ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പുതിയ വൈസ് പ്രസിഡന്റ്

ദുബൈ: ഛണ്ഡിഗഢില്‍ മെയ് 28ന് നടന്ന അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എഎഫ്‌ഐ)യുടെ വാര്‍ഷിക ജനറല്‍ കൗണ്‍സിലില്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിനെ പുതിയ വൈസ് പ്രസിഡന്റായി ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
നിലവില്‍ കേരള അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ്. കേരളത്തിന്റെ അത്‌ലറ്റിക്‌സ് മേഖലയില്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ അംഗീകരിച്ചു കൊണ്ടാണ് 2022ലെ ദേശീയ ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ചെയര്‍മാനായി ഡോ. അന്‍വര്‍ അമീനെ ഈ വര്‍ഷാദ്യം ദേശീയ അത്‌ലറ്റിക്‌സ് ബോഡി തെരഞ്ഞെടുത്തിരുന്നത്. ഫെഡറേഷന്‍ കപ്പിന്റെ ഗംഭീര വിജയം ഡോ. അന്‍വര്‍ അമീനും കെഎസ്എഎയുടെ മുഴുവന്‍ ടീമിനും തിളക്കമേറിയ ദേശീയ-അന്തര്‍ദേശീയ ബഹുമതികളാണ് നേടിക്കൊടുത്തത്.
നിലവില്‍ എഎഫ്‌ഐയുടെ കോര്‍ കമ്മിറ്റി അംഗമായ അദ്ദേഹം,
സമ്പന്നമായ അത്‌ലറ്റിക്‌സ് ടാലന്റ് പൂളിലും അതിന്റെ പൈതൃകത്തിലും രാജ്യത്തിന്റെ അഭിമാനമയുയര്‍ത്താനുള്ള അതുല്യ അവസരമായാണ് ഈ പുതിയ അംഗീകാരത്തെ കാണുന്നത്.
മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി എന്ന ചെറുപട്ടണത്തില്‍ നിന്നുള്ള ഡോ. അന്‍വര്‍ അമീന്‍ ചേലാട്ട് ദരിദ്രരുടെയും സാധാരണക്കാരുടെയും ഉന്നമനത്തിനായി സമൂഹത്തിന്റെ താഴെ തട്ടില്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വം കുടിയാണ്.
രാജ്യാന്തര പ്രശസ്ത ബിസിനസുകാരനായ ഡോ. അന്‍വര്‍ അമീന്‍ മിഡില്‍ ഈസ്റ്റിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ റീജന്‍സിയുടെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനം വഹിക്കുന്നു.
റീജന്‍സിയുടെ മുന്‍നിര റീടെയില്‍ ബ്രാന്‍ഡായ ഗ്രാന്‍ഡ് ഹൈപര്‍ മാര്‍ക്കറ്റുകളും സൂപര്‍ മാര്‍ക്കറ്റുകളും ജിസിസിയിലും ഇന്ത്യയിലുമുടനീളമുണ്ട്.
ചണ്ഡീഗഢില്‍ നടന്ന അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എജിഎമ്മില്‍ കേരള സ്റ്റേറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷന്‍ സെക്രട്ടറി പി.ഐ ബാബു, എഎഫ്‌ഐ ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. സക്കീര്‍ ഹുസൈന്‍ വി.പി എന്നിവരും പങ്കെടുത്തിരുന്നു.