ദുബൈ: യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നതായി വിപിഎസ് ഹെല്‍ത് കെയര്‍ ചെയര്മാന് & മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
രാഷ്ട്ര നിര്‍മ്മാണത്തിന് ശാശ്വത സംഭാവനകള്‍ നല്കിയ മഹത്തായ രാഷ്ട്ര തന്ത്രജ്ഞനും മാന്യനായ നേതാവുമായി അദ്ദേഹം എന്നും ഓര്‍മിക്കപ്പെടും.
2004ല്‍ പ്രസിഡന്റായി ചുമതലയേറ്റ ശൈഖ് ഖലീഫ ബിന്‍ സായിദ്, തന്റെ ജീവിതകാലം മുഴുവന്‍ കഴിവിന്റെ പരമാവധി ഉപയോഗപ്പെടുത്തി രാഷ്ട്രത്തെ സേവിച്ചു. രാഷ്ട്രത്തിനും ലോകത്തിനും തന്റെ പ്രിയപ്പെട്ട ജനതയ്ക്കും മികച്ച സംഭാവനകള്‍ നല്കിയ ദീര്‍ഘ വീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം.
സ്ഥാപക പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പാത പിന്തുടരുകയും ഒപ്പം, സഹവര്‍ത്തിത്വം, സഹിഷ്ണുത, നീതി, സമാധാനം എന്നിവയില്‍ ഊന്നിയ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി തന്റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്തു. യുഎഇയെ ലോകോത്തര ബിസിനസ്, സാംസ്കാരിക, സാങ്കേതിക കേന്ദ്രമാക്കി മാറ്റാന്‍ അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണം സഹായിച്ചു.
സഹാനുഭൂതിയുടെയും മാനവികതയുടെയും പ്രതീകമായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്. വലിയ മനുഷ്യ സ്നേഹിയായ അദ്ദേഹം മറ്റുള്ളവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ എന്നും പ്രതിജ്ഞാബദ്ധനായിരുന്നു. നേതൃത്വത്തിലിരിക്കുന്ന കാലത്ത് ലോകത്തിലെ ഏറ്റവും മാനുഷിക മൂല്യമുള്ള രാജ്യമായി യുഎഇ തെരഞ്ഞെടുക്കപ്പെട്ടതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ജീവിത കാലത്തുടനീളം അദ്ദേഹം പങ്കു വച്ച ദയയും അനുകമ്പയും നമ്മള് എല്ലാവരിലും മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാനവികതയുടെയും സഹിഷ്ണുതയുടെയും ദാനത്തിന്റെയും പാരമ്പര്യം വരും തലമുറകള്‍ക്ക് ശാശ്വതമായ ഓര്‍മപ്പെടുത്തലായിരിക്കും.
ദുഃഖത്തിന്റെ ഈ നിമിഷത്തില്‍ അഗാധമായ അനുശോചനം അറിയിക്കുന്നു. സര്‍വശക്തനായ അല്ലാഹു അദ്ദേഹത്തിന് നിത്യശാന്തി നല്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.