബി ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിലും ഗസ്റ്റ് കെയര്‍ സര്‍വീസ് സേവന രംഗത്തെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായി മാറിയ ഫസ്റ്റ് ഫാസ്റ്റ് ജനറല്‍ ട്രേഡിംഗ് യുഎഇ ഭരണകൂടത്തോടുള്ള ഐക്യദാര്‍ഢ്യവുമായി ദുബായ് ബ്‌ളഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം നടത്തുന്നു. ഏപ്രില്‍ 13ന് ബുധനാഴ്ച ഗ്‌ളോബല്‍ വില്ലേജിലെ അഞ്ചാം നമ്പര്‍ ഗേറ്റിനടുത്തുള്ള പാര്‍ക്കിംഗ് നമ്പര്‍-6ലാണ് ഫസ്റ്റ് ഫാസ്റ്റ് ഗ്രൂപ്പിലെ 300 ജീവനക്കാര്‍ രാത്രി 8 മുതല്‍ അര്‍ധരാത്രി വരെ രക്തദാനം നടത്തുന്നത്. 2016ല്‍ നിലവില്‍ വന്ന ഫസ്റ്റ് ഫാസ്റ്റ് ഗ്രൂപ്പിന് ആറു വര്‍ഷങ്ങള്‍ക്കകം മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതിന് സ്വാതന്ത്ര്യത്തിന്റെ 50 വര്‍ഷം പിന്നിട്ട യുഎഇയോടുള്ള നന്ദി പ്രകടനം കൂടിയാണ് സമൂഹത്തിന് എന്തെങ്കിലും ക്രിയാത്മകമായി തിരിച്ചു നല്‍കാനുള്ള ലക്ഷ്യത്തോടെ വേറിട്ട രീതിയില്‍ ഈ ആഘോഷ പരിപാടി ഒരുക്കിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ അബ്ദുല്‍ ജലീലും മാനേജിംഗ് ഡയറക്ടര്‍ ഹാഷിം കോയ തങ്ങളും ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മാര്‍ച്ച് 31ന് സമാപിച്ച എക്‌സ്‌പോ 2020 ദുബൈയിലെ ഏറ്റവും വലിയ ഗസ്റ്റ് കെയര്‍ സര്‍വീസ് പ്രൊവൈഡറായിരുന്നു പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഫസ്റ്റ് ഫാസ്റ്റ് ജനറല്‍ ട്രേഡിംഗ്. 100ലധികം ഇലക്ട്രിക് സ്‌കൂട്ടറുകളും 300 വീല്‍ ചെയറുകളും 300 ബേബി സ്‌ട്രോളറുകളും 120 പോര്‍ട്ടര്‍ സര്‍വീസുകളുമാണ് എക്‌സ്‌പോ 2020യില്‍ നിത്യവും ഗസ്റ്റ് കെയര്‍ സര്‍വീസിനായി ഉപയോഗിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശനമായ എക്‌സ്‌പോ 2020യില്‍ 192 രാജ്യങ്ങളുടെ പവലിയനുകളിലെത്തിയ ആയിരക്കണക്കിന് അതിഥികളെ മികച്ച നിലയില്‍ സേവിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അബ്ദുല്‍ ജലീലും ഹാഷിം കോയ തങ്ങളും പറഞ്ഞു. ഇത് വലിയ നേട്ടമാണ്. സ്വപ്ന തുല്യമായ അവസരമാണ് ഫസ്റ്റ് ഫാസ്റ്റ് കമ്പനിക്ക് ലഭിച്ചത്. അതിന് യുഎഇ ഭരണകൂടത്തോട്, വിശേഷിച്ചും ദുബൈ ഗവണ്‍മെന്റിനോട് നന്ദിയും കടപ്പാടുമുണ്ടെന്നും ഇരുവരും വ്യക്തമാക്കി.
മെയ് 7ന് അവസാനിക്കുന്ന ഗ്‌ളോബല്‍ വില്ലേജില്‍ 62 റിക്ഷാ സര്‍വീസുകളും 120 പോര്‍ട്ടര്‍മാരുടെ സേവനവും 1000ത്തിലധികം ഷോപ്പിംഗ് ട്രോളികള്‍, ഇലക്ട്രിക് വീല്‍ ചെയറുകള്‍, ഇലക്ട്രിക് സ്‌കൂട്ടറുകള്‍, വീല്‍ ചെയറുകള്‍, ബേബി കാര്‍ട്ടുകള്‍, ലോക്കര്‍ സൗകര്യം എന്നിവ ഗസ്റ്റ് കെയര്‍ സര്‍വീസിന്റെ ഭാഗമായിട്ടുള്ള മോബിലിറ്റി ഹബ്ബില്‍ ലഭ്യമാണ്.
2021 നവംബര്‍ 18 മുതല്‍ 2022 ഏപ്രില്‍ 1 വരെ അബുദാബി അല്‍വത്ബയില്‍ നടന്ന ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിലും ഇതേ സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നു. ഗ്‌ളോബല്‍ വില്ലേജിന്റെയും  ശെഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിന്റെയും അടുത്ത സീസണില്‍ കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
ഫസ്റ്റ് ഫാസ്റ്റ് ജനറല്‍ ട്രേഡിംഗ് നിലവില്‍ സ്റ്റാഫുകളായിട്ടുള്ള 300ഓളം പേരാണ് രക്തദാന യജ്ഞത്തില്‍ പങ്കെടുക്കുന്നത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും ഫസ്റ്റ് ഫാസ്റ്റ് ഗ്രൂപ് നടത്തുന്നുണ്ട്. റമദാന്‍ 30 ദിനങ്ങളിലും 200 പേര്‍ക്ക് വീതം സൗജന്യ ഇഫ്താര്‍ സൗകര്യം ഫസ്റ്റ് ഫാസ്റ്റ് ജനറല്‍ ട്രേഡിംഗ് നല്‍കുന്നുണ്ട്. ഫസ്റ്റ് ഫാസ്റ്റ് ജനറല്‍ ട്രേഡിംഗ് മാനേജര്‍ അബ്ദുല്‍ മുത്തിബും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.