‘ക്രിയേറ്റ് ക്രിയേറ്റിവിറ്റി’ എന്ന പ്രമേയത്തില്‍ മെയ് 22 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന മേളയില്‍ എഴുത്തുകാരും അഭിനേതാക്കളും പങ്കെടുക്കും.
ഷാര്‍ജ: 12 ദിവസം നീളുന്ന ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ (എസ്സിആര്‍എഫ്) മെയ് 11 മുതല്‍ 22 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ ‘ക്രിയേറ്റ് ക്രിയേറ്റിവിറ്റി’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുമെന്ന് ഷാര്‍ജ ബുക് അഥോറിറ്റി (എസ്ബിഎ) ചെയര്മാന് അഹ്മദ് ബിന്‍ റക്കാദ് അല്‍ ആമിരി എസ്ബിഎ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കുട്ടികള്‍ക്ക് മാത്രമല്ല, രക്ഷിതാക്കള്‍, എഴുത്തുകാര്‍, ചിത്രകാരന്മാര്, പ്രസാധകര് എന്നിവര്‍ക്കുമായി രൂപകല്പന ചെയ്തിരിക്കുന്ന സമഗ്രമായ ഉത്സവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ചുള്ള മിഡില്‍ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ സാഹിത്യ പരിപാടിയാണിത്.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്ത്താ ന് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് ചെയര്‍പേഴ്സണുമായ ശൈഖാ ജവാഹിര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയുടെയും രക്ഷാകര്‍തൃത്വത്തിലാണ് എസ്സിആര്‍എഫ് സംഘടിപ്പിക്കുന്നത്.
ബാലസാഹിത്യത്തിനും പ്രസിദ്ധീകരണത്തിനും ഊന്നലുള്ള മേളയില്‍ വിവിധ വിഷയങ്ങളില്‍ ഊര്‍ജസ്വലമായ പാനല്‍ ചര്‍ച്ചകള്‍ ഉള്‍പ്പെടെ, 1900ത്തിലധികം ആക്റ്റിവിറ്റികള്‍ക്ക് നേതൃത്വം നല്കാന് ആഗോള പ്രശസ്തരായ രചയിതാക്കളെയും സര്‍ഗ പ്രതികളെയും ഒരു കുടക്കീഴില് കൊണ്ടുവരും.
15 രാജ്യങ്ങളില്‍ നിന്നുള്ള 139 പ്രസാധകര് അവരുടെ ഏറ്റവും പുതിയ പുസ്തക പ്രകാശനങ്ങളും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ശീര്‍ഷകങ്ങളും ഇവിടെ നടത്തും.
ഇത്തിസാലാത്ത് നോര്‍തേണ്‍ എമിറേറ്റ്സ് സിഇഒയും ജനറല്‍ മാനേജരുമായ
അബ്ദുല്‍ അസീസ് തര്യം, ഷാര്‍ജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടര്‍ റാഷിദ് അബ്ദുല്ല അല്‍ ഉബൈദ്, എസ്സിആര്‍എഫ് ജനറല്‍ കോഓര്‍ഡിനേറ്റര്‍ ഖൗല അല്‍ മുജൈനി, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കും പുറമെ എസ്ബിഎ സെയില്‍സ് മേധാവി ഡോ. മന്‍സൂര്‍ അല്‍ ഹസാനി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
ഷാര്‍ജയുടെ സാംസ്കാരിക പദ്ധതിയിലെ പുതിയ അധ്യായം
”മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും പത്നി ശൈഖാ ജവാഹിര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയും രചിച്ച ഒരു കഥയുടെ പുതിയ അധ്യായം ഇന്ന് ഞങ്ങള്‍ തുറക്കുന്നു. പുസ്തകങ്ങളുടെ ശക്തി ഓര്മിപ്പിച്ചതിലും നമ്മുടെ ഭാവി രൂപപ്പെടുത്തിയതിലും എമിറേറ്റിന്റെ സാംസ്കാരിക പദ്ധതിയിലെ ഒരു സ്തംഭം എടുത്തുകാട്ടുന്ന കഥയാണിത്.
”ഓരോ വര്‍ഷവും എസ്സിആര്‍എഫ് കാലയളവില്‍ യുവമനസ്സുകളിലെ അറിവിന്റെയും സര്‍ഗാത്മകതയുടെയും പ്രധാന നിക്ഷേപമായി ഈ ഫെസ്റ്റിവലിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കപ്പെടുന്നത് എനിക്ക് കാണാന്‍ കഴിയും. കുട്ടികളുടെ കൈകളും മനസ്സും കൊണ്ടാണ് രാഷ്ട്രങ്ങള്‍ കെട്ടിപ്പടുക്കുന്നതെന്ന് ഹിസ് ഹൈനസും ഹേര്‍ ഹൈനസും ഞങ്ങളെ പഠിപ്പിച്ചു. അതിനാല്‍, നമ്മുടെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവരുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനും വിശ്വസ്തരായ രക്ഷാധികാരികളാവാനും വഴിയൊരുക്കി നമ്മുടെ രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കാന്‍ എസ്സിആര്‍എഫ് നിക്ഷേപം നടത്തുന്നു. ഷാര്‍ജയുടെ സാംസ്കാരിക കാഴ്ചപ്പാടും നമ്മുടെ സമ്പന്നമായ അറബ് സംസ്കാരവും ഇവിടെ പ്രതിഫലിക്കപ്പെടുന്നു” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവ സമൂഹത്തിലെ നിക്ഷേപം
നന്നായി വിഭാവനം ചെയ്യപ്പെട്ട ഒരു ഇവന്റിന് ആതിഥേയത്വം വഹിക്കുന്നതില്‍ ആവേശമുണ്ടെന്ന് എസ്സിആര്‍എഫ് ജനറല്‍ കോര്‍ഡിനേറ്റര്‍ ഖൗല അല്‍ മുജൈനി അഭിപ്രായപ്പെട്ടു. ”കുട്ടികളുടെ സര്‍ഗാത്മകതയുടെയും ഭാവനയുടെയും സുസ്ഥിരത സൂചിപ്പിക്കാന്‍ ഞങ്ങള്‍ പുതിയ പതിപ്പിന്റെ ലോഗോയില്‍ കളിമണ്ണ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് അവര്‍ക്ക് പ്രയോജനപ്പെടുത്താനും പൂര്‍ണമായും ഉപയോഗിക്കാനും കഴിയും. അവരുടെ സ്വന്തം ലോകം സൃഷ്ടിക്കാനും അതിനെ ഉപയോഗിക്കാം” -ഖൗല വ്യക്തമാക്കി.
”എസ്സിആര്‍എഫിന്റെ പ്രമേയമായ ‘ക്രിയേറ്റ് ക്രിയേറ്റിവിറ്റി’ വഴി ഞങ്ങളുടെ യുവ സന്ദര്‍ശകരെ സ്വയം സ്രഷ്ടാക്കളായി പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവരുടെ സര്‍ഗ വൈഭവം ജ്വലിപ്പിക്കാന്‍ ലോകമെമ്പാടുമുള്ള അതിഥികള്‍ നയിക്കുന്ന 1,900ത്തിലധികം ബൗദ്ധിക സെഷനുകളും പ്രവര്‍ത്തനങ്ങളുമാണ് ഞങ്ങള്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഈ പ്രോഗ്രാം അജണ്ടയെ 1,140 കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍, 120 സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍, 130 കലാ പ്രകടനങ്ങള്‍, നാടക നിര്‍മാണങ്ങള്‍ എന്നിങ്ങനെയായി വേര്‍തിരിച്ചിരിക്കുന്നു. അറിവും പുസ്തകങ്ങളും അവരുടെ ഭാവി കെട്ടിപ്പടുക്കാനുള്ള ഉപകരണങ്ങളാണെന്ന് ഞങ്ങള്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു” -ഖൗല കൂട്ടിച്ചേര്‍ത്തു.
ബുക് സെല്ലേഴ്സ് കോണ്‍ഫറന്‍സ്
എസ്സിആര്‍എഫ് 2022ല്‍ മെയ് 15 മുതല്‍ 16 വരെ ബുക് സെല്ലേഴ്സ് കോണ്‍ഫറന്‍സ് ഒരുക്കുന്നു. ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണിത്. ഈ സമ്മേളനം ശക്തിപ്പെടുത്താനും മുന്നേറാനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ലോകമെമ്പാടുമുള്ള 200ലധികം വിതരണക്കാരെ എസ്ബിഎ ആസ്ഥാനത്തേക്ക് കൊണ്ടുവരും. വിജ്ഞാന സ്രോതസുകള്‍ പൊതുജനങ്ങളിലേക്കെത്തിക്കാന്‍ പ്രസിദ്ധീകരണ മേഖലയും വിതരണ ചാനലുകളും സജ്ജമാണ്.
രാജ്യാന്തര കലാകാരന്മാരുടെയും പ്രതിഭകളുടെയും സംഗമം
സംഗീത സംവിധായകനും ഗായകനുമായ താരിഖ് അല്‍ റാബിയും അദ്ദേഹത്തിന്റെ കുട്ടികളും പങ്കെടുക്കുന്ന ഒരു കച്ചേരിയില്‍ പങ്കെടുക്കാന്‍ ഏവര്‍ക്കും അവസരമുണ്ട്. ഈജിപ്ഷ്യന്‍ നടനും ഹാസ്യനടനുമായ മുഹമ്മദ് ഹിനദി, അമേരിക്കന്‍ ആനിമേറ്ററും ‘മിനിയന്‍സ്’, ‘ജുമാന്‍ജി’, ‘ടോയ് സ്റ്റോറി 2’ എന്നിവയുടെ സംവിധായകനുമായ കൈല്‍ ബാല്ഡയും മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്.
റോബോട്ട് സൂ
എട്ട് അനിമല്‍ റോബോട്ടുകളുടെയും 15 ഹാന്‍ഡ് ഓണ്‍ പ്രവര്‍ത്തനങ്ങളുടെയും പ്രദര്‍ശനമായ റോബോട്ട് മൃഗശാലയാണ് ഫെസ്റ്റിവല്‍ ഇതാദ്യമായി സംഘടിപ്പിക്കുന്നത്. ബ്രിട്ടനിലെ മാര്‍ഷല്‍ എഡിഷന്‍സ് വിഭാവനം ചെയ്ത് എഡിറ്റ് ചെയ്ത് രൂപകല്പന നിര്‍വഹിച്ച ‘ദി റോബോട്ട് സൂ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പ്രദര്‍ശനം. ഇത് ചെറിയ കുട്ടികള്‍ക്ക് മൃഗങ്ങളുടെ പെരുമാറ്റത്തെ കുറിച്ചുള്ള പുതിയ ഉള്‍ക്കാഴ്ചകളും രസകരമായ പ്രവര്‍ത്തനങ്ങളും നല്കുന്നു.
പ്രസാധകര്
ഈ വര്‍ഷം15 അറബ്, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 139 പ്രസാധകര്‍ക്ക് എസ്സിആര്‍എഫ് ആതിഥേയത്വം വഹിക്കുന്നു. 76 പ്രസാധകരുമായി യുഎഇയാണ് പട്ടികയില്‍ ഒന്നാമത്. ലബനാന് 15; ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ എന്നിവ ഏഴ് വീതം; യുണൈറ്റഡ് സ്റ്റേറ്റ്സ് അഞ്ച്. കുവൈത്ത്, ഖത്തര്‍, സുഡാന്, മൊറോക്കോ, ഇന്ത്യ, കാനഡ, സഊദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പ്രസാധകരും സാന്നിധ്യമറിയിക്കുന്നു.
ഇന്റര്‍നാഷണല്‍ അറബ് ഓഥേഴ്സ്
21 രാജ്യങ്ങളില്‍ നിന്നുള്ള 43 അന്താരാഷ്ട്ര അതിഥികള്‍ നയിക്കുന്ന 120 സാംസ്കാരിക പരിപാടികള്‍ ഫെസ്റ്റിവലിന്റെ അജണ്ടയില്‍ ഉള്‍പ്പെടുന്നു. അതിഥികള്‍ ഇവരാണ്: സ്പാനിഷ് എഴുത്തുകാരിയും ‘മീ ആന്റ് ദി വേള്‍ഡ്’ ഗ്രന്ഥകര്‍ത്രിയുമായ മിറിയ ട്രയസ് അതിഥിയായി പങ്കെടുക്കുന്നു. റാഡിയ ഹഫീസ, യാസ്മിന് റഹ്മാന്, കോബി യമദ , ക്ളെയര്‍ ലെ ഗ്രാന്‍ഡ്, ഷാന്‍ഡ മക്ളോസ്കി, കെന്‍ സ്പില്‍മാന്‍, ‘ആള്‍മാറാട്ട’ത്തിന്റെ ഇന്ത്യന്‍ രചയിതാവ് വിഭാ ബത്ര, ‘അമ്മച്ചിയുടെ കണ്ണട’യുടെ ഇന്ത്യന്‍ രചയിതാവ് പ്രിയ കുര്യന്.
ഈജിപ്തില്‍ നിന്നുള്ള അതിഥികളില്‍ മാധ്യമ പ്രവര്ത്തകന് ഖസ്വ അല്‍ ഖലാലി ഉള്‍പ്പെടുന്നു. ‘കാല് ഗ്രാമി’ന്റെ രചയിതാവ് ഇസ്സാം യൂസഫ്; ‘കോല് വാ ഹബാ’ന്റെ രചയിതാവ് ഉമര്‍ താഹിര്‍, ‘ഹിന്ദ് തസ്നാ അല്‍ ഹകായ’യുടെ രചയിതാവ് ഇഫ്ഫത്ത് ബറകത്ത് എന്നിവരുമെത്തുന്നു. ലബനാനില്‍ നിന്ന് 50 ബാലസാഹിത്യ കഥകളുടെ രചയിതാവ് ഡോ. താരിഖ് അഹമ്മദ് അല്‍ ബക്റിയും ഇറാഖില്‍ നിന്നുള്ള എഴുത്തുകാരായ ഫലാഹ് ഹാഷിം, ഇന്തിലാഖ് അലി എന്നിവരും ഫെസ്റ്റിവലില്‍ പങ്കെടുക്കും. റഷ്യ, പാകിസ്ഥാന്, ദക്ഷിണാഫ്രിക്ക, കെനിയ, കുവൈത്ത്, ജോര്‍ദാന്‍, സിറിയ, ബഹ്റൈന്‍, ഒമാന്‍, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രശസ്തരും ഫെസ്റ്റിവലില്‍ പങ്കെടുക്കും.
കുട്ടികളുടെ വര്‍ക്ഷോപ്
14 രാജ്യങ്ങളില്‍ നിന്നുള്ള 11 വിദഗ്ധരും സ്പെഷ്യലിസ്റ്റുകളും അവതരിപ്പിക്കുന്ന 1,140 ആക്റ്റിവിറ്റികളിലും ശില്പശാലകളിലും പങ്കെടുക്കാന്‍ യുവ വായനക്കാര്‍ക്ക് അവസരമുണ്ട്. 750 ശില്പശാലകളിലും 130 കലാ തിയ്യറ്റര്‍ ഷോകളിലും ഏറ്റവും ശ്രദ്ധേയമായത് ‘മാജിക് സ്കൂള്‍ ബസ്’, ‘മാജിക് ലാബ്’, ‘ദി മിസ്റ്റികല്‍ ഗാര്ഡന് ഐസ് സ്കേറ്റിംഗ്’, ‘ബ്രിക്ക് പീപ്പിള്‍’, ‘അക്ബര്‍ ദി ഗ്രേറ്റ് നഹി’, ‘റാഹെയും സെതൂറ’യും എന്നിവയാണ്.
‘കിഡ്സ് ഇന്‍ ആക്ഷന്‍’ വിഭാഗം അവതരിപ്പിക്കുന്നു
‘കിഡ്സ് ഇന്‍ ആക്ഷന്‍’ വിഭാഗം 3-5 വയസ് പ്രായമുള്ള കുട്ടികള്‍ക്കായി ഇത്തവണ തുറക്കുന്നതാണ്. അവിടെ 264 സര്‍ഗാത്മക-സംവേദന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകും.
കോമിക്സ് കോര്‍ണര്‍
ലോകമെമ്പാടുമുള്ള നിരവധി കലാകാരന്മാരുടെയും സര്‍ഗ പ്രതിഭകളുടെയും നേതൃത്വത്തില്‍ 100ലധികം ആക്റ്റിവിററികളിലൂടെ കോമിക്കിന്റെ ലോകം പര്യവേക്ഷണം ചെയ്യാന്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും അവസരമുണ്ടാകും.
സോഷ്യല്‍ മീഡിയ സ്റ്റേഷന്
ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളില്‍ ഉള്ളടക്കം സൃഷ്ടിക്കാനുപയോഗിക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിലേക്ക് വെളിച്ചം വീശുന്ന 25 വര്‍ക്ഷോപ്പുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന 12 ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കും സോഷ്യല്‍ മീഡിയ സ്റ്റേഷന് ആതിഥ്യമരുളും.
കുക്കറി കോര്‍ണര്‍
ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പ്രശസ്തരായ എട്ട് ഷെഫുകള്‍ അവതരിപ്പിക്കുന്ന 30ലധികം പാചക പ്രവര്‍ത്തനങ്ങളുമായി ജനപ്രിയ കുക്കറി കോര്‍ണര്‍ ഈ പതിപ്പിലുമുണ്ട്. യുകെയില്‍ നിന്നുള്ള സിയാറ ആറ്റ്വെല്, സാലി ബീ, യുഎസില്‍ നിന്നുള്ള ഡാരിയോ സ്റ്റീഫന്‍, സിറിയയില്‍ നിന്നുള്ള താബെറ്റ് ഷാം അല്‍ അസില്‍, ഈജിപ്തില്‍ നിന്നുള്ള നജ്ല ഷെര്ഷാബി, മലേഷ്യയില്‍ നിന്നുള്ള അനീസ് നബീല, ഫാറ്റിന ദാഹര്‍ (ലബനാന്), നിദാല്‍ അല്‍ ബ്രൈഹി (ജോര്‍ദാന്‍) എന്നിവരാണ് ഷെഫുമാര്‍.
ഷാര്‍ജ കുട്ടികളുടെ പുസ്തക ചിത്ര പ്രദര്‍ശനം
ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക് ഇലസ്ട്രേഷന് എക്സിബിഷന്റെ പത്താം പതിപ്പിന് എസ്സിആര്‍എഫ് ആതിഥേയത്വം വഹിക്കും. അവിടെ 23 വര്‍ക് ഷോപ്പുകളും 48 രാജ്യങ്ങളില്‍ നിന്നുള്ള 296 കലാകാരന്മാരും ചിത്രകാരന്മാരും അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും. കലാകാരന്മാരില് അറബ് രാജ്യങ്ങളില്‍ നിന്നുള്ള 77 പേരും ലോകമെമ്പാടുമുള്ള 219 പേരും ഉള്‍പ്പെടുന്നു.
‘ഉഫുഖ്’
കുട്ടികളുടെ അറബിയിലെ പുസ്തകങ്ങളുടെ വിഷ്വല്‍ ഉള്ളടക്കത്തെ പിന്തുണയ്ക്കാനും മെച്ചപ്പെടുത്താനുമുള്ള എസ്സിആര്‍എഫിന്റെ കാഴ്ചപ്പാടിനുസൃതമായി, ഈ വര്‍ഷത്തെ പതിപ്പ് 50ലധികം ഇമാറാത്തി, അറബ് പ്രസാധകരെയും ചിത്രകാരന്മാരെയും ചില്‍ഡ്രന്‍സ് ബുക് മേകേഴ്സ് പ്ളാറ്റ്ഫോമി(ഇഫുഖ്)ല്‍ ഒരുമിച്ച് കൊണ്ടുവരും. ലോകമെമ്പാടുമുള്ള അറബ് സംസാരിക്കുന്നവരെ ആകര്‍ഷിക്കാന്‍ കഴിവുള്ള ഉയര്‍ന്ന നിലവാരമുള്ള വിഷ്വല്‍ ഉള്ളടക്കം ഉള്‍ക്കൊള്ളുന്ന അറബിയിലെ കുട്ടികളുടെ പുസ്തകങ്ങള്‍ പ്രോത്സാഹിപ്പിക്കാനാണ് പ്ളാറ്റ്ഫോം ലക്ഷ്യമിടുന്നത്.
പോയട്രി നൈറ്റ് മത്സരം
യുവാക്കളുടെ കഴിവുകള്‍ വികസിപ്പിക്കാനും അറബി ഭാഷയോടുള്ള സ്നേഹം വളര്‍ത്താനുമുള്ള സമര്‍പ്പണത്തെ മാനിച്ച്, എസ്സിആര്‍എഫ് എസ്സിഎഫ്എയുമായി സഹകരിച്ച് ‘പോയട്രി നൈറ്റ’ സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. മത്സരം യുവ പ്രതിഭകളെ അവരുടെ പാരായണവും പൊതു പ്രകടന കഴിവുകളും വികസിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. പോയട്രി നൈറ്റ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 3000, 2000, 1000 ദിര്‍ഹം സമ്മാനം ലഭിക്കും.