13-ാമത് ഷാര്‍ജ കുട്ടികളുടെ വായനോത്സവം എക്‌സ്‌പോ സെന്ററില്‍ ഇന്നു മുതല്‍ 22 വരെ

7

മേഖലയിലെ ഏറ്റവും വലിയ കുട്ടികളുടെ വായനാ പരിപാടി, ലോകത്തിലെ ആദ്യ ബുക് സെല്ലേഴ്‌സ് കോണ്‍ഫറന്‍സ്, ഫ്യൂചറിസ്റ്റിക് റോബോട്ട് മൃഗശാല, ഊര്‍ജസ്വല സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ നിര


ഷാര്‍ജ: ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലി(എസ്‌സിആര്‍എഫ്)ന്റെ  പതിമൂന്നാം പതിപ്പിന് ഇന്ന് (മെയ് 11ന് ബുധനാഴ്ച) ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കം കുറിക്കുന്നു. കല, സാഹിത്യം, സംസ്‌കാരം എന്നിവയുടെ ഗംഭീരവും ആഴത്തിലുള്ളതുമായ അനുഭവം യുവ പ്രേക്ഷകരെയും രക്ഷിതാക്കളെയും പുസ്തക പ്രേമികളെയും കാത്തിരിക്കുന്നു. ഷാര്‍ജ ബുക് അഥോറിറ്റി (എസ്ബിഎ) വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഈ വര്‍ഷം ‘ക്രിയേറ്റ് ക്രിയേറ്റിവിറ്റി’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്.
യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെയും പത്‌നി ശൈഖാ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെയും രക്ഷാകര്‍തൃത്വത്തിലാണ് മേഖലയിലെ ഏറ്റവും വലിയ കുട്ടികളുടെ പുസ്തക-വായന മേളയായ എസ്‌സിആര്‍എഫ് നടക്കുന്നത്.
ഈ വര്‍ഷത്തെ ഊര്‍ജസ്വലമായ 12 ദിവസത്തെ അജണ്ടയില്‍ 1,140 കുട്ടികളുടെ ആക്റ്റിവിറ്റികളും 120 സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും 130 കലാപ്രകടനങ്ങളും നാടക നിര്‍മാണങ്ങളും ഉള്‍പ്പെടെ 1,900ത്തിലധികം പ്രോഗ്രാമുകള്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്രശസ്ത എഴുത്തുകാര്‍, കവികള്‍, പ്രസാധകര്‍, കലാകാരന്മാര്‍, സിന ിമാ അഭിനേതാക്കള്‍, പ്രചോദനാത്മക യുവ പ്രതിഭകള്‍, പാചക വിദഗ്ധര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ തുടങ്ങി പ്രാദേശികമായും അന്തര്‍ദേശീയമായും അംഗീകരിക്കപ്പെട്ട സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ ആവേശകരമായ ആക്‌ററിവിറ്റികള്‍ അവതരിപ്പിക്കും.


ഇത്തവണ ആദ്യമായി റോബോട്ട് മൃഗശാല ഉണ്ട്. ഇത് കാട്ടിലെ ജീവികളോട് സാമ്യമുള്ള എട്ട് മൃഗ റോബോട്ടുകളുടെ പ്രദര്‍ശനമാണ്. ലണ്ടന്‍ ആസ്ഥാനമായ പ്രസാധകരായ മാര്‍ഷല്‍ എഡിഷന്‍സിന്റെ ‘ദി റോബോട്ട് സൂ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി മൃഗങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് കൂടുതലറിയാന്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് വേണ്ടിയാണ് മൃഗശാല രൂപകല്‍പന ചെയ്തിരിക്കുന്നത്.
എസ്‌സിആര്‍എഫിന്റെ 13ാമത് എഡിഷന്റെ ഒരു പ്രധാന ഹൈലൈറ്റ്, ഉദ്ഘാടന ബുക് സെല്ലേഴ്‌സ് കോണ്‍ഫറന്‍സ് ആണ്. ഇത് ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ ഇവന്റാണ്. ഇത് 200ലധികം പ്രാദേശിക, അന്തര്‍ദേശീയ പുസ്തക വില്‍പനക്കാരെയും വിതരണക്കാരെയും പ്രസാധകരെയും നെറ്റ്‌വര്‍ക്കിലേക്ക് വിളിച്ചു കൂട്ടുകയും പുതിയ വിപണി അവസരങ്ങളും വ്യവസായത്തെ ശക്തിപ്പെടുത്താനുള്ള വഴികളും പര്യവേക്ഷണം ചെയ്യുകയും ചര്‍ച്ച നടത്തുകയും ചെയ്യും.


പാരമ്പര്യത്തിനനുസൃതമായി, 21 രാജ്യങ്ങളില്‍ നിന്നുള്ള 43 അന്തര്‍ദേശീയ രചയിതാക്കളുടെ ഒരു വന്‍ നിര തന്നെ എസ്‌സിആര്‍എഫ് അവതരിപ്പിക്കുന്നു. അവര്‍ 120 ആകര്‍ഷക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. പ്രമുഖ ഇമാറാത്തി എഴുത്തുകാരായ മറിയം അല്‍ മസ്‌റൂഇ, അസ്മ അല്‍ സറൂനി, ഫാത്തിമ സുല്‍ത്താന്‍ അല്‍ മസ്‌റൂഇ, മറ്റു പ്രമുഖ എഴുത്തുകാരായ റാഡിയ ഹഫീസ, ഉമര്‍ താഹിര്‍ എന്നിവരും ഉള്‍പ്പെടുന്നു.
ലോകമെമ്പാടുമുള്ള 15 രാജ്യങ്ങളില്‍ നിന്നുള്ള 139 പ്രസാധകര്‍ അവരുടെ സൃഷ്ടികള്‍ എസ്‌സിആര്‍എഫ് 2022ല്‍ പ്രദര്‍ശിപ്പിക്കും. ഉയര്‍ന്ന നിലവാരമുള്ള വിഷ്വല്‍ ഉള്ളടക്കമുള്ള അറബിക് കുട്ടികളുടെ പുസ്തകങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ചില്‍ഡ്രന്‍സ് ബുക് മേക്കേഴ്‌സ് പ്‌ളാറ്റ്‌ഫോ(ഉഫുഖ്)ല്‍ 50ലധികം ഇമാറാത്തികളെ ഒരുമിച്ച് കൊണ്ടുവരും. അറബ് പ്രസാധകരും ചിത്രകാരന്മാരും പങ്കെടുക്കും.
ഫെസ്റ്റിവല്‍ ഹാളുകള്‍ സര്‍ഗാത്മകതയാല്‍ സമൃദ്ധമായിരിക്കും. അറബ് ലോകത്ത് നിന്നും അതിനപ്പുറമുള്ള കലാ-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ സ്വാഗതം ചെയ്യുന്നു. അമേരിക്കന്‍ ആനിമേറ്ററും ‘മിനിയന്‍സ്’, ‘ജുമാന്‍ജി’, ‘ടോയ് സ്റ്റോറി 2’ എന്നീ ബ്‌ളോക്ക് ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനുമായ കൈല്‍ ബാല്‍ഡ ഉള്‍പ്പെടെ ഇറാഖില്‍ നിന്നുള്ള ചിത്രകാരന്‍ ഇന്‍തിലാഖ് അലി; കൂടാതെ ഈജിപ്ഷ്യന്‍ സിനിമയിലെ പ്രഗല്‍ഭനായ മുഹമ്മദ് ഹിനദി എന്നിവര്‍ കുട്ടികള്‍ക്കായുള്ള തന്റെ സാഹിത്യ കൃതികള്‍ക്കും പേരു കേട്ടതാണ്.


യുവ തലമുറയുടെ കലാ രംഗത്തുള്ള താല്‍പര്യവും ജിജ്ഞാസയും ഉണര്‍ത്താനായി നാല് തത്സമയ ഷോകളുടെയും രണ്ട് നാടക നാടകങ്ങളുടെയും 130ഓളം പ്രകടനങ്ങള്‍ അരങ്ങേറും. കാലാതീതമായ സ്‌കോളസ്റ്റിക് എജ്യുടെയ്ന്‍മെന്റ് പുസ്തക പരമ്പരയായ ‘ദി മാജിക് സ്‌കൂള്‍ ബസ്’, അതിശയകരമായ ‘ഐസ് സ്‌കേറ്റിംഗ് ഷോ’, ‘റൊമാന്റിക് ട്രാജഡി സെറ്റൂറ’  എന്നിവയും അതിലേറെ കാര്യങ്ങളും ഈ പ്രോഗ്രാമുകളില്‍ അവതരിപ്പിക്കുന്നു.
സിയാറ അറ്റ്‌വെല്‍, ഡാരിയോ സ്റ്റീഫന്‍ എന്നിവരുള്‍പ്പെടെ സെലിബ്രിറ്റി ഷെഫുകളും പാചക പുസ്തക രചയിതാക്കളും എക്കാലത്തെയും ജനപ്രിയമായ കുക്കറി കോര്‍ണറിനെ സജീവമാക്കും. മറ്റൊരു വാര്‍ഷിക ആകര്‍ഷണമായ സോഷ്യല്‍ മീഡിയ സ്‌റ്റേഷന്‍ 8 സ്വാധീനകരുടെയും ഉള്ളടക്ക സ്രഷ്ടാക്കളുടെയും നേതൃത്വത്തില്‍ 25 ഹാന്‍ഡ് ഓണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക ഇലസ്‌ട്രേഷന്‍ എക്‌സിബിഷന്റെ പത്താം പതിപ്പിനും എസ്‌സിആര്‍എഫ് ആതിഥേയത്വം വഹിക്കും. അവിടെ 23 ശില്‍പശാലകളും 48 രാജ്യങ്ങളില്‍ നിന്നുള്ള 296 കലാകാരന്മാരും ചിത്രകാരന്മാരും അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.
എസ്‌സിആര്‍എഫ് 2022ല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ രാത്രി 8 വരെ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. വെള്ളിയാഴ്ചകളില്‍ 4-9 മണി വരെ. ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയായിരിക്കും എസ്‌സിആര്‍എഫ്.