കേന്ദ്ര ടൂറിസം മന്ത്രാലയം കേരളത്തിലടക്കം 500 വിശ്വകര്‍മ ഗ്രാമങ്ങള്‍ വികസിപ്പിക്കും

38

ദുബൈ: കേരളത്തില്‍ ഉള്‍പ്പടെ 500 വിശ്വകര്‍മ ഗ്രാമങ്ങള്‍ വികസിപ്പിക്കുമെന്ന് കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം അഡീഷനല്‍ ഡയറക്ടര്‍ രുപീന്ദര്‍ ബ്രാര്‍ വെളിപ്പെടുത്തി. ടൂറിസം മേഖലക്ക് കുതിപ്പേകാന്‍ നാഷനല്‍ ഡിജിറ്റല്‍ ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും ബ്രാര്‍ വ്യക്തമാക്കി. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റി(എടിഎം)ല്‍
ഇന്ത്യാ പവിലിയന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു ബ്രാര്‍.
കേരളത്തിലടക്കം ഇന്ത്യയിലാകെയാണ് 500 വിശ്വകര്‍മ ഗ്രാമങ്ങള്‍ വികസിപ്പിക്കുന്നത്. ഇവിടെ നടക്കുന്ന കര കൗശല വസ്തുക്കളുടെ നിര്‍മാണം ഉള്‍പ്പടെ കാണാന്‍ വിനോദ സഞ്ചാരികള്‍ക്ക് അവസരമൊരുക്കും. അതത് ഗ്രാമങ്ങളിലെ തനത് ഭക്ഷണവും ഇവിടെ രുചിക്കാം. മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക് ജീവിതോപാധി ഒരുക്കുന്നതിന് പുറമെ, പൈതൃകമായി കിട്ടിയ പല നിര്‍മാണ വിദ്യകളും നശിക്കാതെ സംരക്ഷിക്കാനും പദ്ധതി സഹായിക്കുമെന്ന് ബ്രാര്‍ ചൂണ്ടിക്കാട്ടി.
‘ഇന്‍ക്രെഡിബ്ള്‍ ഇന്ത്യ’ പോര്‍ട്ടല്‍ കൂടുതല്‍ സംവേദനക്ഷമമാക്കി ഉടന്‍ നവീകരിക്കും. വിനോദ സഞ്ചാര മേഖലയിലെ സ്ഥാപനങ്ങളെയും സംസ്ഥാന സര്‍ക്കാറുകളെയും ഒന്നിപ്പിച്ചുള്ള നാഷനല്‍ ടൂറിസം ഡിജിറ്റല്‍ മിഷന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം കമ്പനികള്‍, ഹോട്ടലുകള്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങി ആരോഗ്യ മന്ത്രാലയം ഉള്‍പ്പടെയുള്ളവയെ കോര്‍ത്തിണക്കിയാണ് മിഷന്‍ പ്രവര്‍ത്തിക്കുക. ഇതിനുള്ള പോര്‍ട്ടലുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഇതില്‍ ലഭ്യമാകും. അതോടൊപ്പം, വിരല്‍ തുമ്പില്‍ യാത്രക്കാവശ്യമായ ഒരുക്കങ്ങളും നടത്താം.
നാഷനല്‍ ടൂറിസം ഡിജിറ്റല്‍ മിഷന്‍ പ്രവര്‍ത്തനം അതിവേഗം പുരോഗമിക്കുകയാണെന്നും വിദേശത്തുള്‍പ്പടെയുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിനോദ സഞ്ചാരം നടത്താനും മറ്റും ഇത് കൂടുതല്‍ സഹായകമാകുമെന്നും കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് ഡയറക്ടര്‍ പ്രശാന്ത് രഞ്ജന്‍ പറഞ്ഞു.
ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ്, ഇന്ത്യന്‍ എകണോമിക് കോണ്‍സുല്‍ കെ.കാളിമുത്തു, ബോളിവുഡ് നടി രാകുല്‍ പ്രീത് സിംഗ്, ഗായിക ശ്വേതാ സുബ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ഈ മാസം 12 വരെ നടക്കുന്ന എടിഎം പ്രദര്‍ശനത്തില്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളും ഹോട്ടല്‍ ഗ്രൂപ്പുകളും അടക്കം ആകെ 18 സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നുണ്ട്.