ദുബൈ: തൃക്കാക്കരയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കി ജയം നേടാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് വടകര എംഎല്‍എ കെ.കെ രമ. ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ‘ഗ്രാമം’ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രമ വാര്‍ത്താസമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്.
സിപിഎം കോംപ്രമൈസ് രാഷ്ട്രീയത്തിലേക്ക് കൂപ്പു കുത്തിരിക്കുകയാണിന്ന്. മറ്റു പാര്‍ട്ടികള്‍ നേരത്തെ തന്നെ ഈ വിധത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും അതിനെയെല്ലാം എതിര്‍ത്തിരുന്ന സിപിഎം ഇന്ന് ആ പാതയിലാണെന്നതാണ് കാണേണ്ട കാര്യം. തൃക്കാക്കരയില്‍ മതമേലധ്യക്ഷന്മാരുടെ തിണ്ണ നിരങ്ങുകയാണ് ആ പാര്‍ട്ടി. വര്‍ഗീയ ഫാസിസത്തെ കൂട്ടു പിടിക്കുന്ന ബിജെപി രീതിയാണ് സിപിഎം പയറ്റുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ സ്ട്രാറ്റജി അതേ പടി പിന്തുടരുകയാണ് കേരളത്തില്‍ സിപിഎം. തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും കെ.റെയില്‍ അടക്കമുള്ള ജനവിരുദ്ധ നിലപാടിനെതിരായ പോരാട്ടത്തില്‍ അണിനിരക്കുമെന്നും അവര്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി നിര്‍ണയം പോലും സാമുദായികമായി നിശ്ചയിച്ച് സമൂഹത്തില്‍ അന്ത:ശ്ഛിദ്രം സൃഷ്ടിച്ച് എങ്ങനെയും ജയിക്കുക എന്ന ചീഞ്ഞളിഞ്ഞ പാര്‍ലമെന്ററി അവസരവാദത്തിലേക്ക് സിപിഎം പോയിക്കൊണ്ടിരിക്കുകയാണെന്നും രമ കുറ്റപ്പെടുത്തി.
സിപിഎമ്മിന്റെ സമുന്നത നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ടി.പിയുടെ കൊലപാതകം. കൊല്ലപ്പെട്ട ടി.പി ജീവിച്ചിരിക്കുന്നതിനെക്കാള്‍ ശക്തനാണ് എന്ന് പിന്നീടുള്ള സംഭവങ്ങളോരോന്നും തെളിയിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് പറയുമ്പോഴും, ഇന്നും കൊലപാതകികളെ സംരക്ഷിക്കാനും അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും പാര്‍ട്ടിയും മുന്നണിയും മുന്നോട്ടു വരുന്ന നിര്‍ലജ്ജമായ കാഴ്ചയാണ് കേരളത്തിലുള്ളത്. കൊന്നവരെ പിടികൂടിയെങ്കിലും കൊല്ലിച്ച മാസ്റ്റര്‍ ബ്രെയിനുകളെ ഇനിയും പിടികിട്ടിയിട്ടില്ല. അതിനു വേണ്ടി നീതിപീഠങ്ങളെ വീണ്ടും സമീപിക്കും. ടി.പി കേസില്‍ പ്രതികളായ കൊടി സുനി, കിര്‍മാനി മനോജ്, അനൂപ് എന്നിവര്‍ക്ക് വേണ്ടി ഹാജരായത് അഭിഭാഷകന് രാമന്‍പിള്ളയായിരുന്നു. അദ്ദേഹം തന്നെയാണ് നടിയെ ആക്രമിച്ച നിലവിലെ കേസിലെ പ്രതികള്‍ക്കായും ഹാജരാകുന്നത്. ടി.പി കേസിലെ നന്ദിയാണ് നടിയെ ആക്രമിച്ച കേസിലെ സര്‍ക്കാറിന്റെ പ്രതിഭാഗത്തോടുള്ള അനുകൂല നിലപാടിന് കാരണമായിട്ടുള്ളത് എന്നാണ് കരുതുന്നത്. നടിയെ ആക്രമിച്ച കേസ് എങ്ങുമെത്തിയിട്ടില്ല. കോടതിയില്‍ നിന്നു പോലും ദൃശ്യങ്ങള്‍ ചോര്‍ന്നു പോകുന്ന ഭയാനക സ്ഥിതിയാണുള്ളത്. ഹേമ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വിടേണ്ടന്നാണ് ഭരിക്കുന്നവരുടെ നിലപാട്. ഇക്കാര്യമാവശ്യപ്പെട്ട് താന്‍ നിയമസഭയില്‍ സബ്മിഷന് ഉന്നയിച്ചിരുന്നുവെന്നും രമ പറഞ്ഞു.
താര സംഘടന ‘അമ്മ’ അല്ല, എഎംഎംഎ ആണെന്നും, അങ്ങേയറ്റം പുരുഷ മേധാവിത്തമുള്ള സംഘടനയാണ് അതെന്നും പറഞ്ഞ രമ, സ്ത്രീകള്‍ മുമ്പെന്നത്തേക്കാള്‍ വലിയ പ്രയാസങ്ങളാണ് തൊഴിലിടങ്ങളില്‍ നേരിടുന്നതെന്നും ചൂണ്ടിക്കാട്ടി. സംഘി പൊലീസാണ് കേരളത്തിലുള്ളതെന്നും ലോക്കപ്പ് കൊലകള്‍ കേരളത്തില്‍ വര്‍ധിച്ചു വരുന്നുവെന്നും കെ.കെ രമ ആരോപിച്ചു. കേരളത്തില്‍ സിപിഎം നടത്തുന്ന ജനവിരുദ്ധ അവസരവാദ രാഷ്ട്രീയത്തിന് എതിരായ വിപുല ഐക്യ നിര ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അതിനായി പ്രവര്‍ത്തിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
എംഎല്‍എ ആയ ശേഷം പ്രവാസ ലോകത്ത് കെ.കെ രമ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ് യുഎഇയിലെ ടി.പി ചന്ദ്രശേഖരന് അനുസ്മരണം. എട്ടു വര്‍ഷം മുന്‍പ് ദുബൈയില്‍ നടന്ന ‘ഗ്രാമോല്‍സവം’ പരിപാടിയില്‍ അവര്‍ സംബന്ധിച്ചിരുന്നു.
രാജീവ് കുന്നംകുളം, എ.പി പ്രജിത്ത്, രാഗിഷ, സുജില്‍ മണ്ടോടി എന്നിവരും കെ.കെ രമക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.