അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് 29-ാം എഡിഷന് ദുബൈയില്‍ തുടക്കം

4

ദുബൈ: മിഡില്‍ ഈസ്റ്റ് യാത്രാ വ്യവസായ മേഖലയിലെ ഏറ്റവും വലിയ ട്രാവല്‍-ടൂറിസം എക്‌സിബിഷനായ അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് (എടിഎം) 29-ാം എഡിഷന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടക്കമായി. ദുബൈ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് ഗ്രൂപ് സ്ഥാപകനും സിഇഒയും ദുബൈ വേള്‍ഡ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍മക്തൂം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വര്‍ഷം നടന്ന എടിഎമ്മിനെക്കാള്‍ 85 ശതമാനം അധികം സ്ഥലത്താണ് ഇത്തവണ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. എടിഎം 2022ല്‍ 158 ആഗോള ഇടങ്ങളില്‍ നിന്നുള്ള 1,500 പ്രദര്‍ശകര്‍ പങ്കെടുക്കുന്നുണ്ട്. മെയ് 12നാണ് പ്രദര്‍ശനം സമാപിക്കുക. എടിഎം വെര്‍ച്വല്‍ ഇവന്റ് മെയ് 17, 18 തീയതികളില്‍ നടക്കും.
‘രാജ്യാന്തര യാത്രയുടെയും ടൂറിസത്തിന്റെയും ഭാവി’ എന്ന ആശയത്തിലാണ് ഈ വര്‍ഷത്തെ എടിഎം സംഘടിപ്പിച്ചിരിക്കുന്നത്. 150ലധികം പ്രഭാഷകര്‍ പങ്കെടുക്കുന്ന 40 സമ്മേളനങ്ങളും എടിഎം ഷോയില്‍ നടക്കും.
ഇന്ത്യക്കും സഊദി അറേബ്യക്കും പ്രാധാന്യമുള്ള ബയര്‍ ഫോറങ്ങള്‍, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ വിദഗ്ധരുമായുള്ള തല്‍സമയ അഭിമുഖങ്ങള്‍, സ്‌പോര്‍ട്‌സിന്റെ ഭാവിയെ കുറിച്ച് ഡിബേറ്റുകള്‍, സിറ്റി-റെസ്‌പോണ്‍സിബ്ള്‍ ടൂറിസം, വിനോദ സഞ്ചാര നിക്ഷേപത്തെ കുറിച്ചുള്ള മിഡില്‍ ഈസ്റ്റ് സമ്മിറ്റ്, ആഡംബര യാത്രാ വിപണി എന്നിവ ഇതോടനുബന്ധിച്ച് നടക്കുന്നതാണ്.