
ജിദ്ദ: സഊദി അറേബ്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തായിഫില്‍ ലുലു ഗ്രൂപ് ഹൈപര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നു. തായിഫിലെ സിറ്റി വാക് മാളിലാണ് 5 കോടി റിയാല്‍ നിക്ഷേപത്തില്‍ ഹൈപര്‍ മാര്‍ക്കറ്റ് തുടങ്ങുന്നത്.
ഇതുസംബന്ധിച്ച കരാറില്‍ ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലിയും മനാസില്‍ അല്‍ ഖുബറാ റിയല്‍ എസ്റ്റേറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ താമര്‍ അല്‍ ഖുറഷിയും മക്കയില്‍ ഒപ്പു വെച്ചു. ലുലു ഗ്രൂപ് സഊദി ഡയറക്ടര്‍ ഷെഹീം മുഹമ്മദ്, ജിദ്ദ റീജ്യണല്‍ ഡയറക്ടര്‍ റഫീഖ് മുഹമ്മദ് എന്നിവരും സംബന്ധിച്ചു.
രണ്ടു നിലകളിലായി രണ്ടു ലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള ഹൈപര്‍ മാര്‍ക്കറ്റ് 2023 ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും.
മക്ക പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന തായിഫില്‍ ഹൈപര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതോടെ കൂടുതല്‍ സഊദികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്ന് എം.എ യൂസഫലി പറഞ്ഞു. സഊദി അറേബ്യയില്‍ നിലനില്‍ക്കുന്ന മികച്ച നിക്ഷേപാവസരങ്ങളാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പ്രോത്സാഹനമേകുന്നത്. ഇതിനായി സഊദി ഭരണകൂടം നല്‍കുന്ന സഹകരണങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
26 ലുലു ഹൈപര്‍ മാര്‍ക്കറ്റുകള്‍, അരാംകോ മാര്‍ക്കറ്റുകള്‍, സഊദി നാഷണല്‍ ഗാര്‍ഡ് മാര്‍ക്കറ്റുകള്‍ എന്നിവയിലുള്‍പ്പെടെ 3,000ത്തിലധികം സഊദി പൗരന്മാരാണ് നിലവില്‍ ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്.
സുഖകരമായ കാലാവസ്ഥയും പ്രകൃതി സൗന്ദര്യവു കൊണ്ട് അനുഗൃഹീതമായ തായിഫ് വേനല്‍ക്കാലത്തെ സഊദി അറേബ്യയുടെ അനൗദ്യോഗിക തലസ്ഥാനം കൂടിയാണ്. ഹജ്ജിനും ഉംറക്കുമെത്തുന്ന തീര്‍ത്ഥാടകര്‍ തായിഫിലെ മീഖാത്തില്‍ എത്തിയാണ് ഇഹ്‌റാം വസ്ത്രമണിയുന്നത്.